ഇങ്ങനെ ഉറക്കവും സമാധാനവും കളഞ്ഞിട്ട് ജോലി ചെയ്തിട്ട് എന്ത് കാര്യം; ചർച്ചയായി യുവതിയുടെ പോസ്റ്റ്

Published : Feb 16, 2026, 03:55 PM IST
viral video

Synopsis

ജോലി കാരണം മാനസികാരോഗ്യം നഷ്ടപ്പെടുന്നതിനെക്കുറിച്ച് യുവതി പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സ്വാതി എന്ന യുവതിയാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്. ഉറക്കവും ആത്മവിശ്വാസവും സമാധാനവും കളയുന്ന ജോലിയെ കുറിച്ചാണ് സ്വാതി പറയുന്നത്. 

ജീവിക്കാൻ വേണ്ടിയാണ് ആളുകൾ ജോലി ചെയ്യുന്നത്. എന്നാൽ, ഇന്ന് പലരുടേയും മാനസികാരോ​ഗ്യം തന്നെ ജോലി കാരണം നഷ്ടപ്പെടുന്ന അവസ്ഥയാണ്. അത് തന്നെയാണ് സ്വാതി എന്ന യുവതി തന്റെ സോഷ്യൽ മീഡിയയിലൂടെ പറയാൻ ശ്രമിക്കുന്നതും. ജോലി നഷ്ടപ്പെടുന്നതിനേക്കാൾ ഭയാനകമായ മറ്റൊന്നുണ്ട്, അത് നിങ്ങളെത്തന്നെ നഷ്ടപ്പെടുന്നതാണ് എന്നാണ് 24 -കാരിയായ സ്വാതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ് ഈ പോസ്റ്റ്. പുതിയ കാലത്തെ തൊഴിൽ സംസ്കാരം വ്യക്തികളുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നാണ് സ്വാതി തന്റെ പോസ്റ്റിൽ പറയാൻ ശ്രമിക്കുന്നത്.

'ജോലി പോകുന്നതിനേക്കാൾ പേടിപ്പെടുത്തുന്നതെന്താണെന്ന് അറിയാമോ? നിങ്ങൾ ഈ അവസ്ഥയിൽ എത്തുന്നത് കാണുന്നതാണ്' എന്ന വാക്കുകളോടെയാണ് സ്വാതി തന്റെ വീഡിയോ ആരംഭിക്കുന്നത് തന്നെ. ഉറക്കം, സമാധാനം, ആത്മവിശ്വാസം എന്നിവ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഓട്ടം ഭയാനകമാണെന്ന് അവൾ പറയുന്നു. പണം സമ്പാദിക്കുമ്പോഴും സ്വന്തം സന്തോഷം പണയപ്പെടുത്തേണ്ടി വരുന്ന അവസ്ഥയെ കുറിച്ചാണ് അവൾ പറയുന്നത്.

നിലനിൽപ്പിന് വേണ്ടി സമാധാനം ബലികഴിക്കേണ്ടി വരുന്ന സാഹചര്യമാണ് ഇവിടെയുണ്ടാവുന്നത്. മാനസികാരോഗ്യത്തേക്കാൾ ജോലിക്ക് മുൻഗണന നൽകാനാണ് നമ്മുടെ സമൂഹം നമ്മെ നിർബന്ധിക്കുന്നത്. ബില്ലുകൾ അടയ്ക്കണം, കുടുംബം നോക്കണം, ഇതിനിടയിൽ മാനസികാരോഗ്യം എന്നത് പലപ്പോഴും രണ്ടാമത്തെ കാര്യമായി മാറുന്നുവെന്നും സ്വാതി സൂചിപ്പിക്കുന്നു. ഉള്ളിൽ തകർന്നു നിൽക്കുമ്പോഴും പുഞ്ചിരിയോടെ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളുടെ പ്രതിനിധിയാണ് താനെന്നാണ് അവൾ പറയുന്നത്.

 

 

മിശ്രപ്രതികരണങ്ങളാണ് ഈ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. പലരും സ്വാതിയുടെ വാക്കുകളോട് യോജിച്ചപ്പോൾ, പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ചവരും കുറവല്ല. 'ഒരു കുടുംബം മുഴുവൻ പോറ്റാനുള്ളപ്പോൾ, ജോലി ഇല്ലാത്ത അവസ്ഥയാണ് ഇതിലും ഭീകരം' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും കിട്ടുന്നത് തുച്ഛമായ വരുമാനം മാത്രമാണ്' എന്നായിരുന്നു മറ്റൊരാൾക്ക് പറയാനുണ്ടായിരുന്നത്. അതേസമയം, 'എല്ലാവരും ഇങ്ങനെ തന്നെയാണ്, ഇതിൽ നിനക്ക് മാത്രം എന്താണ് പ്രത്യേകത? ഇഷ്ടമില്ലെങ്കിൽ ജോലി വിട്ടു പൊയ്ക്കൂടെ?' എന്ന് ചോദിച്ചുകൊണ്ട് സ്വാതിയെ വിമർശിച്ചവരുമുണ്ട്. എങ്കിലും, ജോലിഭാരവും മാനസിക സമ്മർദ്ദവും തുറന്നു പറയേണ്ട ഒന്നാണെന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.

PREV
Read more Articles on
click me!

Recommended Stories

യുവാവ് 'ധൂം-സ്റ്റൈൽ' സ്റ്റണ്ടിനായി ബൈക്ക് ഉയർത്തി, യുവതിക്ക് സ്വകാര്യ ഭാഗങ്ങളിൽ പരിക്ക്; വീഡിയോ
'ഇനി അതിർത്തിയിൽ വെടി മുഴങ്ങില്ല'; ധുരന്ധറിലെ പാട്ടിന് ചുവട് വച്ച് പാക് സൈനീകർ, വീഡിയോ വൈറൽ