
വാദപ്രതിവാദങ്ങൾ, രസകരമായ നിമിഷങ്ങൾ, ഞെട്ടിക്കുന്ന ഇടപെടലുകൾ എന്നിവയുടെ ഒരു കേന്ദ്രമാണ് ദില്ലി മെട്രോ. അടുത്ത കാലത്തായി ദില്ലി മെട്രോയിൽ യാത്ര ചെയ്യുക എന്നാൽ സ്റ്റേഷനുകളിലും ട്രെയിൻ കോച്ചുകൾക്കുള്ളിലുമുള്ള നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ തയ്യാറെടുക്കുക എന്നാണ് അർത്ഥം. ചൂടേറിയ തർക്കങ്ങളിൽ ഏർപ്പെടുന്നവർ, രസകരമായ വീഡിയോകൾ നിർമ്മിക്കുന്ന ഉള്ളടക്ക സ്രഷ്ടാക്കൾ, സീറ്റിനായി വഴക്കിടുന്ന യാത്രക്കാർ...
ഇങ്ങനെ എവിടെ നോക്കിയാലും ദില്ലി മെട്രോ അടുത്തിടെയായി സംഭവബഹുലമാണ്. പലപ്പോഴും ഇത്തരം സംഭവങ്ങളുടെയൊക്കെ വീഡിയോ സമൂഹ മാധ്യമങ്ങളിലും വൈറലാകാറുമുണ്ട്. സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം ദില്ലി മെട്രോ സ്റ്റേഷനിൽ ചിത്രീകരിക്കപ്പെട്ട ഒരു വീഡിയോ ഏറെ പേരുടെ ശ്രദ്ധ നേടി. എന്നാൽ ആ വീഡിയോയുടെ ഉള്ളടക്ക സൃഷ്ടാക്കൾക്കെതിരെ രൂക്ഷവിമർശനവും ഉയരുകയാണ്.
വീഡിയോയുടെ തുടക്കത്തിൽ, ഒരു യുവതി മെട്രോ സ്റ്റേഷനിൽ നിൽക്കുന്നത് കാണാം. അപ്പോൾ പുറകിൽ നിന്നും ഒരാൾ വന്ന് അവരുടെ കാൽപാദത്തിൽ ഒരു കമ്പി കൊണ്ട് തൊടുന്നു. ഈ സമയം യുവതി ചൊറിയാനായി കാൽ പൊക്കുന്നു. ഇതിനിടെ ഇയാൾ യുവതിയുടെ ചെരിപ്പ് എടുത്ത് കൊണ്ട് പോകുന്നു. പിന്നീട് യുവതി തന്‍റെ ചെരിപ്പ് തിരയുന്നതും ആ സമയം ചെരിപ്പ് എടുത്ത യുവാവ് അത് ഫോൺ വിളിക്കുന്നത് പോലെ ചെവിയോട് അടുപ്പിച്ച് പിടിച്ച് കൊണ്ട് ഒന്നും അറിയാത്തത് പോലെ അവിടേക്ക് വരുന്നതുമാണ് വീഡിയോയിൽ.
ഈ വീഡിയോ തങ്ങൾ ബോധപൂർവം സൃഷ്ടിച്ചതാണെന്ന തോന്നൽ കാഴ്ചക്കാർക്ക് ഉണ്ടാകാതിരിക്കാൻ അതിന്‍റെ സൃഷ്ടാക്കൾ വളരെയേറെ ശ്രമിച്ചെങ്കിലും അതിദാരുണമായി പരാജയപ്പെട്ടുവെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടത്. മാത്രമല്ല ഇരുവരും അഭിനയിച്ച് കൊളമാക്കിയെന്നും നിരവധിപേർ വിമർശിച്ചു. ഇതോടൊപ്പം തന്നെ ദില്ലി മെട്രോയിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ തുടർച്ചയായി ആളുകൾ വീഡിയോ ചിത്രീകരണം നടത്തുന്നതിനെതിരെയും വലിയ വിമർശനങ്ങളാണ് ഉയരുന്നത്.