
അമേരിക്കൻ പ്രസിഡന്‍റിന്‍റെ സുരക്ഷാ ക്രമീകരണങ്ങൾ പേരുകേട്ടതാണ്. യാത്രകളിലെ വാഹനങ്ങളടക്കം. ഇത്തവണ പ്രസിഡന്‍റ് ട്രംപിന്‍റെ യാത്ര വിചാരിക്കാത്തൊരു വിവാദത്തിന് തിരികൊളുത്തി വിട്ടു. പ്രസിഡന്‍റ് ട്രംപ് അങ്കാരയിൽ നിന്ന് കയറിയത് എയർഫോഴ്സ് വണ്ണിലാണ്. ഇറങ്ങിയതും അതിൽ നിന്നുതന്നെ. പക്ഷേ, യാത്ര ചെയ്തത് അതില്ല. പ്രസിഡന്‍റ് ഒപ്പമുണ്ടെന്ന് മാധ്യമപ്രവർത്തകരടക്കം എല്ലാവരും കരുതി. എന്നാൽ തെറ്റി. പിന്നെയാണ് ദൃശ്യങ്ങളടക്കം പുറത്തുവന്നത്. പക്ഷേ, ഇത്തരം മാറ്റങ്ങൾ സാധാരണമാണ്. അമേരിക്കൻ ഇന്‍റലിജൻസിന്‍റെ വാക്കുകളിൽ ഷെൽ ഗെയിംസ്. പക്ഷേ, ദൃശ്യങ്ങടക്കം ഇത്രപെട്ടെന്ന് ചോരുന്നത് പതിവില്ലാത്ത കാര്യമാണ്.
തുർക്കിയിലെ അങ്കാരയിൽ നടന്ന നേറ്റോ ഉച്ചകോടിക്കുശേഷം ബ്രിട്ടനിലേക്കാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പോയത്. ഖത്തറിന്‍റെ സമ്മാനമായ എയർഫോഴ്സ് വണ്ണിലാണ് പ്രസിഡന്‍റ് അങ്കാരയിലേക്ക് പോയത്. പക്ഷേ, മടക്കയാത്ര പഴയ എയർഫോഴ്സ് വണ്ണിലായിരിക്കും എന്നറിയിപ്പുണ്ടായി. ട്രൂത്ത് സോഷ്യൽ പോസ്റ്റുവഴി. പഴയ ഓർമ്മകൾക്കുവേണ്ടി എന്നായിരുന്നു പോസ്റ്റ്. വിമാനത്തിൽ കയറിയത് ക്യാമറകളുടെ മുന്നിൽ. പക്ഷേ, ഉള്ളിൽ കടന്ന ശേഷം മറുവശത്തെ വാതിലിലൂടെ പുറത്തിറങ്ങി. കേറ്ററിംഗ് ട്രക്കിൽ കയറി മറ്റൊരു ചെറുവിമാനത്തിലേക്ക് പോയി. എയർഫോഴ്സ് C32A. എയർഫോഴ്സ് വണ്ണിലുണ്ടായിരുന്ന മാധ്യമപ്രവർത്തകർ പക്ഷേ, ഇതൊന്നുമറിഞ്ഞില്ല. പ്രസിഡന്‍റ് വിമാനത്തിൽ തന്നെയുണ്ടെന്ന ധാരണയിൽ യാത്രയായി.
ജനാലകൾ അടച്ചിടാൻ നിർദ്ദേശമുണ്ടായിരുന്നു. ഒരാൾ തുറക്കാൻ ശ്രമിച്ചയുടനെ അടയ്ക്കാനാവശ്യപ്പെട്ടു. അതിൽ ചിലർക്ക് സംശയവും തോന്നിയെന്നാണ് റിപ്പോർട്ട്. എന്തായാലും രണ്ട് വിമാനങ്ങളും ഒരുമിച്ചുതന്നെ പറന്നുയർന്നു. ഇംഗ്ലണ്ടിൽ ഇറങ്ങി, പക്ഷേ, പ്രസിഡന്‍റ് ഇറങ്ങുന്നത് പകർത്താൻ പ്രത്യേകം ക്യാമറ സ്ഥാപിക്കാൻ സമയമെടുക്കും എന്നറിയിപ്പ് വന്നു. 20 മിനിറ്റിന് ശേഷമാണ് വിമാനത്തിൽ നിന്ന് പ്രസിഡന്‍റ് ഇറങ്ങിയത്. അത്രയും സമയം എടുക്കേണ്ട കാര്യമില്ലല്ലോയെന്നായിരുന്നു അടുത്ത സംശയം. യുകെയിൽ നിന്ന് അമേരിക്കയിലേക്കുള്ള യാത്ര ഖത്തറിന്‍റെ സമ്മാനമായ പുതിയ എയർഫോഴ്സ് വണ്ണിൽ തന്നെയായിരുന്നു. ഇറാന്‍റെ ഭീഷണിയെക്കുറിച്ച് പ്രസിഡന്‍റ്, മാധ്യമ പ്രവർത്തകരോട് സംസാരിച്ചു. പക്ഷേ, വിമാനം മാറിക്കയറിതിനെക്കുറിച്ച് ഒന്നും പറയാൻ അന്ന് തയ്യാറായില്ല.
ഇറാനെ പേടിച്ച് അമേരിക്കൻ പ്രസിഡന്‍റ് കേറ്ററിംഗ് ട്രക്കിലൂടെ ഒളിച്ചുകടന്നുവെന്നാണ് പരിഹാസം. പക്ഷേ, അപായ സൂചനകൾ കണ്ടില്ലെന്ന് നടിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് കഴിയില്ല. അവരുടെ ചുമതലയാണത്. മാധ്യമങ്ങൾക്കത് വാർത്തയായെന്നുമാത്രം. ആദ്യം വിമാനത്തിൽ കയറിയ പ്രസിഡന്‍റിനെ കൊണ്ടുപോകാൻ കേറ്ററിംഗ് ട്രക്ക് കാത്തുകിടക്കുന്നതും മുന്നോട്ട് നീങ്ങുന്നതും എല്ലാം ചിത്രങ്ങൾ സഹിതം പ്രസിദ്ധീകരിക്കയും ചെയ്തു.
ഖത്തർ നൽകിയ വിമാനം പൂർണ്ണസജ്ജമെന്ന് വൈറ്റ് ഹൗസ് അവകാശപ്പെടുന്നെങ്കിലും അതിലെ സുരക്ഷാക്രമീകരണങ്ങൾ പോരായെന്നാണ് റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ് നേരത്തെതന്നെ ഇത് റിപ്പോർട്ട് ചെയ്തിരുന്നു. അതിന്‍റെ പേരിൽ സമൻസ് അയച്ച് റിപ്പോർട്ടർമാരെ വിളിച്ചുവരുത്തി. സത്യം ചെയ്യിച്ച് മൊഴിയുമെടുത്തു. നിയമവിരുദ്ധ ചോർച്ചകളിലാണ് അന്വേഷണമെന്നാണ് പക്ഷേ, വിശദീകരിച്ചത്. സീക്രട്ട് സർവീസിന്‍റെ നിർദ്ദേശമനുസരിച്ചാണ് പ്രസിഡന്‍റ് വിമാനം മാറിക്കയറിയതെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്. ഖത്തർ നൽകിയ വിമാനത്തിൽ സുരക്ഷാക്രമീകരണങ്ങളും ആശയവിനിമയ സംവിധാനങ്ങളും ലോജിസ്റ്റിക്സ് സപ്പോർട്ടും മികച്ച സാങ്കേതിക സംവിധാനവും സ്ഥാപിച്ചു കഴിഞ്ഞിരുന്നുവെന്നാണ് സർക്കാർ വാദം. 400 മില്യൻ ഡോളർ ചെലവ്. ട്രംപിന്‍റെ താൽപര്യമനുസരിച്ച് നീലയും സ്വർണനിറവും ചുവപ്പുമാണ് നിറങ്ങൾ. ഇറാനിൽ ചർച്ച നടക്കുന്നെങ്കിലും ആക്രമണങ്ങൾ തുടരുകയാണ്. അപായ സൂചന അതാണ്. പക്ഷേ, അതിനെക്കുറിച്ചൊന്നും കോൺഗ്രസിന്‍റെ എട്ടംഗ സമിതിയെ അറിയിച്ചിരുന്നില്ല. അവരാണ് ഇന്‍റലിജൻസ് കാര്യങ്ങളുടെ മേൽനോട്ടം നിർവഹിക്കുന്നത്. വിമാനം മാറിക്കയറുന്നത് അറിയിച്ചില്ലെങ്കിലും ഭീഷണിയുണ്ടായിരുന്നെങ്കിൽ അതറിയിക്കണമായിരുന്നു എന്നാണ് പരാതി.
President Trump was secretly moved off Air Force One in Turkey last month after the NATO summit with the help of an airport catering truck. When asked why, Trump said the Secret Service directed him to switch to another plane.
“They wanted me to go on a different flight, a… pic.twitter.com/dxrZReipFu— CBS News (@CBSNews) August 12, 2026
വിമാനം മാറിക്കയറിയെന്ന് പ്രസിഡന്‍റ് സമ്മതിച്ചത് പിറ്റേന്നാണ്. സീക്രട്ട് സർവീസ് പറയുന്നത് ചെയ്തേ പറ്റു. അവർ പറഞ്ഞിട്ടാണ് എന്നറിയിച്ചു പ്രസിഡന്‍റ്. ഇറാന്‍റെ മിസൈൽ ആക്രമണം ഉണ്ടാകുമെന്ന വിവരം കിട്ടിയിരുന്നുവെന്ന് ഉദ്യോഗസ്ഥരും സമ്മതിച്ചു. നേറ്റോ ഉച്ചകോടി നടക്കുന്നതിനടുത്ത് സംശയകരമായ രീതിയിൽ ഒരാളെ കണ്ടിരുന്നുവെന്നും അറിയിച്ചു. അതെന്തുതന്നെയായാലും അമേരിക്കയിൽ സംഗതി ഒരു രാഷ്ട്രീയ കൊടുങ്കാറ്റായി. കാരണം, ഇറാൻ യുദ്ധത്തോടുള്ള നിലപാടുകളാണ്. ചെന്നേറ്റുമുട്ടിയിട്ട്, തലയുരാൻ പറ്റാതെ വലയുന്ന പ്രസിഡന്‍റ്. ദുരിതമനുഭവിക്കുന്നത് ജനം. മാത്രമല്ല, ലോകം മുഴുവൻ വലയുകയാണ്. അന്താരാഷ്ട്ര കപ്പൽപാതയായിരുന്ന ഹോർമൂസ് ഇറാന്‍റെ നിയന്ത്രണത്തിലായി. ഇറാന്‍റെ ഡ്രോണുകൾ ഗൾഫ് രാജ്യങ്ങൾ ലക്ഷ്യമിട്ടെത്തി.
സംഭവം ഇറാനെ സംബന്ധിച്ച് വിജയമാണ്. തങ്ങളെ പേടിച്ച് അമേരിക്കൻ പ്രസിഡന്‍റ് വിമാനം മാറിക്കയറിയെന്ന പ്രചാരണം ഇറാൻ സർക്കാറിന്‍റെ പ്രതിഛായ തന്നെ മാറ്റിമറിക്കും. ശക്തൻ എന്ന ട്രംപിന്‍റെ പ്രതിഛായക്കും പരിക്കേൽക്കും. ട്രംപിന്‍റെ മുൻ ഉദ്യോഗസ്ഥർ, പ്രസിഡന്‍റിന് ഇതൊന്നും ഇഷ്ടമല്ല എന്നൊക്കെ പറയുന്നുണ്ട്. വിവാദം അതിൽ മാത്രമല്ല, ഖത്തർ നൽകിയ വിമാനത്തിലും സംശയങ്ങളുണ്ട്. പ്രസിഡന്‍റിന് ആവശ്യമുള്ള സുരക്ഷ അതിലില്ലെന്നാണ് വാദം. മില്യണുകൾ ചെലവാക്കിയെങ്കിലും. ട്രംപ് തന്നെ രഹസ്യമായി അസംതൃപ്തി പ്രകടമാക്കിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മുമ്പ് 2 വധശ്രമങ്ങൾ അതിജീവിച്ചയാളാണ് ട്രംപ്. ഖമനേയിയുടെ സംസ്കാരയാത്രക്കിടെ 'ഡെത്ത് ടു യൂഎസ് പ്രസിഡന്‍റ്' (Death to the US President) എന്ന് മുദ്രാവാക്യങ്ങൾ ഉയർന്നിച്ചുണ്ട്. ഇറാനിൽ നിന്നുള്ള ഭീഷണി ഇനി എക്കാലവും ട്രംപിനുണ്ടാകും എന്നൊരു മുന്നറിയിപ്പുമുണ്ട്. സത്യമായിരിക്കാം. തൽകാലം രക്ഷപ്പെട്ടു എന്നുള്ളതുതന്നെ വൈറ്റ് ഹൌസിന് ആശ്വാസമാണ്.
ട്രംപ് ഇറങ്ങിയിട്ടും വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോയും ട്രഷറി സെക്രട്ടറി സ്കോട് ബസന്‍റും വിമാനത്തിൽ തുടർന്നു. ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലറും സ്റ്റീഫൻ ചുങ്ങും പഴയ വിമാനത്തിൽ തന്നെ യാത്ര ചെയ്തു. ട്രംപ് കയറിയ വിമാനത്തിൽ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് ആണുണ്ടായിരുന്നത്. പ്രസിഡന്‍റ് വിമാനം മാറിക്കയറിയ കാര്യം ഇവരൊക്കെ അറിഞ്ഞോയെന്ന് വ്യക്തമല്ല. മാധ്യമപ്രവർത്തകർ എന്തായാലും അറിഞ്ഞില്ല. പ്രസിഡന്‍റിന് എന്തെങ്കിലും സംഭവിച്ചാൽ, വൈസ് പ്രസിഡന്‍റാണ് പകരക്കാരനാവുക. പിന്നെ ജനപ്രതിനിധിസഭ സ്പീക്കർ, സെനറ്റ് പ്രസിഡന്‍റ്, സ്റ്റേറ്റ് സെക്രട്ടറി, ട്രഷറി സെക്രട്ടറി, അങ്ങനെയാണ് അവകാശികളുടെ പട്ടിക. സാധാരണഗതിയിൽ പ്രസിഡന്‍റ് കയറുന്ന വിമാനമാണ് 'Airforce One' എന്ന കോൾ സിഗ്നലിലാണ് അറിയപ്പെടുക. പക്ഷേ, ഇത്തവണ അങ്ങനെയുണ്ടായില്ല. ട്രംപ് ഇറങ്ങിയിട്ടും പഴയ ബോയിംഗ് തന്നെ എയർഫോഴ്സ് വൺ എന്ന കോൾ സിഗ്നൽ നിലനിർത്തി.
ഇത്തരത്തിലെ പകിടകളികൾ പതിവാണ്. Shell Games എന്ന് സീക്രട്ട് സർവീസ് നൽകിയിരിക്കുന്ന പേര്. പ്രസിഡന്‍റ് ബീസ്റ്റ് (President Beast) എന്നറിയപ്പെടുന്ന ലിമൂസിൻ പലപ്പോഴും ഒന്നിൽക്കൂടുതൽ ഉണ്ടാവാറുണ്ട്. യാത്രക്കിടെ സ്ഥാനവും മാറും. ഹെലികോപ്ടറുകൾ മൂന്നെണ്ണമാണ് പതിവ്. ഏതിലാണ് പ്രസിഡന്‍റെന്ന് വ്യക്തമാവാത്ത തരത്തിലാണ് പറക്കുക. വിമാനം മാറിയാൽ സാധാരണഗതിയിൽ മാധ്യമപ്രവർത്തകരെ അറിയിക്കാറുണ്ട്. വെളിപ്പെടുത്തരുതെന്ന അറിയിപ്പോടെ. ബിൽ ക്ലിന്‍റൺ ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്ക് പോയത് അങ്ങനെയായിരുന്നു. യുദ്ധമുന്നണികളിലേക്കുള്ള പ്രസിഡന്‍റുമാരുടെ യാത്ര എപ്പോഴും അങ്ങനെയാണ്. 2000 ത്തിലായിരുന്നു ക്ലിന്‍റണിന്‍റെ യാത്ര. 2003 -ൽ ജോർജ് ബുഷ് ഇറാഖിലെത്തിയതും ചിഹ്നങ്ങളൊന്നുമില്ലാത്ത വിമാനത്തിലാണ്. അതും ടെക്സസിലായിരിക്കും എന്നറിയിച്ച ശേഷം. ജോ ബൈഡൻ 2023 -ൽ യുക്രെയ്നിലേക്ക് പോയത് രണ്ടേ രണ്ട് മാധ്യമപ്രവർത്തകരുമായാണ്.
ഇത്തവണ ആരെയും അറിയിക്കാതെയിരുന്നത് ഭീഷണിയുടെ തോത് അത്ര ഗുരുതരമായിരുന്നത് കൊണ്ടാണ് എന്നാണ് വിവരം. അതറിയിക്കേണ്ട നിയമപരമായ ബാധ്യത ഇല്ലാതാനും. എന്നിട്ടും ഇതൊക്കെ ചോർന്നത് എങ്ങനെയെന്നാണ് അന്വേഷണം. വൈസ് പ്രസിഡന്‍റിന്‍റെ സംഘത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അന്വേഷണവും നടക്കുകയാണ്. പക്ഷേ, എന്താണ് ചോർന്നതെന്ന് ആരും വ്യക്തമാക്കുന്നില്ല. വാൻസിന്‍റെ കുടുംബത്തിന്‍റെ യാത്രകളിൽ സുരക്ഷാ സംഘത്തിലെ ചിലർക്ക് ഇഷ്ടക്കേടുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. സൈനിക ഹെലികോപ്ടറിൽ മകനെ ഗോൾഫ് ക്ലാസിന് കൊണ്ട് പോകുന്നതും കുടുംബം, വീടന്വേഷിച്ച് നടക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥർക്കുണ്ടാക്കുന്ന ആശങ്കയാണ് പ്രശ്നമെന്നാണ് ബിബിസി റിപ്പോർട്ട്. പക്ഷേ, സ്ഥിരീകരിച്ചിട്ടില്ല ബിബിസിയും.
എന്തായാലും സുരക്ഷാ ആശങ്കകൾ വളരെ കൂടുതലെന്ന് സീക്രട്ട് സർവീസ് ഡയറക്ടർ ഷോൺ കറൻ സ്ഥിരീകരിക്കുന്നു. 24 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടെ ഏറ്റവും അപകടകരമെന്നാണ് വാക്കുകൾ. ജനുവരിക്ക് ശേഷം അന്വേഷണം നടന്നത് 10,000 സുരക്ഷാ ഭീഷണികളിലാണെന്നും. അതിൽ കൂടുതലും ഓൺലൈനിലാണ് താനും. ഇപ്പോഴത്തെ ഭീഷണിയിൽ ഇസ്രയേലാണ് മുന്നറിയിപ്പ് നൽകിയത്. പക്ഷേ, അതത്ര ഗുരുതരമാണെന്ന് സിഐഎയ്ക്ക് തോന്നിയില്ലെന്നും റിപ്പോർട്ടുണ്ട്. എന്നാലും അവഗണിക്കേണ്ട എന്നായിരുന്നു തീരുമാനം.
എന്തായാലും ഇറാൻ കണക്കിന് പരിഹസിക്കുന്നുണ്ട്. തങ്ങളുടെ ശക്തിയെച്ചൊല്ലി പേടിക്കുന്നത് കൊണ്ടാണ് വിമാനം മാറിയത് എന്നാണ് പരിഹാസം. എക്സ് അക്കൗണ്ടുകളിൽ ശവപ്പെട്ടിയിൽ കടലിൽ മുങ്ങിത്താഴുന്നതും ചവറ്റുകുട്ടയിൽ കിടക്കുന്നതും ഒക്കെയായി മീമുകളും പ്രത്യക്ഷപ്പെട്ടു. 2024 -ൽ അന്ന് സ്ഥാനാർത്ഥിയായിരുന്ന ട്രംപിനെ വധിക്കാൻ പദ്ധതിയിട്ടെന്ന പേരിൽ ഒരു ഇറാനിയൻ പൗരനുമേൽ അമേരിക്ക കുറ്റം ചുമത്തിയിരുന്നു. അതൊക്കെ അന്ന് ഇറാൻ നിഷേധിച്ചു. ഇപ്പോൾ പക്ഷേ, സ്ഥിതി അതല്ല.