
ടോക്കിയോ നഗരത്തിന്‍റെ ചിട്ടയെയും അച്ചടക്കത്തെയും കുറിച്ചുള്ള ഒരു ഇന്ത്യൻ സിഇഒയുടെ നിരീക്ഷണങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വോൾക്ലബ്ബിന്‍റെ സിഇഒയായ സുന്ദർദീപ് സിംഗ് ജപ്പാൻ തലസ്ഥാനത്ത് അടുത്തിടെ നടത്തിയ സന്ദർശനത്തെക്കുറിച്ചുള്ള തന്‍റെ അനുഭവം എക്സിൽ പങ്കുവെയ്ക്കവെയാണ് ഈ അഭിപ്രായ പ്രകടനം നടത്തിയത്. തന്‍റെ പോസ്റ്റിൽ, ടോക്കിയോയുടെ ശ്രദ്ധേയമായ ശുചിത്വം, പൗരബോധം എന്നിവയെ കുറിച്ച് സിംഗ് വാചാലനായി.
ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ ഒന്നായിരുന്നിട്ടും, ജാപ്പനീസ് തലസ്ഥാനം അതിശയകരമായ കൃത്യതയോടെയാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. തിരക്കേറിയ സമയങ്ങളിൽ പോലും ഗതാഗതക്കുരുക്കോ അനാവശ്യമായ തടസ്സങ്ങളോ ഉണ്ടായിരുന്നില്ല, ഇത് മികച്ച നഗര ഭരണത്തിന്‍റെയും പൊതുജന അച്ചടക്കത്തിന്‍റെയും സൂചനയാണെന്നും അദ്ദേഹം എഴുതുന്നു.
പഴയ വാഹനങ്ങൾ പോലും തെരുവുകളിൽ നന്നായി പരിപാലിക്കപ്പെടുന്നതിലും സിഇഒ മതിപ്പുളവാക്കി. ജപ്പാനിലെ കർശനമായ വാഹന നിയമങ്ങൾ പുതിയ കാറുകൾ വാങ്ങുന്നതിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുകയും പകരം പഴയ വാഹനങ്ങളുടെ കൃത്യമായ പരിപാലനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് കാരണം പഴയ കാറുകൾ പോലും പുതിയത് പോലെ കാണപ്പെടുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നഗരദൃശ്യത്തെക്കുറിച്ച് വിവരിക്കുമ്പോൾ, വൃത്തിയുള്ള റോഡുകൾ, ശുദ്ധവായു, മനോഹരമായി പരിപാലിക്കുന്ന പച്ചപ്പ് എന്നിവയെക്കുറിച്ച് സിംഗ് എടുത്തുപറഞ്ഞു. മറ്റ് പല നഗര കേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമായി, ടോക്കിയോയിലെ തെരുവുകൾ തെരുവ് കച്ചവടക്കാർ, ഫുഡ് കാർട്ടുകൾ, ഓട്ടോറിക്ഷകൾ എന്നിവയിൽ നിന്നും നഗരം മുക്തമാണ്. പ്രത്യേകമായിട്ടുള്ള സൈക്കിൾ പാതകൾ പരിസ്ഥിതി സൗഹൃദ ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നു, കൂടാതെ തെരുവ് വിളക്കുകൾ മുതൽ ട്രാഫിക് സംവിധാനങ്ങൾ വരെയുള്ള പൊതു അടിസ്ഥാന സൗകര്യങ്ങൾ തെറ്റുകൂടാതെ പ്രവർത്തിക്കുന്നു.
റോഡരികുകളിൽ രാഷ്ട്രീയ പോസ്റ്ററുകളും വലിയ പരസ്യ ബോർഡുകളും ഇല്ലാത്തത് അദ്ദേഹത്തിന്‍റെ ശ്രദ്ധ ആകർഷിച്ച മറ്റൊരു കാര്യമാണ്. പൊതു സൗകര്യങ്ങൾ മുതൽ തെരുവ് രൂപകൽപ്പന വരെ എല്ലാം അച്ചടക്കവും സൗന്ദര്യാത്മകതയും പ്രതിഫലിപ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സിംഗിന്‍റെ പോസ്റ്റ് വളരെ വേഗം ഇന്‍റർനെറ്റിൽ ശ്രദ്ധ നേടി. ടോക്കിയോയുടെ പൗരസംസ്കാരവും അച്ചടക്കവും പഠിക്കേണ്ട പാഠങ്ങളാണെന്ന് നിരവധി പേരാണ് അഭിപ്രായപ്പെട്ടത്.