ജോലിസ്ഥലത്ത് ബഹുമാനവും, പ്രൊമോഷനും കിട്ടണോ? 3 ടിപ്സ്, പോസ്റ്റുമായി യുവാവ്

Published : Jul 26, 2026, 01:07 PM IST
viral video

Synopsis

20 -ാം വയസ്സിൽ ഞാൻ ജോലി ചെയ്യുമ്പോൾ ഒപ്പമുള്ളവരെല്ലാം എന്നേക്കാൾ 5 മുതൽ 10 വയസ്സ് വരെ മൂത്തവരായിരുന്നു. എന്നിട്ടും 15 മാസത്തിനുള്ളിൽ എനിക്ക് തുടർച്ചയായി മൂന്ന് പ്രൊമോഷനുകൾ ലഭിച്ചു.

പ്രായവും പദവിയും നോക്കിയാണോ ജോലിസ്ഥലത്ത് ഒരാൾക്ക് ബഹുമാനം കിട്ടുന്നത്? അല്ല എന്നാണ് മാരീജ് എന്ന കണ്ടന്റ് ക്രിയേറ്റർ പറയുന്നത്. നമ്മൾ ആശയവിനിമയം നടത്തുന്ന രീതി, ചോദ്യങ്ങളോട് പ്രതികരിക്കുന്നതും ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യുന്നതും എങ്ങനെ എന്നതൊക്കെ സഹപ്രവർത്തകർ നമ്മളെ എങ്ങനെ കാണുന്നു എന്നതിനെ കാര്യമായി സ്വാധീനിക്കുമെന്നാണ് യുവാവ് പറയുന്നത്. ചെറുപ്പക്കാരായ ജീവനക്കാർക്ക് കൂടുതൽ ആത്മവിശ്വാസം തോന്നാനും തൊഴിലിടത്തിൽ ബഹുമാനം നേടാനും സഹായിക്കുന്ന മൂന്ന് ശീലങ്ങളാണ് മാരീജ് പറയുന്നത്.

'മുറിയിലെ ഏറ്റവും പ്രായം കുറഞ്ഞ ആളാണെങ്കിൽ പോലും ജോലിസ്ഥലത്ത് ആളുകൾ നിങ്ങളെ ബഹുമാനിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് പറയാം. 20 -ാം വയസ്സിൽ ഞാൻ ജോലി ചെയ്യുമ്പോൾ ഒപ്പമുള്ളവരെല്ലാം എന്നേക്കാൾ 5 മുതൽ 10 വയസ്സ് വരെ മൂത്തവരായിരുന്നു. എന്നിട്ടും 15 മാസത്തിനുള്ളിൽ എനിക്ക് തുടർച്ചയായി മൂന്ന് പ്രൊമോഷനുകൾ ലഭിച്ചു' മാരീജ് പറയുന്നു. ഇതാണ് മാരീജിന്റെ 3 നിർദ്ദേശങ്ങൾ;

മറുപടി നൽകുന്നതിന് മുൻപ് രണ്ട് സെക്കൻഡ് നിശബ്ദത; ഒരു മാനേജറുടെ ചോദ്യത്തിന് ഉടൻ മറുപടി നൽകുന്നത് ഒഴിവാക്കുക. പകരം ജീവനക്കാർ രണ്ട് സെക്കൻഡ് നിശബ്ദരായിരുന്ന് ചോദ്യം മനസ്സിലാക്കി പ്രതികരിക്കണം. ഈ ചെറിയ ഇടവേള നിങ്ങൾ ആലോചിച്ച് മറുപടി നൽകുന്ന ആളാണെന്നും വികാരഭരിതമായി പെട്ടെന്ന് പ്രതികരിക്കുന്ന ആളല്ലെന്നും വ്യക്തമാക്കും. കൂടാതെ ഇത് നിങ്ങളുടെ ആത്മവിശ്വാസവും നിയന്ത്രണവും കാണിക്കും. പെട്ടെന്ന് വൈകാരികമായി പ്രതികരിക്കുന്നത് നിങ്ങളെ ബലഹീനനായി ചിത്രീകരിക്കും.

ആശയക്കുഴപ്പം ഒഴിവാക്കാൻ ജോലികൾ ആവർത്തിച്ചു പറയുക; 'തീർച്ചയായും', 'ശരി' എന്നിങ്ങനെ ഉടൻ സമ്മതം മൂളുന്നതിന് പകരം, തങ്ങൾക്ക് കിട്ടിയ നിർദ്ദേശം ശരിയായി മനസ്സിലായിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ആ ജോലിയും ഡെഡ്‌ലൈനും മാനേജറോട് തിരികെ ആവർത്തിച്ചു ചോദിക്കണം. 'ശരി, അപ്പോൾ റിപ്പോർട്ട് പൂർത്തിയാക്കി വ്യാഴാഴ്ചയ്ക്കകം ഫിനാൻസ് ടീമിന് അയക്കണം, ശരിയല്ലേ?' എന്നതാണ് ഉദാഹരണം. നിർദ്ദേശങ്ങൾ ഇങ്ങനെ ആവർത്തിച്ചു പറയുന്നത് ജീവനക്കാരൻ കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കുന്നുണ്ടെന്നും ജോലി വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കും.

ജോലി പൂർത്തിയാക്കിയ ശേഷം വിവരങ്ങൾ പങ്കുവെക്കുക; ഒരു ജോലി പൂർത്തിയാക്കിയ ശേഷം അപ്രത്യക്ഷനായി മറ്റ് ജോലികളിലേക്ക് കടക്കുന്നതിന് പകരം മാനേജറുമായി സംവദിക്കുക എന്നതാണ് അവസാന നിർദ്ദേശം. ജോലി കഴിഞ്ഞയുടൻ അപ്രത്യക്ഷമാകുന്നതിന് പകരം ആ പ്രക്രിയയിൽ നിന്ന് നിങ്ങൾ എന്താണ് പഠിച്ചതെന്ന് നിങ്ങളുടെ ബോസിനോടോ മാനേജറോടോ പറയുക. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. മികച്ച നിർദ്ദേശങ്ങൾ എന്നാണ് പലരും പ്രതികരിച്ചിരിക്കുന്നത്.

 

 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യക്കാരനെ കല്ല്യാണം കഴിച്ച ഇറ്റാലിയൻ യുവതി, കുടുംബത്തിൽ ഞെട്ടിച്ചത് ഈ 3 കാര്യങ്ങൾ
'കുറച്ചു വർഷം കൊണ്ട് പണമുണ്ടാക്കി മടങ്ങാനിരുന്നതാണ്, പക്ഷെ...'; എന്തുകൊണ്ട് അമേരിക്കയിൽ തുടരുന്നു, വീഡിയോ