
സമൂഹ മാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുന്ന ഒരു വീഡിയോയിൽ, ഒരു പ്രാദേശിക ഐസ്ക്രീം കച്ചവടക്കാരൻ, തന്‍റെ ഐസ്ക്രീം കവർ ശരിയായ രീതിയിൽ കളയാൻ ഡസ്റ്റ്-ബിൻ ചോദിച്ച വിദേശ കസ്റ്റമറോട് അത് റോഡിൽ കളയാൻ പറയുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.
വീഡിയോ ദൃശ്യങ്ങളിൽ, വിനോദസഞ്ചാരി കവർ കളയാൻ ഒരു ബിൻ ആവശ്യപ്പെടുന്നു. എന്നാൽ, കടയുടമ അവരോട് "അത് റോഡിൽ ഇട്ടേക്കൂ" എന്ന് പറയുന്നു. ഇത് കേട്ട് അവർക്ക് അമ്പരപ്പുണ്ടാകുന്നത് വീഡിയോയിൽ ദൃശ്യമാണ്. തുടർന്ന് അവർ ആ കവർ കടയുടമയ്ക്ക് തിരികെ നൽകുന്നു. അപ്പോൾ അദ്ദേഹം അത് വാങ്ങി നിലത്തേക്ക് തന്നെ ഇടുന്നതും വീഡിയോയില്‍ കാണാം. തുടർന്ന് ആ സ്ത്രീ കടയുടെ ചുറ്റിനും റോഡിലുമായി വലിച്ചെറിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് കവർകളുടെ ഒരു നിരതന്നെ ചൂണ്ടിക്കാണിക്കുന്നതും വീഡിയോയില്‍ കാണാം. അതേസമയം വീഡിയോ എവിടെ നിന്നുള്ളതാണെന്നോ എപ്പോൾ ചിത്രീകരിച്ചതാണെന്നോ വീഡിയോയില്‍ പറയുന്നില്ല.
സമ്മിശ്ര പ്രതികരണം
അമീന ഫൈൻഡ്‌സ് എന്ന സമൂഹ മാധ്യമ അക്കൗണ്ടിൽ നിന്നുമാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. "എന്തുകൊണ്ടാണ് ചില ആളുകൾ ഇങ്ങനെ?" എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. ഈ പോസ്റ്റ് ഓൺലൈനിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. പല ഉപയോക്താക്കളും ഐസ്ക്രീം വിൽപനക്കാരന്‍റെ പെരുമാറ്റം അശ്രദ്ധവും പൗരബോധമില്ലാത്തതും ആണെന്ന് വിമർശിച്ചു. എന്നാൽ അതേസമയം തന്നെ മറ്റു ചിലർ അഭിപ്രായപ്പെട്ടത്, "അയാൾ ഇതെല്ലാം കൂടി പിന്നീട് ഒരുമിച്ച് കളയും, ആരും തങ്ങളുടെ കടയുടെ മുന്നിൽ ചവറ് സൂക്ഷിക്കില്ല" എന്നായിരുന്നു. കടയുടമ സ്വന്തം നിലയിൽ മാലിന്യം കൈകാര്യം ചെയ്യുന്നതിന്‍റെ ഭാഗമായിരിക്കാം ഇതെന്നും അവർ സൂചിപ്പിച്ചു. അതേസമയം ഇന്ത്യയില്‍ ഇങ്ങനെയാണ് ഇവര്‍ ആദ്യമായി അറിയുകയാണോ എന്നു ഇത്തരം സഞ്ചാരികളുടെ ലക്ഷ്യമെന്താണ് എന്നുമുള്ള ചോദ്യങ്ങളും ഉയർന്നു. ഏതായാലും വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ വിഷയം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി.