
പഴം തിന്നുന്നതിന് പ്രത്യേകം രീതിയെന്തെങ്കിലും ഉണ്ടോ? എന്ത് രീതി അല്ലേ? എന്നാൽ, പഴം തിന്നുന്നതിന് ശരിയായ രീതിയും തെറ്റായ രീതിയും ഉണ്ട് എന്ന് പറയുകയാണ് ഒരു എറ്റികേയ്റ്റ് കോച്ച് (etiquette coach). ഫോർക്കും നൈഫും ഉപയോഗിച്ച് എങ്ങനെ ശരിയായ രീതിയിൽ പഴം കഴിക്കാം എന്നാണ് വില്യം ഹാൻസൺ പറയുന്നത്.
സാധാരണയായി തൊലി കളയുന്നു, പഴം തിന്നുന്നു, അങ്ങനെയാണ് നാമെല്ലാവരും ചെയ്യുന്നത് അല്ലേ? എന്നാൽ, വില്ല്യം പറയുന്നത് പ്രകാരം അത് ശരിയായ രീതിയല്ല. എങ്ങനെ ഒരു ടേബിളിൽ ഇരുന്ന് കൃത്യമായി, ശരിയായ രീതിയിൽ ഫോർക്കും നൈഫും ഉപയോഗിച്ച് പഴം കഴിക്കണമെന്നാണ് വില്ല്യം വിശദീകരിക്കുന്നത്.
വില്ല്യം പങ്കുവച്ചിരിക്കുന്ന വീഡിയോ ആളുകൾ രസകരമായിട്ടാണ് കണ്ടത്. ഒരു പഴം കഴിക്കുന്നതിനാണോ ഇത്രയും പെടാപ്പാട് എന്നാണ് പലരുടേയും സംശയം.
പ്രൈമേറ്റുകളെപ്പോലെ പഴം കടിച്ചുപറിച്ച് നേരെ തിന്നരുത് എന്നാണ് വില്ല്യം പറയുന്നത്. അതിനുപകരം ആദ്യം ഫോർക്ക് വച്ച് പഴം പിടിച്ച ശേഷം അതിന്റെ മുകൾ ഭാഗം നൈഫ് ഉപയോഗിച്ച് മുറിക്കുന്നത് കാണാം. പിന്നാലെ, പഴത്തിന്റെ മറ്റേ ഭാഗവും കത്തി ഉപയോഗിച്ച് മുറിക്കുകയാണ്. പിന്നീട് കത്തി ഉപയോഗിച്ച് പഴം വട്ടത്തിൽ ചെറിയ ഒരു കഷ്ണമായി മുറിച്ചെടുത്ത് കഴിക്കുന്നതാണ് കാണുന്നത്.
എന്തായാലും, വളരെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്. ഒരാൾ കമന്റ് നൽകിയിരിക്കുന്നത്, ഫോർക്കും നൈഫും ഉപയോഗിച്ച് എങ്ങനെയാണ് തേങ്ങ കഴിക്കുന്നത് എന്ന് പഠിപ്പിച്ച് തരാമോ എന്നാണ്.
എങ്ങനെ ഒരു ജെന്റിൽമാനെ പോലെ പാരാസെറ്റാമോൾ കഴിക്കാം എന്ന് പഠിപ്പിച്ച് തരുമോ എന്നായിരുന്നു മറ്റൊരു രസികൻ കമന്റ്. എന്തായാലും, ഇതുപോലെയുള്ള നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് കാഴ്ച്ചക്കാർ നൽകിയിരിക്കുന്നത്.