1976-ൽ ലഖ്‌നൗവിൽ നിന്ന് പുറത്തിറക്കിയ മുത്തശ്ശിയുടെ പാസ്‌പോർട്ട് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നു. പാസ്‌പോർട്ടിലെ മുത്തശ്ശിയുടെ വിദ്യാർഥിനി കാലത്തെ മനോഹരമായ ചിത്രമാണ് ആളുകളുടെ ശ്രദ്ധ ആകർഷിച്ചത്. പഴയകാല ഓർമകൾ ഉണർത്തുന്ന ഈ രേഖ മ്യൂസിയത്തിൽ സൂക്ഷിക്കണമെന്നാണ് പലരുടെയും അഭിപ്രായം.

താണ്ട് അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ഒരു പാസ്‌പോർട്ട് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ കൗതുകമാകുകയാണ്. 1976 -ൽ പുറത്തിറക്കിയ തന്‍റെ മുത്തശ്ശിയുടെ പാസ്‌പോർട്ടിന്‍റെ ചിത്രം പങ്കുവെച്ച യുവതിയാണ് ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടിയത്. പഴയ രേഖയ്ക്കുള്ളിലെ മുത്തശ്ശിയുടെ വിദ്യാർഥിനിയായിരുന്ന കാലത്തെ ഫോട്ടോയാണ് എല്ലാവരുടെയും ശ്രദ്ധ കവർന്നത്.

'മുത്തശ്ശി എന്ത് സുന്ദരിയാണ്'

നവംബർ 26, 1976 -ന് പുറത്തിറക്കിയ പാസ്‌പോർട്ടിൽ ലഖ്‌നൗവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്നത്തെ യാത്രാരേഖകൾ എങ്ങനെയായിരുന്നു എന്നതിന്‍റെ ചെറിയൊരു കാഴ്ചയും ഈ പഴയ പാസ്‌പോർട്ട് നൽകുന്നുണ്ട്. എന്നാൽ പാസ്‌പോർട്ടിന്‍റെ രൂപകൽപ്പനയേക്കാൾ ആളുകളെ ആകർഷിച്ചത് അതിലെ യുവതിയായ മുത്തശ്ശിയുടെ ചിത്രമായിരുന്നു. “അന്ന് അവർ ഒരു വിദ്യാർഥിനിയായിരുന്നു. അവർ എത്ര സുന്ദരിയാണെന്ന് നോക്കൂ” എന്ന കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാം ഉപയോക്താവായ @sysaeyd വീഡിയോ പങ്കുവെച്ചത്. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് മുത്തശ്ശിയുടെ പഴയകാല സൗന്ദര്യത്തെയും സ്റ്റൈലിനെയും പ്രശംസിച്ച് കുറിപ്പുകളുമായെത്തിയത്.

View post on Instagram
 

ചരിത്രം, സൂക്ഷിച്ച് വയ്ക്കണം

ചിലർ തമാശയോടെയും പ്രതികരിച്ചു. “നാനി അന്ന് തന്നെ എല്ലാവരെയും ഞെട്ടിച്ചിരുന്നിരിക്കണം” എന്ന തരത്തിലുള്ള കുറിപ്പുകളും ചിലരെഴുതി. മറ്റൊരാൾ തന്‍റെ ഇപ്പോഴത്തെ പാസ്‌പോർട്ട് പോലും കണ്ടെത്താൻ കഴിയുന്നില്ലെന്നും, യുവതിക്ക് 1976 -ലെ മുത്തശ്ശിയുടെ പാസ്‌പോർട്ട് കണ്ടെത്താനായെന്നും തമാശയായി കുറിച്ചു. പഴയ കുടുംബ ഫോട്ടോകളും കത്തുകളും രേഖകളും ഓർമിപ്പിച്ച ഈ പോസ്റ്റ് പലരിലും ഗൃഹാതുരത്വവും ഉണർത്തി. ചിലർ ഇതുപോലുള്ള രേഖകൾ മ്യൂസിയങ്ങളിൽ പോലും സൂക്ഷിക്കേണ്ടതാണെന്നും അഭിപ്രായപ്പെട്ടു. അങ്ങനെ ഒരു പഴയ പാസ്‌പോർട്ട് കുടുംബചരിത്രത്തിന്‍റെ ഓർമ മാത്രമല്ല, സോഷ്യൽ മീഡിയയിലെ ഒരു വൈറൽ കൗതുകമായി മാറുകയായിരുന്നു.