
ബ്രിട്ടനിലെ ഒരു തടാകത്തിന് സമീപം സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുകയായിരുന്ന ഇന്ത്യൻ യാത്രക്കാരോട് കൗമാരക്കാർ വംശീയ അധിക്ഷേപം നടത്തിയതായി ആരോപണം. സംഭവത്തിൽ പൊലീസ് ഇടപെട്ടതായും ഇന്ത്യൻ യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. രണ്ട് ഭാഗങ്ങളായി പങ്കുവെച്ച അനുഭവക്കുറിപ്പ് ഇപ്പോൾ വലിയ തോതിൽ ശ്രദ്ധ നേടുകയാണ്. നേരത്തെ അയർലൻഡിൽ ഇന്ത്യൻ വംശജർക്ക് നേരെ വലിയ തോതിലുള്ള അക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
@that_random_explorer എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് യാത്രക്കാരി തങ്ങൾക്ക് നേരിടേണ്ടി വന്ന അനുഭവം വിശദീകരിച്ചത്. ഏകദേശം 13 – 14 വയസ്സ് പ്രായമുള്ള അഞ്ച് - ആറ് കുട്ടികൾ തടാകത്തിൽ നീന്തിക്കൊണ്ടിരിക്കുകയായിരുന്നു. ഈ സമയം തടാക തീരത്ത് വിശ്രമിക്കുകയായിരുന്ന യാത്രക്കാരിയും ഭർത്താവും സുഹൃത്തുക്കളും വീഡിയോ ചിത്രീകരിക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് കുട്ടികൾ ഇവർക്കുനേരെ ചെളി വാരിയെറിയാൻ തുടങ്ങിയതെന്ന് യുവതി ആരോപിക്കുന്നു.
ആദ്യഘട്ടത്തിൽ കുട്ടികൾ തമാശ ചെയ്യുകയാണെന്ന് കരുതി അവഗണിച്ചെങ്കിലും ആക്രമണം തുടർന്നതോടെ നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ, ഇതോടെ കുട്ടികൾ വംശീയ പരാമർശങ്ങൾ നടത്തുകയായിരുന്നു. “നിങ്ങൾ മുസ്ലീങ്ങളാണ്” എന്ന തരത്തിലുള്ള പരാമർശം ഉണ്ടായതായി യുവതി ആരോപിക്കുന്നു. താനും സുഹൃത്തുക്കളും മുസ്ലീങ്ങളല്ലെന്നും, വിഷയം മതവുമായി ബന്ധപ്പെട്ടതല്ലെന്നും മറിച്ച് തങ്ങളെ ലക്ഷ്യമിട്ട് നടത്തിയ അധിക്ഷേപമാണെന്നും അവർ അവകാശപ്പെട്ടു. തുടർന്ന് ഭർത്താവ് പൊലീസിനെ വിളിച്ചു. ഫോൺ സംഭാഷണത്തിനിടെ കുട്ടികൾ വിളിച്ച് പറഞ്ഞ ചില വംശീയ പരാമർശങ്ങൾ പോലീസും വ്യക്തമായി കേട്ടു. ഇതോടെ സഹായത്തിനായി കാത്തിരിക്കാൻ പോലീസ് ആവശ്യപ്പെട്ടു. എന്നാൽ ഏതാണ്ട് ഒരു മണിക്കൂറോളം നേരം തങ്ങൾ പോലീസിനെ കാത്തിരുന്നെങ്കിലും ആരും എത്തിയില്ലെന്നും യുവതി കൂട്ടിച്ചേർക്കുന്നു. ഈ സമയമൊക്കെ കുട്ടികൾ വംശീയ പരാമർശം നടത്തുകയും ജൂസ് കുപ്പി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്നും ആരോപിച്ച യുവതി, പിന്നാലെ തങ്ങൾക്ക് അവിടെ നിന്നും മടങ്ങേണ്ടിവന്നെന്നും കൂട്ടിച്ചേർത്തു.
രാത്രി പത്ത് മണിയോടെ പൊലീസ് തങ്ങളെ ബന്ധപ്പെട്ടെന്ന് യുവതി മറ്റൊരു വീഡിയോയിൽ വിശദീകരിച്ചു. വംശീയാധിക്ഷേപം നടത്തിയ കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളുമായി സംസാരിച്ച് ശക്തമായ മുന്നറിയിപ്പ് നൽകിയതായി ഉദ്യോഗസ്ഥർ അറിയിച്ചെന്നും യുവതി കൂട്ടിച്ചേർത്തു. പരാതിയിൽ കോടതിയെ സമീപിക്കാനും കുട്ടികളെ വീട്ടിലേക്ക് നിയമപരമായ അറിയിപ്പ് കൈമാറാൻും പോലീസ് അവസരം തന്നെങ്കിലും കുട്ടികൾക്ക് നേരെ പ്രതികരം വേണ്ടെന്നായിരുന്നു തങ്ങളുടെ തീരുമാനമെന്നും യുവതി കൂട്ടിച്ചേർത്തു. വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സംഭവത്തെ അപലപിച്ചവരും പൊലീസ് ഇടപെടലിനെ പ്രശംസിച്ചും ചിലർ രംഗത്തെത്തി.