
വാരണാസിയിൽ നിന്നുള്ളൊരു ടൂർ ഗൈഡാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ മനം കവരുന്നത്. ഇവിടുത്തെ ഘാട്ടിലെത്തുന്ന വിനോദസഞ്ചാരികളെയും ആള് അമ്പരപ്പിക്കുക തന്നെയാണ്. ജപ്പാനിൽ നിന്നുള്ള ഒരു സംഘം വിനോദസഞ്ചാരികളോട് അവരുടെ തന്നെ ഭാഷയിൽ സംസാരിച്ചുകൊണ്ടാണ് ദീപ് എന്ന ടൂർ ഗൈഡ് അവരെ വിസ്മയിപ്പിച്ചിരിക്കുന്നത്. വെറുതെ സംസാരിക്കുകയല്ല, ജാപ്പനീസ് ഭാഷ വളരെ വേഗത്തിലും ഒഴുക്കോടെയുമാണ് ദീപ് സംസാരിക്കുന്നത്. ദീപിന്റെ വീഡിയോ ഇതിനോടകം തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു.
വൈറലായ വീഡിയോയിൽ, ജാപ്പനീസ് സഞ്ചാരികൾ ദീപിന് ടിപ്പ് നൽകാൻ ശ്രമിക്കുന്നതും കാണാം. എന്നാൽ, അദ്ദേഹം അത് സ്നേഹപൂർവ്വം നിരസിക്കുകയാണ്. 'പണം അത്ര പ്രധാനമല്ല, മനുഷ്യരാണ് പ്രധാനം' എന്നാണ് ദീപ് പറയുന്നത്. ഈ മറുപടിയും നെറ്റിസൺസിനെ ആകർഷിച്ചിട്ടുണ്ട്. എപ്പോഴാണ് ജാപ്പനീസ് ഭാഷ പഠിച്ചതെന്ന് ചോദിക്കുമ്പോൾ തന്റെ 15 -ാം വയസ്സിലാണ് ജാപ്പനീസ് ഭാഷ പഠിച്ചതെന്ന് ദീപ് സഞ്ചാരികളോട് പറയുന്നുണ്ട്. 'ഇത്രയും ദയയുള്ള ഒരാളെ കാണുന്നത് അത്ഭുതമാണ്. അദ്ദേഹം പണം വാങ്ങാൻ കൂട്ടാക്കിയില്ല, ഇവിടെ പോകുന്നവർ ദീപിനെ സമീപിക്കണം, അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ്' എന്നും വീഡിയോയുടെ ക്യാപ്ഷനിൽ കുറിച്ചിട്ടുണ്ട്.
1.2 മില്ല്യണിലധികം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി വന്നത്. ഇന്ത്യൻ ശൈലിയിലുള്ള ദീപിന്റെ ജാപ്പനീസ് സംസാരം കേൾക്കാൻ നല്ല രസമായിട്ടുണ്ട് എന്ന് ആളുകൾ പ്രതികരിച്ചു. അതേസമയം, 'ഇന്ത്യയിൽ ഒരുപാട് നല്ല ആളുകളുണ്ട്. എനിക്ക് വീണ്ടും അങ്ങോട്ട് പോകണം' എന്നാണ് ഒരു ജാപ്പനീസുകാരൻ കുറിച്ചത്. എന്തായാലും, ഇന്ത്യയുടെ അതിഥി ദേവോ ഭവ എന്ന് കരുതുന്ന ശീലത്തിന് ഉറപ്പായും ദീപ് ഒരു ഉദാഹരണം തന്നെയാണ്.