വിദേശ രാജ്യങ്ങളിലെ ഉയർന്ന ശമ്പളം ഇന്ത്യൻ രൂപയിലേക്ക് നേരിട്ട് മാറ്റുന്നത് യഥാർത്ഥ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തില്ലെന്ന് ഫിൻലൻഡിലുള്ള ഇന്ത്യൻ വംശജൻ പറയുന്നു. യൂറോപ്പിലെ ഉയർന്ന ജീവിതച്ചെലവും വാങ്ങൽശേഷിയും (Purchasing Power Parity) പരിഗണിക്കാതെ ശമ്പളത്തെ വിലയിരുത്തുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നും അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കുന്നു.
വിദേശരാജ്യങ്ങളിലെ ഉയർന്ന ശമ്പളം ഇന്ത്യൻ രൂപയിലേക്ക് നേരിട്ട് മാറ്റി നോക്കി വലിയ വരുമാനമെന്ന് വിലയിരുത്തരുതെന്ന് ഫിൻലൻഡിൽ കഴിയുന്ന ഇന്ത്യൻ വംശജൻ. അത്തരമൊരു സാമ്പത്തിക വിലയിരുത്തൽ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സാധാരണയായി വിദേശത്ത് ലഭിക്കുന്ന ശമ്പളത്തെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലേക്ക് പരിവർത്തനം ചെയ്ത് നോക്കുന്നത് ഒരു പൊതുസ്വഭാവമാണ്. എന്നാൽ അത് യഥാർഥ്യവുമായി ബന്ധമില്ലെന്നാണ് വീഡിയോയിൽ അവകാശപ്പെടുന്നത്.
കറൻസി മൂല്യമല്ല, വാങ്ങൽ ശേഷി
യൂറോപ്പിലെ ഉയർന്ന ജീവിതച്ചെലവും യഥാർഥ വാങ്ങൽശേഷിയും വിശദീകരിച്ചുക്കൊണ്ടാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്. ഇൻസ്റ്റഗ്രാമിൽ @sharedtales_journal എന്ന അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. നിലവിലെ വിനിമയ നിരക്കനുസരിച്ച് ഒരു യൂറോയ്ക്ക് ഏകദേശം 110 രൂപ ലഭിക്കുന്ന സാഹചര്യത്തിൽ, 1,500 യൂറോ ശമ്പളം ഏകദേശം 1.5 ലക്ഷം രൂപയാണെന്ന് തോന്നാം. എന്നാൽ, ഇത്തരത്തിൽ കറൻസിയെ നേരിട്ട് പരിവർത്തനം ചെയ്യുന്നത് കൊണ്ട് ഒരു രാജ്യത്തെ ശമ്പളത്തിന്‍റെ യഥാർഥ മൂല്യം വ്യക്തമാക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഇതിനായി അദ്ദേഹം ദൈനംദിന ചെലവിന്‍റെ മറ്റൊരു ഉദാഹരണം നൽകുന്നു. യൂറോപ്പിൽ 100 യൂറോ ഉപയോഗിച്ച് പരമാവധി ഒന്നോ രണ്ടോ ദിവസത്തെ ചെലവുകൾ മാത്രമേ നടത്താനാകൂവെന്ന് വീഡിയോയിൽ അവകാശപ്പെടുന്നു. അതേസമയം, അതേ 100 യൂറോ ഉപയോഗിച്ച് ഇന്ത്യൻ രൂപയിൽ ഏകദേശം 10,000 മുതൽ 11,000 വരെയാകുമ്പോൾ ഇന്ത്യയിൽ രണ്ടാഴ്ചത്തേക്കുള്ള പലചരക്ക് സാധനങ്ങൾ വാങ്ങാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
വാങ്ങൽശേഷിയും ജീവിതച്ചെലവും പ്രധാനം
ഇവിടെയാണ് Purchasing Power Parity (PPP) അഥവാ വാങ്ങൽശേഷി സമത്വം പ്രസക്തമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു രാജ്യത്ത് ലഭിക്കുന്ന ശമ്പളത്തെ മറ്റൊരു രാജ്യത്തെ കറൻസിയിലേക്ക് മാറ്റി മാത്രം താരതമ്യം ചെയ്യുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നും യഥാർഥ വിലയിരുത്തലിന് പ്രാദേശിക ജീവിതച്ചെലവും പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫിൻലൻഡിൽ 1,500 യൂറോ അല്ലെങ്കിൽ 2,000 യൂറോ ശമ്പളമുണ്ടെന്ന് കേൾക്കുമ്പോൾ അത് 2 ലക്ഷമോ 2.5 ലക്ഷം രൂപയോയായി തോന്നാമെങ്കിലും, വാടക, ഭക്ഷണം, ഗതാഗതം തുടങ്ങിയ ചെലവുകൾ കണക്കിലെടുക്കുമ്പോൾ യഥാർഥ സാമ്പത്തിക സാഹചര്യം വ്യത്യസ്തമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. വിദേശ ജോലിയുടെ ശമ്പളം വിലയിരുത്തുമ്പോൾ വിനിമയ നിരക്കിനേക്കാൾ വാങ്ങൽശേഷിയും ജീവിതച്ചെലവും പ്രധാനമാണെന്ന ചർച്ചയ്ക്കാണ് വീഡിയോ വഴിതുറന്നത്.


