
പ്രതിസന്ധികളെ അതിജീവിച്ച് കുടുംബത്തിനായി വീട് പണിത ദില്ലിയിലെ ലസ്സി വിൽപ്പനക്കാരന്‍റെ ജീവിതകഥ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഡിജിറ്റൽ ക്രിയേറ്റർ ഉപേൻ വർമ്മ പങ്കുവെച്ച തെരുവിൽ നിന്നുള്ള ഒരു അഭിമുഖത്തിലാണ് വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് ജീവിതം കെട്ടിപ്പടുത്ത ഈ മനുഷ്യന്‍റെ അനുഭവങ്ങൾ പുറം ലോകമറിഞ്ഞത്.
ചെറുപ്പത്തിലേ പിതാവിനെ നഷ്ടപ്പെട്ടതോടെയാണ് അദ്ദേഹത്തിന്‍റെ ജീവിതം വഴിമാറിയത്. വെറും 11 -ാം വയസിൽ കുടുംബത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവന്നു. പിതാവ് ജീവിച്ചിരുന്ന കാലത്ത് ദിവസം 250 രൂപയായിരുന്നു വരുമാനം. എന്നാൽ, പിതാവിന്‍റെ മരണശേഷം കുടുംബത്തിന് താമസിക്കാൻ സ്വന്തമായി ഒരു വീട് പോലും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം ഓർമിച്ചു. “ഞങ്ങൾക്ക് ഒരു വീട് പോലുമില്ലായിരുന്നു” എന്ന അദ്ദേഹത്തിന്‍റെ വാക്കുകൾ പലരെയും ഏറെ സ്വാധീനിച്ചു.
വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത അദ്ദേഹം ആദ്യം സ്വന്തം സഹോദരങ്ങളുടെ വിവാഹം നടത്തുകയും പിന്നീട് സ്വന്തം കുടുംബ ജീവിതം ആരംഭിക്കുകയും ചെയ്തു. ഇതിനിടെ ദില്ലിയിൽ ലസ്സി വിൽപ്പന നടത്തി വരുമാനം കണ്ടെത്തി. ഇന്ന് മാസം 80,000 മുതൽ 90,000 രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും ആ വരുമാനത്തിലൂടെയാണ് ഉത്തർപ്രദേശിൽ കുടുംബത്തിനായി രണ്ട് നിലയുള്ള വീട് പണിതതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“എന്ത് ചോദിച്ചാലും ദൈവത്തോട് അച്ഛന്‍റെ ജീവൻ തിരികെ തരണമെന്നാണ് ഞാൻ പറയുക” എന്ന് പറഞ്ഞുകൊണ്ട് അച്ഛനോടുള്ള സ്നേഹം അദ്ദേഹം വെളിപ്പെടുത്തി. ജീവിതത്തിൽ ഒന്നും നേടാനാകില്ലെന്ന് കരുതുന്നവർക്ക് കഠിനാധ്വാനം തുടരാനാണ് അദ്ദേഹത്തിന്‍റെ ഉപദേശം. പരിശ്രമം ഉപേക്ഷിക്കാതിരുന്നാൽ ഒരുദിവസം വിജയം കൈവരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപ്രതീക്ഷിതമായി നടന്ന സംഭാഷണം തന്‍റെ ഏറ്റവും പ്രചോദനാത്മകമായ അനുഭവങ്ങളിലൊന്നായിരുന്നുവെന്ന് ഉപേൻ വർമ്മയും പ്രതികരിച്ചു. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളും ലസ്സി വിൽപ്പനക്കാരന്‍റെ കഠിനാധ്വാനത്തെയും കുടുംബ സ്നേഹത്തെയും അഭിനന്ദിച്ചു.