
വിചിത്രമായ, ഇതുവരെ കണ്ടിട്ടില്ലാത്ത ഒരുകൂട്ടം കാര്യങ്ങൾ ചിലപ്പോൾ ഗൂഗിൾ മാപ്പി(Google Maps)ൽ പ്രത്യക്ഷപ്പെടാറുണ്ട്. ഫ്രാൻസിൽ ഒരു ഭീമൻ 'പാമ്പിന്റെ അസ്ഥികൂടം'(huge snake skeleton) കണ്ടെത്തിയേ എന്നും പറഞ്ഞൊരു വീഡിയോ അങ്ങനെ വൈറലാവുകയുണ്ടായി. ഇൻഡിപെൻഡന്റ് പറയുന്നതനുസരിച്ച്, @googlemapsfun എന്ന ടിക് ടോക്ക് അക്കൗണ്ടാണ് അങ്ങനെ കണ്ടെത്തിയ ഒരു വിചിത്രമായ അസ്ഥികൂടത്തിന്റെ വീഡിയോ പങ്കിട്ടത്. മാർച്ച് 24 -ന്, ഫ്രാൻസ് തീരത്ത് കണ്ടെത്തിയ ഭീമാകാരമായ പാമ്പിനെപ്പോലെയുള്ള ഒരു ജീവിയുടെ അസ്ഥികൂടമാണ് വീഡിയോയിൽ.
ഇതൊരു ഭീമൻ പാമ്പാണെന്നാണ് ഉപയോക്താക്കൾ വിശ്വസിക്കുന്നത്. ഇതിന് 30 മീറ്റർ നീളവും മുമ്പ് പിടികൂടിയ ഏതൊരു പാമ്പുകളേക്കാളും വലിപ്പവുമുണ്ട് എന്ന് അക്കൗണ്ടിൽ പറയുന്നു. പാമ്പിന്റെ അസ്ഥികൂടം വംശനാശം സംഭവിച്ച ടൈറ്റാനോബൊവ(Titanoboa) എന്ന ഭീമൻ പാമ്പിന്റേതായിരിക്കാം എന്നും ഈ അക്കൗണ്ട് പറയുകയുണ്ടായി.
വീഡിയോ TikTok -ൽ രണ്ട് മില്ല്യണിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ഏതായാലും ഗൂഗിൾ മാപ്പിൽ പാമ്പിന്റെ അസ്ഥികൂടമെന്ന് തോന്നിക്കുമെങ്കിലും അത് അങ്ങനെ തന്നെയാണ് എന്നതിന് ഉറപ്പൊന്നുമുണ്ടായിരുന്നില്ല. പിന്നീട്, സ്നോപ്സ് നടത്തിയ അന്വേഷണത്തിൽ, ഈ 'പാമ്പിന്റെ അസ്ഥികൂടം' യഥാർത്ഥത്തിൽ ലെ സെർപ്പന്റ് ഡി' ഓഷ്യൻ എന്നറിയപ്പെടുന്ന ഒരു വലിയ ലോഹ ശിൽപമാണെന്ന് കണ്ടെത്തി. ഫ്രാൻസിന്റെ പടിഞ്ഞാറൻ തീരത്താണ് 425 അടി ഉയരമുള്ള ഈ ശിൽപമുള്ളത്.
Estuaire ആർട്ട് എക്സിബിഷന്റെ ഭാഗമായി ലെ സെർപ്പന്റ് ഡി' ഓഷ്യൻ (Le Serpent d'Ocean) 2012 -ൽ അനാവരണം ചെയ്യപ്പെട്ടു. ചൈനീസ്-ഫ്രഞ്ച് കലാകാരനായ ഹുവാങ് യോങ് പിംഗ് ആണ് ഇത് സൃഷ്ടിച്ചതെന്ന് അറ്റ്‌ലസ് ഒബ്‌സ്‌ക്യൂറ പറയുന്നു.