
ചിലർക്ക് ഇടുങ്ങിയ, ചെറിയ വീടുകളിൽ താമസിക്കുന്നത് വലിയ ബുദ്ധിമുട്ടായിരിക്കും. എന്നാൽ, വലിയ നഗരങ്ങളിലെ ഇടുങ്ങിയ മുറികളിൽ തങ്ങളുടെ കൊച്ചുകുട്ടികളുമായി കഴിയുന്ന അമ്മമാരോട് വീഡിയോയിലൂടെ തനിക്ക് പറയാനുള്ള ചില കാര്യങ്ങൾ പറയുകയാണ് ഈ യുവതി.
സെൻട്രൽ ലണ്ടനിൽ കഴിയുന്ന ഇന്ത്യൻ വംശജയായ സ്ത്രീയാണ് താനും ഭർത്താവും ഒരു ചെറിയ അപ്പാർട്ട്മെന്റിൽ തങ്ങളുടെ 7 മാസം പ്രായമുള്ള കുഞ്ഞിനെ വളർത്തുന്നതിനെ കുറിച്ച് പറയുന്നത്. താനത് ആസ്വദിക്കുന്നുവെന്നും അതിന്റെ കാരണങ്ങളും കൂടി അവർ തന്റെ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.
നടാഷ എന്ന യുവതിയാണ് ഇത്തരം ചെറിയ വീടുകളിൽ താമസിക്കുന്നതിന്റെ നല്ല വശങ്ങളെ കുറിച്ച് കൂടി പറഞ്ഞുകൊണ്ട് വീഡിയോ ചെയ്തിരിക്കുന്നത്. നടാഷ പറയുന്നത്, ഇങ്ങനെ ചെറിയ അപാർട്മെന്റിൽ കുട്ടിയുമായി താമസിക്കുന്നതിന് ഒരുപാട് ഗുണങ്ങളുണ്ട് എന്നാണ്.
സ്ഥലപരിമിതി കാരണം, വീട്ടിലേക്ക് ഓരോ സാധനങ്ങളും സൂക്ഷിച്ചേ വാങ്ങൂ എന്നാണ് നടാഷ പറയുന്നത്. അതിനാൽ തന്നെ അതിനുള്ള കാശും ലാഭിക്കാം പിന്നെ എന്തെങ്കിലും പറ്റിയാൽ നന്നാക്കുന്നതിനുള്ള കാശും ലാഭിക്കാം. മാത്രമല്ല, ഈ പണം ഉപയോഗിച്ച് ഫാമിലി വെക്കേഷന് പോവുകയോ, മറ്റെന്തെങ്കിലും വാങ്ങുകയോ ചെയ്യാം എന്നും അവൾ പറയുന്നു.
അധികം സ്ഥലമില്ലാത്തതിനാൽ തന്നെ എല്ലാം വൃത്തിയാക്കി വയ്ക്കേണ്ടതിന്റെ ആവശ്യകത ഇത്തരം വീടുകൾക്കുണ്ട്. അതിനാൽ എപ്പോഴും വീട് വൃത്തിയായി ഇരിക്കുമെന്നും അവൾ പറയുന്നു.
അതുപോലെ ചെറിയ വീടായതിനാൽ എപ്പോഴും കുഞ്ഞുങ്ങൾക്ക് അരികിൽ തന്നെ നാമുണ്ടായിരിക്കും എന്നും വളരെ പെട്ടെന്ന് കുഞ്ഞുങ്ങൾക്ക് അടുത്തെത്താം എന്നും അവൾ പറയുന്നു. മാത്രമല്ല, കുറച്ച് സ്ഥലമേ ഉള്ളൂ എന്നതിനാൽ വീട്ടിൽ എല്ലാവരും ഒരുമിച്ച് തന്നെ ഉണ്ടായിരിക്കും എന്നാണ് നടാഷ പറയുന്നത്.
വലിയ വീടുകൾക്ക് അതിന്റേതായ ഗുണങ്ങളുണ്ട്. എന്നാൽ, തന്നെപ്പോലെ ചെറിയ അപാർട്മെന്റുകളിൽ താമസിക്കുന്നവരുണ്ടെങ്കിൽ അവർക്ക് വേണ്ടിയാണ് ഇത് പറയുന്നത് എന്നും അവൾ പറഞ്ഞു.
ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. ചെറിയ അപാർട്മെന്റുകളിൽ താമിക്കുന്ന പലരും ഈ വീഡിയോയ്ക്ക് അവളോട് നന്ദി പറഞ്ഞിട്ടുണ്ട്.