മകനെ കാണാൻ 20 ദിവസത്തേക്ക് അമ്മ തനിച്ച് യാത്ര പോകുന്നതിന്റെ വീഡിയോ പങ്കുവച്ച് മകൾ. റെയിൽവേ സ്റ്റേഷനിൽ വെച്ച് ഭാര്യയെ യാത്രയാക്കുന്ന അച്ഛന്റെ വികാരഭരിതമായ മൗനമാണ് എന്നാല്‍ സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നത്.

റെയിൽവേ സ്റ്റേഷനിൽ അമ്മയ്ക്കും അച്ഛനും ഒപ്പം നിൽക്കവെ ഒരു യുവതി പകർത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയത്തെ സ്പർശിക്കുന്നത്. ജാഗൃതി സഹായ് എന്ന യുവതിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ അമ്മ തന്റെ സഹോദരനെ കാണാൻ 20 ദിവസത്തേക്ക് ബെംഗളൂരുവിലേക്ക് പോകുന്ന വീഡിയോയാണ് ജാ​ഗൃതി പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ അമ്മ ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെന്നും ജാ​ഗൃതി വിശദീകരിക്കുന്നത് കാണാം. ഒരുപാട് കാലമായി അവർ ആ​ഗ്രഹിക്കുന്ന കാര്യമാണ് ഇത് എന്നും വീഡിയോയിൽ യുവതി പറയുന്നുണ്ട്.

പിന്നീട്, ജാ​ഗൃതിയുടെ അച്ഛന്റെ നേരെയും ക്യാമറ തിരിയുന്നു, ഭാര്യയില്ലാതെ എങ്ങനെ ജീവിക്കുമെന്നും അമ്മയെ മിസ്സ് ചെയ്യുമോ എന്നും ജാ​ഗൃതി അച്ഛനോട് ചോദിക്കുന്നതും കാണാം. എന്നാൽ, അച്ഛൻ മറുപടി ഒന്നും പറയുന്നില്ല. പകരം, അദ്ദേഹത്തിന്റെ മൗനത്തിൽ എല്ലാം ഉണ്ട്. നിമിഷങ്ങൾക്കുശേഷം, യുവതിയുടെ അമ്മ ട്രെയിനിൽ കയറുന്നു, അച്ഛൻ നിശബ്ദമായി അവരുടെ കൂടെ ട്രെയിൻ വരെ പോകുന്നതും അവർക്കൊപ്പം നിൽക്കുന്നതും കാണാം.

View post on Instagram

വീഡിയോയുടെ ക്യാപ്ഷനിൽ‌ ജാ​​​ഗൃതി പറയുന്നത്, ആദ്യമായിട്ടാണ് തന്‌‍റെ അമ്മ തനിച്ച് യാത്ര ചെയ്യുന്നത് എന്നാണ്. അതിനുള്ള ആ​ഗ്രഹം എക്കാലവും ഉണ്ടായിരുന്നു. വീട്ടിൽ എല്ലാവരുടെയും കാര്യങ്ങളെല്ലാം അമ്മ നോക്കി. എല്ലാവർക്കും വേണ്ടി കരുത്തുള്ള ഒരു തൂണായി അവർ നിന്നു. ഇന്നിപ്പോൾ അമ്മ തനിച്ച് യാത്ര ചെയ്യുകയാണ്. എപ്പോഴും പുതിയത് എന്തെങ്കിലും ചെയ്ത് നോക്കാൻ മാത്രം കരുത്തുള്ള ആളാണ് അവർ എന്നും ജാ​ഗൃതി പറയുന്നു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽ‌കിയത്. അച്ഛന്റെ ആ മൗനമാണ് തങ്ങളെ ആഴത്തിൽ സ്പർശിച്ചത് എന്ന് ഒരുപാടുപേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്.