
ഇന്നത്തെ തിരക്കുപിടിച്ച ജീവിത ശൈലിയിൽ, മണിക്കൂറുകളോളം ഒരേയിരിപ്പിരുന്ന് ജോലി ചെയ്യുന്ന കോർപ്പറേറ്റ് ജീവനക്കാർക്കിടയിൽ അമിതഭാരം വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. അതിനാൽ തന്നെ വണ്ണം കുറയ്ക്കാനുള്ള ഉൽപ്പന്നങ്ങളുടെയും ജിം പരസ്യങ്ങളുടെയും പ്രളയമാണ് സമൂഹ മാധ്യമങ്ങളിലും മറ്റ് പൊതുവിടങ്ങളിലും. ഇതിനിടയിലാണ് ജപ്പാനിൽ നിന്നുള്ള ഒരു ഫിറ്റ്നസ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ ലക്ഷണക്കണക്കിന് ആളുകളെ ആകർഷിച്ച് കൊണ്ട് തരംഗമാകുന്നത്.
വെറും 4 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ വ്യായാമം ദിവസവും കൃത്യമായി പിന്തുടർന്നാൽ ഒരു ആഴ്ച കൊണ്ട് 5 കിലോഗ്രാം വരെ ഭാരം കുറയ്ക്കാനാകുമെന്നാണ് വീഡിയോയിലെ പ്രധാന അവകാശവാദം. "ഡംബെല്ലുകൾ ദൂരെയെറിയൂ, പാർശ്വഫലങ്ങളൊന്നുമില്ലാത്ത ഈ ലളിതമായ രീതി പരീക്ഷിക്കൂ" എന്നതാണ് വീഡിയോ നൽകുന്ന സന്ദേശം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ (X) റീപോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 30 ലക്ഷത്തിലധികം ആളുകൾ കാണുകയും 60,000-ത്തോളം ലൈക്കുകൾ നേടുകയും ചെയ്തു. വീഡിയോയ്ക്ക് താഴെ സമ്മിശ്രവും രസകരവുമായ പ്രതികരണങ്ങളാണ് ആളുകൾ പങ്കുവെക്കുന്നത്.'
영상은 길이는 고작 4분.
일주일동안 매일 루틴으로 하면
-5kg이 빠진다는 일본 다이어트 영상.
지금 일본에서 엄청난 유행임.
마운자로 집어 던지고 이거하자.
부작용 따위 없다. pic.twitter.com/J5ewOHbnui— rrace🇰🇷 (@junssi1982) August 31, 2026
"യാതൊരു ബുദ്ധിമുട്ടുമില്ലാതെ ദിവസവും 4 മിനിറ്റ് മാറ്റി വെച്ചുകൊണ്ട് ഇത് ചെയ്തു തുടങ്ങാം. എന്നാൽ വ്യായാമത്തിലെ സ്ഥിരതയാണ് ഏറ്റവും പ്രധാനം," എന്ന് ഒരു ഉപയോക്താവ് കുറിച്ചു."ഈ രീതിയെ തള്ളിക്കളയുന്നവർ ജീവിതത്തിൽ ഒരിക്കൽ പോലും വ്യായാമം ചെയ്യാത്തവരായിരിക്കും. എന്തെങ്കിലും ഒരു വ്യായാമം ചെയ്യുന്നത് തീർച്ചയായും നല്ല കാര്യമാണ്. 4 മിനിറ്റാണെങ്കിൽ പോലും ആളുകളെ വ്യായാമം ചെയ്യാൻ ഇത് പ്രചോദിപ്പിക്കുന്നുണ്ടെങ്കിൽ അത് വലിയൊരു കാര്യമാണ്," എന്ന് മറ്റൊരു വ്യക്തി അഭിപ്രായപ്പെട്ടു.
"ഒരു ആഴ്ച ഞാൻ ഇത് ചെയ്തു നോക്കി ഫലം പറയാം. എന്നാൽ ഇതിലൂടെ വലിയ അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കരുത്, കൃത്യതയോടെ ചെയ്യുക എന്നതാണ് കാര്യം," എന്ന് മൂന്നാമതൊരാൾ കമന്‍റ് ചെയ്തു. "ഇപ്പോഴത്തെ പല പോപ്പ് പാട്ടുകളേക്കാളും നീളമുണ്ട് ഈ 4 മിനിറ്റ് വ്യായാമത്തിന്! എങ്കിലും ഒന്നും ചെയ്യാതിരിക്കുന്നതിലും നല്ലതാണല്ലോ എന്തെങ്കിലും ചെയ്യുന്നത്," എന്നാണ് മറ്റൊരാൾ കുറിച്ചത്. വ്യായാമം ചെയ്യാൻ സമയം കിട്ടാത്തവർക്ക് ഇതൊരു മികച്ച തുടക്കമാണെങ്കിലും, ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് വലിയ ഭാരം കുറയുമെന്ന അവകാശവാദങ്ങളിൽ ജാഗ്രത വേണമെന്നാണ് ഫിറ്റ്നസ് വിദഗ്ധരുടെ അഭിപ്രായം.