'നാട്ടിൽ മൊത്തം അവസരങ്ങളല്ലേ?' ഇന്ത്യൻ യുവാക്കളോട് യുഎസിലേക്ക് വണ്ടി കയറേണ്ടെന്ന് ഇന്ത്യൻ ദമ്പതികൾ; വിമർശനം

Published : Aug 20, 2026, 08:14 AM IST
Indian couple in USA

Synopsis

യുഎസിൽ താമസിക്കുന്ന ഇന്ത്യൻ ദമ്പതികൾ വിദേശത്തേക്ക് പോകാനാഗ്രഹിക്കുന്ന യുവാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയിൽ ഇപ്പോൾ മികച്ച അവസരങ്ങൾ ലഭ്യമാണെന്നും കുടുംബത്തെയും സുഹൃത്തുക്കളെയും വിട്ടുപോകുന്നതിന്റെ വ്യക്തിപരമായ നഷ്ടം വലുതാണെന്നും അവർ പറയുന്നു. എച്ച്-1ബി1 വിസ പ്രശ്നങ്ങൾക്കിടെ ഇവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി.

വിദേശത്തേക്ക്, പ്രത്യേകിച്ച് യുഎസിലേക്ക് പഠനത്തിനും ജോലിക്കുമായി പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ യുവാക്കാൾ തീരുമാനം പുനഃപരിശോധിക്കണമെന്ന ഉപദേശവുമായി യുഎസിൽ കഴിയുന്ന ഇന്ത്യൻ ദമ്പതികൾ. ഇന്ത്യയിൽ തന്നെ ഇന്ന് മികച്ച അവസരങ്ങൾ ലഭ്യമാണെന്നും വിദേശജീവിതത്തിന് നൽകേണ്ട വ്യക്തിപരമായ വില വളരെ വലുതാണെന്നുമായിരുന്നു ഇതിന് കാരണമായി ദമ്പതികൾ പറഞ്ഞത്. യുഎസിലെ H-1B1 വിസയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്കിടെയുള്ള ദമ്പതികളുടെ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

'യുഎസിലേക്കാണോ? വരേണ്ട'

യുഎസിൽ താമസിക്കുന്ന ഇന്ത്യൻ വംശജരായ സുഹാസ്, പ്രിയങ്ക എന്നീ ദമ്പതികൾ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ദർശന എന്ന അക്കൗണ്ടിലൂടെ പങ്കുവെച്ച സ്ട്രീറ്റ് - സ്റ്റൈൽ അഭിമുഖത്തിലാണ് ഇക്കാര്യം പങ്കുവച്ചത്. അമേരിക്കയിലേക്ക് വരാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് എന്താണ് ഉപദേശമെന്നായിരുന്നു ഇവർ നേരിട്ട ചോദ്യം. പിന്നാലെ ഒട്ടും മടിക്കാതെ സുഹാസിന്‍റെ മറുപടി എത്തി. 'വരണ്ട'. പിന്നാലെ ഇന്ത്യയിലെന്താണ് പ്രശ്നമെന്നും സുഹാസ് ചോദിക്കുന്നതും കേൾക്കാം. ഒപ്പം, തങ്ങൾ യുഎസിലേക്ക് കുടിയേറിയ സമയത്തെ സാഹചര്യവും ഇന്നത്തെ സാഹചര്യവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് സുഹാസ് വിശദീകരിച്ചു. തങ്ങൾ യുഎസിലെത്തിയ കാലത്ത് ഇന്ത്യയിൽ മികച്ച ജോലി നേടുന്നതും നല്ല ജീവിതനിലവാരം ഉറപ്പാക്കുന്നതും ബുദ്ധിമുട്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അതേസമയം, അക്കാലത്ത് യുഎസിൽ മാസ്റ്റേഴ്സ് പഠനം പൂർത്തിയാക്കി ജോലി നേടുകയും ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുന്നത് താരതമ്യേന എളുപ്പമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

'നാട്ടിൽ മൊത്തം അവസരങ്ങളല്ലേ?'

എന്നാൽ, ഇപ്പോൾ ഇന്ത്യയിലും സമാനമായ അവസരങ്ങൾ ലഭ്യമാണെന്നായിരുന്നു സുഹാസിന്‍റെ അഭിപ്രായം. യുഎസിൽ എന്തു ചെയ്യുന്നോ അതെല്ലാം ഇന്ത്യയിലും ചെയ്യാമെന്ന നിലയിലേക്ക് ഇന്ത്യയിലെ സാഹചര്യങ്ങൾ മാറിയെന്നായിരുന്നു സുഹാസിന്‍റെ അഭിപ്രായം. ഇന്ത്യയിലേക്ക് വലിയ തോതിൽ നിക്ഷേപം എത്തുന്നതും നിരവധി നിക്ഷേപകർ ഇന്ത്യയിലേക്ക് തങ്ങളുടെ വ്യവസായം മാറ്റുന്നതും പ്രിയങ്ക ചൂണ്ടിക്കാട്ടി. വിദേശത്തേക്ക് പോകുന്നതിന്‍റെ മറ്റൊരു വശവും സുഹാസ് എടുത്തു പറഞ്ഞു. കുടുംബത്തെയും സുഹൃത്തുക്കളെയും വിട്ടുപോകേണ്ടി വരുന്നത്, പുതിയ നാട്ടിൽ പുതിയ ബന്ധങ്ങൾ സ്ഥാപിക്കേണ്ടി വരുന്നത്, സമൂഹത്തിൽ സ്വീകാര്യത നേടാനുള്ള ബുദ്ധിമുട്ട് എന്നിങ്ങനെയുള്ള വ്യക്തിപരമായ നഷ്ടങ്ങൾ കൂടി നമ്മൾ സഹിക്കേണ്ടിവരുമെന്നും സുഹാസ് ഓർമ്മപ്പെടുത്തുന്നു. യുഎസിൽ കഴിയുമ്പോഴും തനിക്ക് പൂർണമായും സ്വീകരിക്കപ്പെട്ടുവെന്ന തോന്നൽ ഉണ്ടായിട്ടില്ലെന്നും, അവസരം ലഭിച്ചാൽ ഇന്ത്യയിൽ തന്നെ ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും സുഹാസ് കൂട്ടിച്ചേർത്തു.

'ഇന്ത്യയിലെ കാര്യങ്ങൾ അറിഞ്ഞിട്ടില്ലേ?'

സുഹാസിന്‍റെ വീഡിയോ നിരവധി സമൂഹ മാധ്യമ ഹാന്‍റിലുകളിലേക്ക് പങ്കുവയ്ക്കപ്പെട്ടു. പിന്നാലെ സമൂഹ മാധ്യമങ്ങിൽ ഈ അഭിപ്രായങ്ങൾ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടു. എന്നാൽ, എല്ലാവർക്കും സുഹാസിന്‍റെ അനുഭവമായിരിക്കണമെന്നില്ലെന്നും കുടിയേറുമ്പോൾ ഇത്തരം വ്യക്തിപരമായ നഷ്ടങ്ങൾ സ്വാഭാവികമാണെന്നും ചിലർ ചൂണ്ടിക്കാട്ടി. ഇത്രയേറെ അവസരങ്ങളുണ്ടെങ്കിൽ പിന്നെ മറ്റേത് അവസരത്തിലാണ് തങ്കൾ നാട്ടിലേക്ക് തിരിച്ച് വരുന്നതെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ സംശയം. ഇന്ത്യയിലെ തൊഴിലില്ലായ്മയും സ്കൂളുകൾ അടച്ച് പൂട്ടുന്നതും വിദ്യാർത്ഥികൾ തെരുവിൽ സമരം ചെയ്യുന്നതും സുഹാസ് ഇനിയും അറിഞ്ഞിട്ടില്ലേയെന്നായിരുന്നു മറ്റൊരാളുടെ സംശയം.

PREV
Read more Articles on
click me!

Recommended Stories

'ജോലിയിലെ നിങ്ങളുടെ പ്രകടനം മാത്രം സംസാരിക്കട്ടെ'; കോർപ്പറേറ്റ് ലോകത്തെക്കുറിച്ചുള്ള ഇൻസ്റ്റാഗ്രാം വീഡിയോ ചർച്ചയാകുന്നു
ലിൻഡ്സെ ക്ലാൻസി കേസ്: കൈക്കുഞ്ഞുങ്ങളുമായി ടിക് ടോക് വീഡിയോകൾ ചെയ്യുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം, വീഡിയോ