
വളരെ രസകരവും അവിശ്വസനീയവുമായ ഒരുപാട് വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു സംഭവമാണ് ഇപ്പോൾ ആളുകളെ ചിരിപ്പിക്കുന്നത്. സൊമാറ്റോയിൽ പിറന്നാൾ കേക്ക് ഓർഡർ ചെയ്ത യുവതിയെ ശരിക്കും സർപ്രൈസ് ചെയ്യിക്കുന്നതായിരുന്നു ഡെലിവറി ചെയ്ത് കിട്ടിയ കേക്ക്. അതിൽ എഴുതിയിരിക്കുന്നത് കണ്ട് യുവതി മാത്രമല്ല, ഇപ്പോൾ സോഷ്യൽ മീഡിയയും അന്തംവിട്ടിരിക്കയാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത് മുതൽ ആളുകൾക്ക് ചിരിക്കാനുള്ള വക നൽകിക്കൊണ്ട് വൈറലായി മാറിയിരിക്കയാണ്.
നക്ഷത്ര എന്ന യുവതിയാണ് തന്റെ ജന്മദിനാഘോഷത്തിനിടെ വാങ്ങിയിരിക്കുന്ന കേക്കിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ കേക്കിൽ എഴുതിയിരിക്കുന്നത് കണ്ട് എല്ലാവരും അന്തംവിട്ട് നോക്കുന്നതും നക്ഷത്ര ചിരിക്കുന്നതും കാണാം. പിന്നാലെ കൂടി നിന്നവരെല്ലാം ചിരിക്കുന്നതും വീഡിയോയിൽ കാണാം. സംഭവിച്ചത് ഇതാണ്, യുവതി സൊമാറ്റോയിൽ കേക്ക് ഓർഡർ ചെയ്തു. കേക്ക് സെക്യൂരിറ്റിയെ ഏൽപ്പിക്കുന്നതിന് വേണ്ടി ഓർഡറിനൊപ്പം ഇൻസ്ട്രക്ഷനായി 'ലീവ് അറ്റ് സെക്യൂരിറ്റി' എന്നും നൽകിയിരുന്നു.
എന്നാൽ, ഈ 'ലീവ് അറ്റ് സെക്യൂരിറ്റി' (leave at security) കേക്കിന് മുകളിൽ എഴുതുകയാണ് ചെയ്തിരിക്കുന്നത്. കേക്കിന് മുകളിൽ 'ലീവ് അറ്റ് സെക്യൂരിറ്റി' എന്ന് എഴുതിയിരിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോയ്ക്ക് മുകളിലായി 'ലീവ് അറ്റ് സെക്യൂരിറ്റി കേക്ക്' എന്നും എഴുതിയിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. ഒരാൾ എഴുതിയിരിക്കുന്നത്, 'തന്റെ അമ്മയുടെ പിറന്നാളിന് ഇതുപോലെ കേക്ക് ഓർഡർ ചെയ്തു. 'ഹാപ്പി ബർത്ഡേ മോം എന്ന് എഴുതണം' എന്നും നിർദ്ദേശം നൽകി. എന്നാൽ, കേക്കിന് പുറത്ത് തന്നെ ഹാപ്പി ബർത്ഡേ മോം എന്ന് എഴുതണം എന്ന് എഴുതിക്കൊണ്ടാണ് കേക്ക് വന്നത്' എന്നാണ്.