ജയ്പൂരിൽ നടന്ന വിവാഹ ചടങ്ങിനിടെ, അതിഥിയായി എത്തിയ മോഷ്ടാവ് വധുവിന്റെ സ്വർണ്ണാഭരണങ്ങളും പണവും അടങ്ങിയ ബാഗ് കവർന്നു. ഫോട്ടോ ഷൂട്ടിനിടെ സ്റ്റേജിൽ കയറി ബാഗ് കൈക്കലാക്കിയ ഇയാളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് തിരിച്ചറിഞ്ഞു.
രാജസ്ഥാനിലെ ജയ്പൂരിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ സ്വർണ്ണാഭരണങ്ങളും പണവും അടങ്ങിയ ബാഗ് കവർന്നു. ഫെബ്രുവരി 7 -ന് ജഗത്പുരയിലെ 'ചന്ദൻ വൺ' മാര്യേജ് ഗാർഡനിൽ നടന്ന നവീൻ കരോളിന്റെ വിവാഹ ചടങ്ങിനിടെയാണ് സിനിമയെ വെല്ലുന്ന രീതിയിൽ മോഷണം നടന്നത്. ഏകദേശം 4 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് വധുവിന് നഷ്ടപ്പെട്ടത്.
സ്യൂട്ടും ബ്ലേസറും ധരിച്ച് അതീവ മാന്യമായ വേഷത്തിലാണ് മോഷ്ടാവ് വിവാഹവേദിയിൽ എത്തിയത്. ചടങ്ങിൽ പങ്കെടുക്കാൻ വന്ന അതിഥികളിൽ ഒരാളാണെന്ന് കരുതി ആരും ഇയാളെ സംശയിച്ചില്ല. രാത്രി പത്തേകാലോടെ വധൂവരന്മാർ സ്റ്റേജിൽ ഫോട്ടോ എടുക്കുന്ന തിരക്കിലായ സമയത്താണ് മോഷണം നടന്നത്. സ്റ്റേജിന് ചുറ്റും ധാരാളം അതിഥികൾ കൂടിനിന്നിരുന്നെങ്കിലും, ആരുടെയും ശ്രദ്ധയിൽപ്പെടാതെ മോഷ്ടാവ് സ്റ്റേജിൽ കയറി വധുവിന്റെ അരികിലിരുന്ന ബാഗ് കൈക്കലാക്കി. നിമിഷങ്ങൾക്കുള്ളിൽ ബാഗ് തന്റെ കോട്ടിനുള്ളിൽ ഒളിപ്പിച്ച ശേഷം ഇയാൾ ജനക്കൂട്ടത്തിനിടയിലൂടെ പതുക്കെ നടന്നുപോയി.
ഫോട്ടോ ഷൂട്ട് കഴിഞ്ഞപ്പോഴാണ് ബാഗ് കാണാതായ വിവരം വധു തിരിച്ചറിഞ്ഞത്. ഉടൻ തന്നെ വീട്ടുകാർ വിവാഹ വേദിയിൽ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ഫോട്ടോഗ്രാഫർ എടുത്ത വീഡിയോകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോഴാണ് മോഷണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. പ്രതി വളരെ ലാഘവത്തോടെ ബാഗ് മോഷ്ടിക്കുന്നതും കോട്ടിനുള്ളിൽ ഒളിപ്പിച്ചു കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
വരന്റെ സഹോദരൻ നിതിൻ കരോൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ കണ്ടെത്താനായി തിരച്ചിൽ ഊർജിതമാക്കിയതായും ഇത്തരത്തിൽ വിവാഹങ്ങൾ ലക്ഷ്യമിടുന്ന മോഷണ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
