
സ്ത്രീകളോട് ബഹുമാനത്തോടെ സംസാരിക്കുക, മാന്യമായി പെരുമാറുക എന്നതെല്ലാം ഏതൊരു മനുഷ്യനും പിന്തുടരേണ്ടുന്ന ഒരു സ്വഭാവം മാത്രമാണ്. എന്നാൽ, പല പുരുഷന്മാർക്കും അത് അറിയില്ല. എല്ലായിടത്തും ഇതുണ്ടെങ്കിലും ഒരു ഇന്ത്യക്കാരനായ യുവാവിന്റെ മോശം പെരുമാറ്റമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഏറ്റുവാങ്ങുന്നത്.
ചില രാജ്യങ്ങളിൽ ഇതിന് കർശനമായ ശിക്ഷ നേരിടേണ്ടി വരും. എന്നാൽ, ഇന്ത്യയിൽ ആളുകളിത് നിർബാധം ചെയ്യാറുണ്ട്. വത്തിക്കാൻ സിറ്റിയിൽ വച്ച് മറ്റൊരു രാജ്യക്കാരിയായ യുവതിയെ കമന്റടിക്കുന്ന യുവാവിനെയാണ് ഈ വീഡിയോയിൽ കാണുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്.
fem.social എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഇന്ത്യക്കാരായ പുരുഷന്മാരേ, നിങ്ങളുടെ സ്ത്രീവിരുദ്ധത പുറംരാജ്യത്തേക്കും ചുമക്കരുത്' എന്നാണ് വീഡിയോയ്ക്ക് മുകളിൽ എഴുതിയിരിക്കുന്നത്.
വീഡിയോയിൽ കാണുന്നത്, ഒരു യുവാവിനെയാണ്. അയാൾ ഒരു പാലത്തിന് മുകളിൽ നിൽക്കുന്ന യുവതിയോട് ചില പരാമർശങ്ങൾ നടത്തുന്നതും കാണാം. ഹിന്ദിയിലാണ് സംസാരിക്കുന്നത്. 'കുറേ നേരമായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു, ഇങ്ങോട്ട് വരൂ, ഫോട്ടോ എടുക്കാം' തുടങ്ങിയ കമന്റുകളാണ് യുവാവ് പറയുന്നത്. അയാൾ ചിരിക്കുന്നതും കാണാം. ആസ്വദിച്ചാണ് യുവാവ് അത് പറയുന്നത് എന്നും വീഡിയോയിൽ നിന്നും മനസിലാവും.
എന്തായാലും, വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'ഇത് സ്ത്രീകളെ അവഹേളിക്കുന്നതോ സ്ത്രീവിരുദ്ധമോ അല്ല, മനുഷ്യരോട് ബഹുമാനത്തോടെ പെരുമാറാൻ അറിയാത്തതിന്റെയാണ്' എന്ന് അഭിപ്രായപ്പെട്ടവരുണ്ട്. 'ഇത്തരം പെരുമാറ്റങ്ങൾ പൊതുവായി കാണുന്നതല്ല. എല്ലാ പുരുഷന്മാരും ഇങ്ങനെയല്ല' എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. 'ഇങ്ങനെ പെരുമാറുന്നത് മറ്റ് ഇന്ത്യക്കാരെ കൂടി അപമാനിക്കുന്നത് പോലെയാണ്' എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.