അമേരിക്കയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവതി വിദേശജീവിതം തങ്ങളുടെ മുൻഗണനകളെയും കാഴ്ചപ്പാടുകളെയും എങ്ങനെ മാറ്റിമറിച്ചുവെന്ന് പങ്കുവെക്കുന്നു. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് പോകാൻ പണം സ്വരൂപിച്ചവർ, ഇപ്പോൾ തിരികെ ഇന്ത്യയിലേക്ക് വരാൻ പണം സമ്പാദിക്കുന്നതിനെക്കുറിച്ചും വീഡിയോയിൽ പറയുന്നു.

വിദേശത്തേക്ക് പോകണമെന്ന ആഗ്രഹത്തോടെ ഇന്ത്യയിൽ നിന്ന് പണം സമ്പാദിച്ചിരുന്നവർ, അമേരിക്കയിലെത്തിയ ശേഷം ഇന്ത്യയിലേക്ക് തിരികെ പോകാനുള്ള യാത്രയ്ക്കായി പണം മാറ്റിവയ്ക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് അമേരിക്കയിൽ കഴിയുന്ന ഇന്ത്യൻ യുവതി. @american_desi_family എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് തന്നെ തുടക്കം കുറിച്ചു. വിദേശജീവിതം മനുഷ്യരുടെ മുൻഗണനകളും കാഴ്ചപ്പാടുകളും എങ്ങനെ മാറ്റുന്നുവെന്നതാണ് വീഡിയോയിലൂടെ അവർ ചൂണ്ടിക്കാട്ടുന്നു.

'അവിടെ നിൽക്കുമ്പോൾ ഇങ്ങോട്ട് വരണമെന്ന്, ഇവിടെ എത്തിയാൽ അങ്ങോട്ട് പോകാനും'

ഇന്ത്യയിൽ കഴിയുമ്പോൾ അമേരിക്കയിലെത്താനായിരുന്നു പണം സ്വരൂപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അമേരിക്കയിൽ കഴിയുമ്പോൾ ഇന്ത്യയിലേക്ക് തിരിച്ച് പോകുന്നതിനെ കുറിച്ചാണ് ചിന്ത. അതിനായി പണം സമ്പാദിക്കുന്ന തിരക്കിലാണ് എല്ലാവരുമെന്നും അവർ ചൂണ്ടിക്കാട്ടി. ഭക്ഷണകാര്യത്തിലും ഈ മാറ്റം വ്യക്തമാണ്. ഇന്ത്യയിൽ കഴിയുമ്പോൾ വാരാന്ത്യങ്ങളിൽ പിസയും ബർഗറും കഴിക്കാനായിരുന്നു ആഗ്രഹം. എന്നാൽ, അമേരിക്കയിലെത്തിയതോടെ ഓരോ വാരാന്ത്യത്തിലും ഇന്ത്യൻ ഭക്ഷണം ലഭിക്കുന്ന റെസ്റ്റോറന്റുകൾ തേടി നടക്കുന്ന അവസ്ഥയാണെന്നും യുവതി പറയുന്നു.

View post on Instagram

തീർന്നില്ല, സ്വകാര്യതയെക്കുറിച്ചുള്ള കാഴ്ചപ്പാടിലും സമാനമായ മാറ്റമുണ്ടായെന്നാണ് അവരുടെ നിരീക്ഷണം. ഇന്ത്യയിൽ കഴിയുമ്പോൾ സ്വന്തം ആളുകളിൽ നിന്ന് അൽപ്പം അകന്ന് സ്വകാര്യത ആഗ്രഹിച്ചിരുന്നു. എന്നാൽ അമേരിക്കയിലെത്തിയപ്പോൾ അപരിചിതർക്കിടയിൽ സ്വന്തം നാട്ടുകാരെയും പരിചിതരായ ആളുകളെയും തേടുന്ന അവസ്ഥയാണെന്നും അവർ പറയുന്നു. “അകലം കാഴ്ചപ്പാടുകളെ മാറ്റുന്നു” എന്ന ആശയമാണ് വീഡിയോയുടെ പ്രധാന സന്ദേശം. നാട്ടിൽ കഴിയുമ്പോൾ സാധാരണയായി തോന്നുന്ന ഭക്ഷണം, ആളുകൾ, സാമൂഹിക ബന്ധങ്ങൾ, പരിചിതമായ അന്തരീക്ഷം എന്നിവ വിദേശത്ത് കഴിയുമ്പോഴാണ് കൂടുതൽ വിലമതിക്കുന്നതെന്നും വീഡിയോ ചൂണ്ടിക്കാട്ടുന്നു.

'എത്ര ശരി'യെന്ന് കാഴ്ചക്കാർ

വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ നിരവധി പേരുടെ പ്രതികരണങ്ങളാണ് ലഭിച്ചത്. “ഇത് വളരെ കൃത്യമാണ്”, “വിദേശത്ത് കഴിയുന്നവരുടെ അനുഭവം ഇതുതന്നെ”, “ദൂരം നിങ്ങളുടെ കാഴ്ചപ്പാടിനെ ശരിക്കും മാറ്റുന്നു.” , “നമ്മൾ എപ്പോഴും പിന്നിൽ ഉപേക്ഷിക്കുന്നത് നമുക്ക് നഷ്ടമാകും.”, “നിങ്ങൾ വിദേശത്ത് താമസിക്കുമ്പോൾ ഇന്ത്യ വ്യത്യസ്തമായി തോന്നുന്നു.” , “ഇത് വീട്ടിൽ നിന്ന് അകലെയുള്ള ജീവിതത്തെ കൃത്യമായി പകർത്തുന്നു.” തുടങ്ങിയ പ്രതികരണങ്ങളാണ് ഉപയോക്താക്കൾ പങ്കുവെച്ചത്.