'യുഎസ് ഇപ്പോൾ മരിച്ച് കഴിഞ്ഞു, ഇങ്ങോട്ട് ആരും വരേണ്ട'; ഇന്ത്യൻ യുവാവിന്‍റെ മുന്നറിയിപ്പ്, ചർച്ചയായി യുഎസ് വിസാ നയം, വീഡിയോ

Published : Sep 01, 2026, 10:17 AM IST
Warning to Indian students regarding US visas

Synopsis

അമേരിക്കയിലേക്ക് പഠനത്തിനും ജോലിക്കുമായി പോകുന്നവർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ യുവാവ് അനുഷ്ക് ശർമ. യുഎസിലെ വിസ, തൊഴിൽ നയങ്ങളിലെ അനിശ്ചിതത്വം കാരണം മറ്റ് രാജ്യങ്ങൾ പരിഗണിക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു. സിപിടി, ഒപിടി, എച്ച് 1 ബി വിസകളിലെ മാറ്റങ്ങളാണ് പ്രധാന ആശങ്കയായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

മേരിക്കയിലേക്ക് പഠനത്തിനും ജോലിക്കുമായി പോകാൻ ഒരുങ്ങുന്ന ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ യുവാവ് അനുഷ്ക് ശർമ. നിലവിൽ യുഎസിലെ വിസ, തൊഴിൽ നയങ്ങളിലെ അനിശ്ചിതത്വം കണക്കിലെടുത്ത് ഇപ്പോൾ അമേരിക്കയിലേക്ക് വലിയ സാമ്പത്തിക നിക്ഷേപം നടത്തുന്നത് ഒഴിവാക്കണമെന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അനുഷ്ക് ശർമ ആവശ്യപ്പെട്ടത്. 'യുഎസ് ഇപ്പോൾ മരിച്ച് കഴിഞ്ഞു' എന്ന പരാമർശത്തോടെ പങ്കുവയ്ക്കപ്പെട്ട അനുഷ്ക് ശർമയുടെ വീഡിയോ വലിയ ശ്രദ്ധയാണ് നേടുന്നത്.

'യുഎസ് തീർന്നു, മറ്റ് രാജ്യങ്ങൾ തെരഞ്ഞെടുക്കുക'

അമേരിക്കയിലേക്ക് വരുന്ന ഇന്ത്യൻ വിദ്യാർഥികളെ താൻ നേരത്തെ സഹായിച്ചിരുന്നുവെന്നും എന്നാൽ, നിലവിലെ സാഹചര്യത്തിൽ യുഎസ് ശുപാർശ ചെയ്യാൻ കഴിയില്ലെന്നും ശർമ പറയുന്നു. പ്രത്യേകിച്ച് ബിസിനസ് പ്രോഗ്രാമുകൾ തെരഞ്ഞെടുക്കുന്നവർ മറ്റ് രാജ്യങ്ങളിലെ സർവകലാശാലകൾ പരിഗണിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഓക്സ്ഫഡ്, കേംബ്രിജ് സർവകലാശാലകൾക്കൊപ്പം കാനഡ, ജർമനി, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാഭ്യാസ കേന്ദ്രങ്ങളെ അദ്ദേഹം ചൂണ്ടിക്കാട്ടി.

സിപിടി, ഒപിടി, എച്ച് 1 ബി വിസ

അമേരിക്കയിലെ അന്താരാഷ്ട്ര വിദ്യാർഥികളുടെ ജോലി അവസരങ്ങളുമായി ബന്ധപ്പെട്ട സിപിടി (Curricular Practical Training), ഒപിടി (Optional Practical Training) സംവിധാനങ്ങളിലെ മാറ്റങ്ങളാണ് പ്രധാന ആശങ്കകളിലൊന്ന്. സിപിടി പൂർണമായി റദ്ദാക്കിയിട്ടില്ലെങ്കിലും പുതിയ കംപ്ലയൻസ് വ്യവസ്ഥകൾ കാരണം ചില സർവകലാശാലകളിൽ കോഴ്സ് ക്രെഡിറ്റുമായി ബന്ധപ്പെട്ട സിപിടി ലഭ്യത കുറഞ്ഞതായി ശർമ വ്യക്തമാക്കി. ഒപിടി, എച്ച് 1 ബി എന്നിവയുമായി ബന്ധപ്പെട്ട നിർദേശങ്ങളും സാമ്പത്തിക ബാധ്യതകളും അനിശ്ചിതത്വം വർധിപ്പിക്കുന്നതായും അദ്ദേഹം പറയുന്നു.

സമ്മിശ്ര പ്രതികരണം

ശർമയുടെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിലർ നിലവിലെ സാഹചര്യത്തിൽ വിദ്യാർഥികൾ അമേരിക്കയിലേക്ക് പോകുന്നത് പുനഃപരിശോധിക്കുന്നത് നന്നായിരിക്കുമെന്ന് കുറിച്ചു. എന്നാൽ, എല്ലാ മേഖലകളെയും ഒരുപോലെ വിലയിരുത്തരുതെന്നും സാങ്കേതിക മേഖലയ്ക്കാണ് കൂടുതൽ വെല്ലുവിളിയെന്നും മറ്റുചിലർ അഭിപ്രായപ്പെട്ടു. എന്നാൽ ഇതൊരു തെറ്റായ സന്ദേശമാണെന്നും സിപിടി പൂർണമായി നിർത്തിയെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും മറ്റു ചിലർ ചൂണ്ടിക്കാട്ടി.

PREV
Read more Articles on
click me!

Recommended Stories

കോസ്റ്റ്കോ സ്റ്റോറിനുള്ളിൽ രണ്ട് ചുവട് 'തിരുവാതിരക്കളി'; മലയാളി യുവതിയുടെ നൃത്തത്തിൽ രണ്ട് തട്ടിലായി നെറ്റിസെൺസ്, വീഡിയോ
ഇന്ത്യയിൽ 1 ലക്ഷം ശമ്പളമുണ്ടെങ്കിൽ വിദേശത്തൊന്നും പോകണ്ട; പ്രവാസി പറയുന്നു