
തിരക്കുപിടിച്ച ഈ ജീവിതത്തിനിടയിലും മറ്റുള്ളവരോട് കരുണ കാണിക്കാൻ, അവരെ കൂടി പരിഗണിക്കാൻ സമയം കണ്ടെത്തുന്ന ചില മനുഷ്യരുണ്ട്. അത്തരം കുഞ്ഞുകുഞ്ഞു സംഭവങ്ങളാണ് മനുഷ്യത്വത്തിലുള്ള വിശ്വാസം മുറുക്കെ പിടിക്കാൻ നമ്മെ സഹായിക്കുന്നത്. അതുപോലെ, ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. വെള്ളപ്പൊക്കത്തിൽ റോഡിൽ കുടുങ്ങിപ്പോയ ഒരു യുവതിയെ ബൈക്ക് യാത്രികൻ സഹായിക്കുന്ന മനോഹരമായ ദൃശ്യങ്ങളാണ് ഇത്. ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ നിന്നാണ് ഈ ഹൃദയസ്പർശിയായ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.
ശ്രീകാന്ത് വർമ്മ മാർഗിലെ വെള്ളം നിറഞ്ഞ റോഡിലൂടെ പോവുകയായിരുന്ന സൗരഭ് ഭാർഗവ എന്ന യുവാവാണ് ഈ ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചിരിക്കുന്നത്. യാത്രയ്ക്കിടയിലാണ് സ്കൂട്ടറുമായി വെള്ളക്കെട്ടിൽ ഒരടി പോലും മുന്നോട്ട് നീങ്ങാനാവാതെ കുടുങ്ങിക്കിടക്കുന്ന യുവതിയെ ഇയാൾ ശ്രദ്ധിക്കുന്നത്. ഒട്ടും ആലോചിക്കാതെ വണ്ടി നിർത്തിയ യുവാവ്, 'മാഡം, എന്തെങ്കിലും സഹായം വേണോ?' എന്ന് ചോദിച്ച് അവർക്കരികിലേക്ക് ചെല്ലുകയായിരുന്നു.
'വേണം ഭയ്യാ' എന്ന വിഷമത്തോടെയുള്ള യുവതിയുടെ മറുപടി കേട്ട ഉടൻ, 'വിഷമിക്കേണ്ട, ഞാൻ നോക്കാം' എന്ന് യുവാവ് ഉറപ്പുനൽകി. വെള്ളത്തിനടിയിൽ സ്കൂട്ടറിനിടയിൽ തന്റെ കാൽ കുടുങ്ങിപ്പോയതായി യുവതി പറയുന്നു. യുവാവ് ഉടൻ തന്നെ വാഹനത്തിൽ നിന്നിറങ്ങി പരിശോധിക്കുകയും കാലിൽ ഉടക്കിയിരുന്ന വസ്തു നീക്കം ചെയ്ത് അവരെ സുരക്ഷിതയാക്കുകയും ചെയ്യുകയായിരുന്നു.
തുടർന്ന് യുവതിയെ സുരക്ഷിതമായി മാറ്റി നിർത്തിയ ശേഷം, ഇയാൾ സ്കൂട്ടർ ഓടിച്ച് വെള്ളമില്ലാത്ത ഉയർന്ന സ്ഥലത്തേക്ക് മാറ്റി പാർക്ക് ചെയ്തു. ഇതിനിടയിൽ യുവതിക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന് അന്വേഷിക്കാനും യുവാവ് മറന്നില്ല. വാഹനം സുരക്ഷിത സ്ഥാനത്ത് എത്തിച്ചതിന് ശേഷം യുവതി യുവാവിനോട് നന്ദി പറഞ്ഞു. അവിടെ നിന്ന് തിരിക്കുന്നതിന് മുൻപും അവർക്ക് മറ്റ് ബുദ്ധിമുട്ടുകൾ ഒന്നുമില്ലെന്ന് ഉറപ്പുവരുത്താൻ യുവാവ് ശ്രദ്ധിച്ചിരുന്നു.
'കണ്ടന്റ് ഉണ്ടാക്കാൻ ഇറങ്ങിയതായിരുന്നു, പക്ഷേ ഒടുവിൽ പ്രാർത്ഥനയും പുണ്യവും വാങ്ങിയാണ് മടങ്ങിയത്' എന്ന കുറിപ്പോടെയാണ് യുവാവ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'നിങ്ങളാൽ കഴിയുന്നത്ര മറ്റുള്ളവരെ സഹായിക്കുക' എന്ന സന്ദേശവും ക്യാപ്ഷനായി നൽകിയിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ലക്ഷങ്ങൾ കണ്ടിരിക്കുന്ന വീഡിയോയ്ക്ക് സ്നേഹത്തെയും കരുണയേയും കുറിച്ചുള്ള അനേകം കമന്റുകളും കാണാം.