
അമേരിക്കയിലെ പൂജാരിയുടെ വരുമാനത്തെക്കുറിച്ച് ഒരു യുവതി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അമേരിക്കയിൽ താമസിക്കുന്ന ശാരിക യാദവ് എന്ന യുവതിയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ഒരു പണ്ഡിറ്റ് ജിക്ക് യുഎസ്സിൽ കിട്ടുന്ന തുകയെ കുറിച്ചും അവിടേക്ക് അവർക്ക് വരാനുള്ള വിസയെ കുറിച്ചും അറിയാൻ ഒരുപാടുപേർ താല്പര്യം കാണിക്കാറുണ്ട് എന്നും അതിനാലാണ് താൻ ഈ വീഡിയോ ഷെയർ ചെയ്യുന്നത് എന്നുമാണ് ശാരിക പറയുന്നത്. ശാരിക യാദവ് പറയുന്നത്, പണ്ഡിറ്റ്ജി വാങ്ങുന്ന തുക കേട്ടാൽ നിങ്ങൾ അമ്പരന്നു പോകും എന്നാണ്. പിന്നാലെ, ഓരോ പൂജയുടെയും തുകയും ശാരിക വിവരിക്കുന്നുണ്ട്.
സത്യനാരായണ പൂജയ്ക്ക് $300 - $350. അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 28,000 - 33,000 രൂപയാണ് വാങ്ങുന്നത്. ക്ഷേത്ര ഫീസ് ആയി $100 - $150 അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 10,000 - ₹15,000. ഗൃഹ പ്രവേശം, ശ്രാവണ മാസം, പുതിയ വാഹനം വാങ്ങുമ്പോൾ നടത്തുന്ന പൂജകൾ ഇവയ്ക്കൊക്കെയാണ് ആവശ്യക്കാർ ഏറെയും എന്നും ശാരിക യാദവ് പറയുന്നു. പുതിയ വാഹനം വാങ്ങുമ്പോൾ നടത്തുന്ന പൂജകൾക്ക് വേറെ തന്നെ നിരക്കാണ്. അതുപോലെ, അമേരിക്കയിലേക്ക് ഇവരെ വരാൻ സഹായിക്കുന്നത് R-1 വിസയാണ്. ഇതിനായി കൃത്യമായ മതപരമായ വിദ്യാഭ്യാസവും യോഗ്യതകളും ആവശ്യമാണ് എന്നും ശാരിക പറയുന്നു.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ശാരിക പറഞ്ഞതുപോലെ, വലിയ തുകയാണ് പൂജാരിമാർ വാങ്ങുന്നത് എന്നത് ചിലരെയെല്ലാം അമ്പരപ്പിച്ചിട്ടുണ്ട്. അതേസമയം തന്നെ, അമേരിക്കയിലെ വീട്ടുവാടക, ഇൻഷുറൻസ്, മറ്റ് ജീവിതച്ചെലവുകൾ എന്നിവ വളരെ കൂടുതലായതിനാൽ ഈ തുക അവിടുത്തെ ജീവിതസാഹചര്യങ്ങൾക്ക് അനുസരിച്ചുള്ളത് മാത്രമാണ്. അതുകൊണ്ട് തന്നെ ഡോളറിലെ വരുമാനത്തെ ഇന്ത്യൻ രൂപയിലേക്ക് മാറ്റി കണ്ട് അത് വലിയ ലാഭമാണെന്ന് വിലയിരുത്താനാകില്ല എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.