
ഇന്ത്യയിൽ രണ്ടുവർഷമായി മക്കൾക്കൊപ്പം താമസിക്കുന്ന ദക്ഷിണ കൊറിയൻ വനിത ജങ് ഏ ഉം (Jung ae Um) തനിക്ക്, ഇന്ത്യയിൽ ഏറ്റവും പ്രിയപ്പെട്ട ഇടമേതാണെന്ന് വെളിപ്പെടുത്തി ഇന്സ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചപ്പോൾ അത് ഏറ്റെടുത്ത് നെറ്റിസെൺസ്. ആൻഡമാനിലെ പ്രകൃതിഭംഗിയും തെളിഞ്ഞ വെള്ളവും സൗഹൃദപരമായ ജനങ്ങളുമാണ് തന്റെ മനസ്സ് കീഴടക്കിയതെന്ന് അവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു. ഇന്ത്യയിലെ ഏഴ് നഗരങ്ങൾ സന്ദർശിച്ച അനുഭവങ്ങൾ വിവരിക്കുന്ന പോസ്റ്റ് ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്.
‘ഇന്ത്യയിൽ രണ്ടുവർഷം: ഒരു കൊറിയൻ അമ്മയുടെ സത്യസന്ധമായ വിലയിരുത്തൽ’ എന്ന തലക്കെട്ടോടെയാണ് ജങ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവച്ചത്. ഇന്ത്യ വളരെ വിശാലമായ രാജ്യമാണെന്നും ഓരോ നഗരത്തിനും തനതായ സവിശേഷതകളുണ്ടെന്നും അവർ പറഞ്ഞു. നഗരങ്ങൾ മാറുന്നതിനനുസരിച്ച് ഭാഷയും ഭക്ഷണവും അന്തരീക്ഷവും സംസ്കാരവുമെല്ലാം വ്യത്യസ്തമാകുന്നു. എന്നാൽ, സന്ദർശിച്ച സ്ഥലങ്ങളെല്ലാം മനോഹരവും ആകർഷകവുമായിരുന്നുവെന്നാണ് ജങ്ങിന്റെ അഭിപ്രായം.
ഇന്ത്യൻ യാത്രയിലെ ഏറ്റവും പ്രിയപ്പെട്ട കണ്ടെത്തലുകളിലൊന്നാണ് ആൻഡമാനെന്ന് ജങ് പറയുന്നു. സന്ദർശനത്തിന് തെരഞ്ഞെടുത്ത സമയം വിനോദസഞ്ചാരികളുടെ തിരക്ക് താരതമ്യേന കുറവുള്ള സമയമായിരുന്നെങ്കിലും അനുഭവം മികച്ചതായിരുന്നുവെന്ന് അവർ വ്യക്തമാക്കി. ആൻഡമാനിലെ ജനങ്ങളുടെ സൗഹൃദപരമായ പെരുമാറ്റവും അവരെ ഏറെ ആകർഷിച്ചു. ആൻഡമാനിലെ കടൽവെള്ളത്തിന്റെ തെളിമയാണ് ജങ് പ്രത്യേകം എടുത്ത് പറഞ്ഞത്. സ്കൂബ ഡൈവിങ്ങിനിടെ കണ്ട മത്സ്യങ്ങളുടെ എണ്ണവും വൈവിധ്യവും മാലദ്വീപിലെ അനുഭവത്തെ ഓർമിപ്പിച്ചുവെന്നും അവർ പറഞ്ഞു. പ്രകൃതിയുടെ സൗന്ദര്യം ശരിക്കും മറക്കാനാവാത്തതായിരുന്നുവെന്നാണ് ജങ്ങിന്റെ പ്രതികരണം.
ഇന്ത്യയിൽ ഇനിയും സന്ദർശിക്കാത്ത നിരവധി സ്ഥലങ്ങളുണ്ടെന്നും ഇവിടെ താമസിക്കുന്ന കാലത്തോളം പുതിയ ഇടങ്ങൾ കണ്ടെത്തുകയും അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്യണമെന്നാണ് ആഗ്രഹമെന്നും ജങ് പറയുന്നു. വിഡിയോ വൈറലായതോടെ നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്തെത്തി. ഇന്ത്യയുടെ മനോഹരമായ സ്ഥലങ്ങളെക്കുറിച്ച് നല്ല അനുഭവങ്ങൾ പങ്കുവച്ചതിന് ചിലർ നന്ദി അറിയിച്ചു. വടക്കുകിഴക്കൻ ഇന്ത്യയും സന്ദർശിക്കണമെന്ന് മറ്റുചിലർ നിർദേശിച്ചു. ഇന്ത്യയിൽ ഓരോ നൂറ് കിലോമീറ്റർ യാത്ര ചെയ്യുമ്പോഴും ഭാഷയും ഭക്ഷണവും സംസ്കാരവും മാറുന്ന വൈവിധ്യമാണ് രാജ്യത്തിന്റെ പ്രത്യേകതയെന്നും ഒരാൾ അഭിപ്രായപ്പെട്ടു. ഇന്ത്യ നാനാത്വത്തിൽ ഏകത്വമുള്ള നാടാണെന്നായിരുന്നു മറ്റൊരു കുറിപ്പ്.