വൈറൽ റീലിനായി 30 അടി ഉയരത്തിൽ നിന്ന് അണക്കെട്ടിലേക്ക് ചാടി; യുവാവിന്‍റെ രണ്ട് കാലുകളും ഒടിഞ്ഞു, വീഡിയോ

Published : Sep 09, 2026, 11:54 AM IST
man Jumped from 30 feet into dam

Synopsis

സോഷ്യൽ മീഡിയ റീലിനായി ഉത്തർപ്രദേശിലെ പഹൂജ് അണക്കെട്ടിൽ 30 അടി ഉയരത്തിൽ നിന്ന് ചാടിയ യുവാവിന് ഗുരുതരമായി പരിക്കേറ്റു. വെള്ളത്തിന് ആഴമില്ലാത്തതിനാൽ പാറക്കെട്ടിലിടിച്ച് ഇയാളുടെ രണ്ട് കാലുകളും ഒടിഞ്ഞു. സോഷ്യൽ മീഡിയയിലെ ശ്രദ്ധ നേടാനുള്ള ശ്രമങ്ങൾ അപകടകരമാവുന്നതിന്‍റെ ഉദാഹരണമാണ് ഈ സംഭവം.

സോഷ്യൽ മീഡിയ റീലിനായി സാഹസിക സ്റ്റണ്ട് നടത്തിയ യുവാവിന് ഗുരുതര പരിക്ക്. ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള പഹൂജ് അണക്കെട്ടിൽ ഏകദേശം 30 അടി ഉയരത്തിൽ നിന്നും വെള്ളത്തിലേക്ക് ചാടിയ 32 -കാരനായ പുഷ്പേന്ദ്ര കുമാർ മനൗരിയയുടെ രണ്ട് കാലുകളും ചാട്ടത്തിനിടെ ഒടിഞ്ഞു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

റീൽസിനായി ചാടി, പക്ഷേ

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം റക്സ മേഖലയിലെ പർവായ് ഗ്രാമവാസിയായ പുഷ്പേന്ദ്ര പഹൂജ് സുഹൃത്തുക്കൾക്കൊപ്പമാണ് അണക്കെട്ടിലെത്തിയത്. റീൽ ചിത്രീകരിക്കുന്നതിനായി സുരക്ഷാ റെയിലിങ് കടന്ന് വ്യൂ പോയിന്‍റിൽ നിന്നും ഇയാൾ താഴേക്ക് ചാടുകയായിരുന്നു. അല്പം മാറി നിന്ന് സുഹൃത്തുക്കൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നുണ്ടായിരുന്നു. ചാടുന്നതിന് തൊട്ടുമുമ്പ് സുഹൃത്തുക്കളിൽ ഒരാൾ തമാശയായി മുന്നറിയിപ്പ് നൽകുന്നതും വീഡിയോയിൽ കേൾക്കാം.

ഒളിഞ്ഞിരുന്ന അപകടം

എന്നാൽ, യുവാവ് പ്രതീക്ഷിച്ചതുപോലെ ജലാശയത്തിന് ആവശ്യമായ ആഴമുണ്ടായിരുന്നില്ല. വെള്ളത്തിന്‍റെ ആഴം കുറവായിരുന്ന ഭാഗത്തെ പാറക്കെട്ടിലേക്കാണ് യുവാവ് ചാടിയത്. വെള്ളത്തിൽ അല്പം താഴെയായി മുങ്ങിക്കിടന്ന പാറക്കെട്ടുകൾ ഇയാളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. 30 അടി താഴ്ചയിലേക്ക് ചാടിയപ്പോൾ ആഴം കുറഞ്ഞ ഭാഗത്തെ പാറക്കെട്ടുകളിൽ കാലുകൾ ഇടിക്കുകയായിരുന്നു. ഇതോടെ ഇരുകാലുകൾക്കും ഗുരുതരമായ പരിക്കേറ്റു. ചാട്ടത്തിന് ശേഷം കാലുകൾക്ക് ചലിപ്പിക്കാൻ കഴിയാതെ യുവാവ് വെള്ളത്തിൽ മുങ്ങിപ്പോകാനുള്ള സാഹചര്യമുണ്ടായി. ഇതോടെ ഇയാൾ കൈകൾ ഉപയോഗിച്ച് നീന്തി സമീപത്തുണ്ടായിരുന്ന ഇരുമ്പ് കമ്പിയിൽ പിടിച്ച് കരയ്ക്ക് കയറാൻ ശ്രമിച്ചു. പിന്നാലെ ഇവിടെയുണ്ടായിരുന്നവരുടെ സഹായത്തോടെ യുവാവിനെ പുറത്തെടുക്കുകയായിരുന്നു.

ഇരുകാലുകളും തകർന്നു

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി യുവാവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ ഒരു കാലുകളും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഏതാണ്ട് പൂർണമായും ഒടിഞ്ഞ ഒരു കാലിൽ ഇരുമ്പ് റോഡുകൾ ഘടിപ്പിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു. മറ്റേ കാലിലും ശസ്ത്രക്രിയ ആവശ്യമാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. സംഭവത്തിന് പിന്നാലെ ഇനി ഇത്തരം അപകടകരമായ സ്റ്റണ്ടുകൾ ചെയ്യില്ലെന്ന് പുഷ്പേന്ദ്ര പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാനുള്ള ശ്രമത്തിൽ ജീവൻ തന്നെ അപകടത്തിലാക്കുന്ന പ്രവണതയ്‌ക്കെതിരായ മുന്നറിയിപ്പായി സംഭവത്തെ കാണണമെന്ന് നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ എഴുതി. അതേസമയം യുവാവിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

PREV
Read more Articles on
click me!

Recommended Stories

'വൻ നഗരങ്ങളിൽ വീട് വാങ്ങരുത്, നിക്ഷേപം ഗ്രാമങ്ങളിലേക്ക് മാറ്റൂ, മികച്ച ജീവിതം അവിടെ'; യുവതിയുടെ വീഡിയോ വൈറൽ
അപകടത്തിൽ പരിക്കേറ്റ് വീണു, എന്നിട്ടും രക്ഷിക്കാനെത്തിയ ഫോറസ്റ്റ് വാച്ചർക്ക് നേരെ ചീറ്റിയടുത്ത് പുലി; ഞെട്ടിക്കുന്ന രക്ഷാദൗത്യം