വിമാനത്താവളത്തിൽ പൊട്ടിക്കരഞ്ഞ് 35 -കാരൻ, വിസയും പാസ്പോർട്ടും സകലതും വ്യാജം, പറ്റിക്കപ്പെട്ടത് പല തവണ

Published : Mar 09, 2026, 11:56 AM IST
viral video

Synopsis

തായ്‍ലാന്‍ഡിലേക്ക് വിമാനം കയറാനെത്തി, പാസ്പോര്‍ട്ടും വിസയും വ്യാജം. പല തവണ പറ്റിക്കപ്പെട്ട് തയ്യല്‍ക്കാരന്‍. പൊട്ടിക്കരയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.  

മെച്ചപ്പെട്ടൊരു ജീവിതം സ്വപ്നം കണ്ടാണ് പലരും കടം വാങ്ങിയും മറ്റും വിദേശത്തേക്ക് പോകുന്നത്. എന്നാൽ, അങ്ങനെ വിദേശത്തുപോയി രക്ഷപ്പെടാം എന്ന് സ്വപ്നം കണ്ട ഒരു സാധാരണക്കാരന്റെ ദയനീയാവസ്ഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ബംഗ്ലാദേശിലെ മണിക്ഗഞ്ച് സ്വദേശിയായ മുഹമ്മദ് ബാബുൽ ഹൊസൈൻ എന്ന 35 -കാരനായ തയ്യൽക്കാരനാണ് വീഡിയോയിൽ ഉള്ളത്. വിമാനത്താവളത്തിൽ വെച്ച് താൻ ചതിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞ് വിങ്ങിപ്പൊട്ടുന്ന യുവാവിനെയാണ് വീഡിയോയിൽ കാണുന്നത്. തായ്‌ലൻഡിലേക്കുള്ള വിസയും വിമാന ടിക്കറ്റും വ്യാജമാണെന്ന് എമിഗ്രേഷൻ ഉദ്യോഗസ്ഥർ അറിയിച്ചതോടെ ബാബുൽ തകർന്നു പോവുകയായിരുന്നു.

തന്റെ ചെറിയ തയ്യൽക്കടയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ബാബുൽ കുടുംബം പുലർത്തിയിരുന്നത്. എന്നാൽ, വലിയ ബുദ്ധിമുട്ടായതോടെ 2020 മുതൽ വിദേശത്ത് പോകാനുള്ള ശ്രമം ആരംഭിച്ചു. പക്ഷേ, പലരും ബാബുലിനെ ചതിച്ചു. 2021-ൽ ഒരാൾക്ക് 2.5 ലക്ഷം ടാക്ക (ഏകദേശം 1.8 ലക്ഷം ഇന്ത്യൻ രൂപ) നൽകിയെങ്കിലും വിദേശയാത്ര നടന്നില്ല, ആ പണം പോയി. പിന്നീട് സൗദി അറേബ്യയിലേക്ക് പോകാനായി 50,000 ടാക്ക മറ്റൊരാൾക്ക് നൽകി. അവിടെയും വിസ ലഭിച്ചില്ല. 2024-ൽ ബെലാറൂസിലേക്ക് പോകാനായി ഒരു ഏജൻസിയുമായി 7.5 ലക്ഷം ടാക്കയുടെ കരാറിൽ ഏർപ്പെട്ടു. മുപ്പതിനായിരത്തോളം ടാക്ക മുൻകൂർ നൽകുകയും ചെയ്തു. അതും തട്ടിപ്പായിരുന്നു.

 

 

ഇത്തവണ യൂട്യൂബ് ചാനൽ വഴിയാണ് സൊഹേൽ എന്നൊരാളെ ബാബുൽ പരിചയപ്പെടുന്നത്. തായ്‌ലൻഡിലെ 'ബിഡി ഫുഡ്' എന്ന കമ്പനിയിൽ മാസം 50,000 ടാക്ക ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്താണ് സൊഹേലും അഫ്രീദി എന്നൊരാളും ബാബുലിനെ സമീപിച്ചത്. ഇവരെ വിശ്വസിച്ച് 3.6 ലക്ഷം ടാക്ക (ഏകദേശം 2.7 ലക്ഷം ഇന്ത്യൻ രൂപ) പല ഘട്ടങ്ങളിലായി അയച്ചുനൽകുകയും ചെയ്തു. തന്റെ തയ്യൽക്കടയിലെ സാധനങ്ങൾ വിറ്റും നാട്ടുകാരിൽ നിന്നും കടം വാങ്ങിയുമൊക്കെയാണ് പണം ഒപ്പിച്ചത്. ഞായറാഴ്ച പുലർച്ചെ വിമാനത്തിൽ കയറാൻ ധാക്ക വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് തനിക്ക് ലഭിച്ച രേഖകളെല്ലാം വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. 'ഈ കടം ഞാൻ എങ്ങനെ വീട്ടുമെന്ന് എനിക്കറിയില്ല. ഞാൻ വിദേശത്തു പോകുകയാണെന്ന് നാട്ടിലെല്ലാവർക്കും അറിയാം. ഇനി വീട്ടിലേക്ക് തിരിച്ചുപോകാൻ പോലും എനിക്ക് ധൈര്യമില്ല' എന്നാണ് ബാബുൽ പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഏത് മനുഷ്യനും ഒന്ന് പിടഞ്ഞുപോകുന്ന നിമിഷം, 70 ലക്ഷം പേർ കണ്ട വീഡിയോ, കുഞ്ഞുജീവനെ ആദ്യമായി കയ്യിൽ വാങ്ങുന്ന ഒരച്ഛൻ
പുറത്തിറങ്ങുമ്പോൾ ആദ്യം നോക്കുന്നത് ഏത് വസ്ത്രം ധരിക്കണമെന്നല്ല, ഓട്ടോക്കൂലി; ബെം​ഗളൂരുവിൽ നിന്ന് യുവതി