
പൻവേലിൽ നിന്ന് ഛത്രപതി ശിവജി മഹാരാജ് ടെർമിനസിലേക്ക് (CSMT) സർവീസ് നടത്തുന്ന എസി ലോക്കൽ ട്രെയിൻ ഒരൊറ്റ സ്റ്റേഷനിലും നിർത്താതെ മുന്നോട്ട് പാഞ്ഞ് പോയപ്പോൾ ആദ്യം അമ്പരപ്പും പിന്നാലെ ഭയന്നും യാത്രക്കാർ. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ റെയിൽവേ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടന രംഗത്തെത്തി.
മുംബൈ റെയിൽ പ്രവാസി സംഘയാണ് എക്‌സിൽ സംഭവത്തിന്‍റെ വീഡിയോ പങ്കുവച്ചത്. ട്രെയിൻ തുടർച്ചയായി സഞ്ചരിക്കുന്നതിനിടെ കോച്ചിനുള്ളിലെ യാത്രക്കാർ ആശങ്കയോടെ പരസ്പരം സംസാരിക്കുന്നതും ചിലർ അടിയന്തര ഇന്‍റർകോമിന് സമീപം ഒത്തുകൂടുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരു കുട്ടിയുൾപ്പെടെ എട്ട് മുതൽ പത്ത് യാത്രക്കാർ വരെ കോച്ചിലുണ്ടായിരുന്നതായാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്.
Panvel to CSMT train not stopping on any station , Commuters panicked. @drmmumbaicr @GM_CRly investigate and take immediate action on culprit. Why we don't have Controlled Trains ? Luckily none is harm otherwise it was disaster. @AshwiniVaishnaw @Dev_Fadnavis @PMOIndia pic.twitter.com/tJ6XetBnLY
— मुंबई Mumbai Rail Pravasi Sangha (@MumRail) September 8, 2026
ട്രെയിൻ സ്റ്റേഷനുകളിൽ നിർത്താത്തതിന്‍റെ കാരണം അറിയാൻ രണ്ടോ മൂന്നോ യാത്രക്കാർ എമർജൻസി ഇന്‍റർകോം വഴി ലോക്കോ പൈലറ്റുമായി ബന്ധപ്പെടാൻ ശ്രമിച്ചതായും റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ഗുരുതര ആശങ്ക ഉയർത്തിയ യാത്രക്കാരുടെ സംഘടന, റെയിൽവേ അധികൃതരോട് അടിയന്തര അന്വേഷണം ആവശ്യപ്പെട്ടു. ഇത്തരമൊരു സാഹചര്യം നിയന്ത്രിക്കാൻ ആവശ്യമായ സംവിധാനങ്ങൾ എന്തുകൊണ്ട് പ്രവർത്തിച്ചില്ലെന്നും സംഘടന ചോദിച്ചു.
വൈറൽ പോസ്റ്റിന് മറുപടിയായി റെയിൽവേ സേവ വിഷയം ബന്ധപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥന്‍റെ ശ്രദ്ധയിൽപ്പെടുത്തിയെന്നും മുംബൈ ഡിവിഷൻ ഡിആർഎമ്മിനെയും പ്രതികരണത്തിൽ ടാഗ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതുവരെയും എന്തുകൊണ്ടാണ് ട്രെയിൻ ഒരു സ്റ്റേഷനിലും നിർത്താതെ പോയതെന്ന കാര്യത്തിൽ റെയിൽവേയുടെ ഭാഗത്ത് നിന്നും ഔദ്ധ്യോഗികമായ പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ട്രെയിൻ കാർ ഷെഡിലേക്കാണ് പോയതെന്നും യാത്രക്കാരെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് അവകാശപ്പെട്ടു. എന്നാൽ, അതേസയമം ഈ വാദം സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ട്രെയിൻ സാധാരണ യാത്രാ സർവീസിലായിരുന്നോ അതോ കാർ ഷെഡിലേക്കുള്ള യാത്രയിലായിരുന്നോ എന്നതും വ്യക്തമല്ല. ഇക്കാര്യത്തിലും റെയിൽവേയുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.