'ക്ഷമിക്കണം, ഞാൻ നിങ്ങളുടെ കാറിലിടിച്ചു; വാഹനത്തിലൊരു കുറിപ്പ്, ബസ് ഡ്രൈവറുടെ സത്യസന്ധത, പ്രശംസിച്ച് യുവതി

Published : Jun 28, 2026, 04:07 PM IST
viral post

Synopsis

അബദ്ധത്തില്‍ കാറിലിടിച്ചു, കുറിപ്പെഴുതി വച്ച് ബസ് ഡ്രൈവര്‍. സഹായം വാഗ്ദ്ധാനം ചെയ്ത് അപരിചിതനും. ഹൃദയം തൊടുന്ന അനുഭവം പങ്കുവച്ച് ന്യൂസിലാന്‍ഡില്‍ നിന്നും ഇന്ത്യന്‍ യുവതി. 

അബദ്ധത്തിൽ കാറിലിടിച്ച് കേടുപാടുകൾ വരുത്തിയ ബസ് ഡ്രൈവറുടെ സത്യസന്ധതയും, ഒപ്പം ഒരു അപരിചിതൻ കാണിച്ച കരുണയും പങ്കുവയ്ക്കുകയാണ് ന്യൂസിലൻഡിലെ ഒരു ഇന്ത്യൻ യുവതി. മനുഷ്യത്വത്തിലുള്ള തന്റെ വിശ്വാസം വീണ്ടെടുക്കാൻ സഹായിച്ച ഈ അപൂർവ്വ അനുഭവം ശ്രീയ ഗുപ്തെ എന്ന യുവതി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം വാർത്തയായതും സോഷ്യൽ മീഡിയയിൽ വൈറലായതും.

ന്യൂസിലൻഡിൽ താമസിക്കുന്ന ശ്രീയ, രാവിലെ തന്റെ സർവകലാശാലയ്ക്ക് സമീപമാണ് കാർ പാർക്ക് ചെയ്തിരുന്നത്. വൈകുന്നേരം അഞ്ച് മണിയോടെ തിരിച്ചെത്തിയപ്പോൾ കാറിന്റെ വിൻഡ്ഷീൽഡ് വൈപ്പറിന് അടിയിൽ ഒരു കുറിപ്പ് ഇരിക്കുന്നത് കണ്ട് അവർ ആദ്യം പരിഭ്രാന്തയായി. 'ക്ഷമിക്കണം, ഞാൻ നിങ്ങളുടെ കാറിലിടിച്ചു' എന്നായിരുന്നു അതിൽ എഴുതിയിരുന്നത്. ഇതൊരു 'ഹിറ്റ്-ആൻഡ്-റൺ' (ഇടിച്ചിട്ട് നിർത്താതെ പോയ) കേസ് ആയിരിക്കുമെന്നാണ് താൻ കരുതിയതെന്ന് ശ്രീയ വീഡിയോയിൽ പറയുന്നു. എന്നാൽ, ആ കുറിപ്പിൽ അപകടത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ബസ് ഡ്രൈവർ തന്റെ പേരും ഫോൺ നമ്പറും നൽകിയിരുന്നു. കൂടാതെ വാഹനത്തിന്റെ കേടുപാടുകൾ പരിഹരിക്കുന്നതിനായി ബസ് ഡിപ്പോയുമായി ബന്ധപ്പെടാനും അദ്ദേഹം ആവശ്യപ്പെട്ടു.

ഡ്രൈവറുടെ ഈ സത്യസന്ധത ശ്രീയയെ അത്ഭുതപ്പെടുത്തിയെങ്കിലും, തൊട്ടുപിന്നാലെ കണ്ട മറ്റൊരു കാഴ്ചയാണ് അവരുടെ മനസ്സ് നിറച്ചത്. അപകടം നേരിട്ട് കണ്ട ഒരു വഴിയാത്രക്കാരൻ, ശ്രീയയ്ക്ക് സാമ്പത്തിക നഷ്ടം വരാതിരിക്കാൻ സമയം കണ്ടെത്തി ഒരു കാർഡ്ബോർഡ് കഷ്ണവും മാർക്കറും സംഘടിപ്പിച്ച് മറ്റൊരു കുറിപ്പ് കൂടി അവിടെ വെച്ചിരുന്നു. എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ച അദ്ദേഹം, താൻ ഇതിന് സാക്ഷിയാണെന്നും ആവശ്യമെങ്കിൽ ബന്ധപ്പെടാമെന്നും കാണിച്ച് സ്വന്തം വിവരങ്ങളും അതിൽ ചേർത്തു.

'തികച്ചും അപരിചിതനായ വ്യക്തി എനിക്കായി ഒരു കുറിപ്പ് എഴുതിവെക്കാൻ സമയവും ക്ഷമയും കാണിച്ചു. മനുഷ്യർ എത്രയോ ദയയുള്ളവരാണ്! എന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസമായി മാറേണ്ടിയിരുന്ന ഒന്നാണ് ന്യൂസിലൻഡിലെ എറ്റവും മനോഹരമായ അനുഭവമായി മാറിയത്' ശ്രീയ തന്റെ വീഡിയോയുടെ അടിക്കുറിപ്പിൽ എഴുതി.

 

 

20 ലക്ഷത്തിലധികം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ബസ് ഡ്രൈവറുടെയും വഴിയാത്രക്കാരന്റെയും മാതൃകാപരമായ പെരുമാറ്റത്തെയും സത്യസന്ധതയെയും നിരവധി ആളുകൾ പ്രശംസിച്ചു. 'ന്യൂസിലൻഡ് സത്യസന്ധതയ്ക്ക് ഏറെ വില നൽകുന്ന രാജ്യമാണ്, അതുകൊണ്ടാണ് ഈ നാടിനെ സ്നേഹിക്കുന്നത്' എന്നും, 'ഇക്കാലത്ത് ലോകത്തിന് ഏറ്റവും കൂടുതൽ ആവശ്യമുള്ളത് ഇത്തരം നല്ല പ്രവൃത്തികളാണെന്നും' ആളുകൾ കമന്റ് ചെയ്തു.

ഉത്തരവാദിത്തത്തോടെയുള്ള ചെറിയ പ്രവൃത്തികൾക്കും കാരുണ്യത്തിനും സമൂഹത്തിൽ എത്രത്തോളം വലിയ സ്വാധീനം ചെലുത്താനാകുമെന്നതിന്റെ ഓർമ്മപ്പെടുത്തലായി മാറിയിരിക്കുകയാണ് ഈ സംഭവം.

PREV
Read more Articles on
click me!

Recommended Stories

'ഒന്നെന്റെ അനിയത്തി, മറ്റേ കുട്ടി വൈകണ്ടെന്ന് കരുതി'; ഈ പ്രായത്തില്‍ തന്നെ എന്തൊരു കരുതലാണവന്, മനം നിറക്കും വീഡിയോ
രാവിലെ കണ്ണ് തുറക്കുമ്പോൾ തന്നെ മുന്നിൽ നൃത്തം ചെയ്യുന്നൊരു മയിൽ, അതിമനോഹരം ഈ വീഡിയോ