
കേരളമടക്കം പല സംസ്ഥാനങ്ങളും കൊടും ചൂടിൽ വെന്തുരുകുകയാണ്. മനോഹരമായ കാലാവസ്ഥയുടെ പേരിൽ അറിയപ്പെട്ടിരുന്ന ബെംഗളൂരുവിന്റെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. ചുട്ടുപൊള്ളുന്ന വെയിലിൽ ആളുകൾ കഷ്ടത്തിലാണ്. അവിടെ നിന്നും മനോഹരമായ ഒരു കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. റോഡരികിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഐസ്‌ക്രീം നൽകുന്ന ഒരു യുവാവാണ് വീഡിയോയിലൂടെ ആളുകളുടെ ഹൃദയം കവരുന്നത്. ലക്ഷ്മൺ ഗോസ്വാമി എന്ന യൂസറാണ് ഇൻസ്റ്റഗ്രാമിൽ ഈ ഹൃദ്യമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. '40 ഡിഗ്രി ചൂട്, ഒരു ഐസ്‌ക്രീം, ഒരുപാട് പുഞ്ചിരി' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നഗരത്തിലെ റോഡരികിലും മറ്റും ജോലിയെടുക്കുന്ന തൊഴിലാളികളെ ലക്ഷ്മൺ സമീപിക്കുന്നത് വീഡിയോയിൽ കാണാം. പൊള്ളുന്ന വെയിലിൽ തളർന്നുനിൽക്കുന്ന തൊഴിലാളികൾക്ക് യുവാവ് സ്നേഹത്തോടെ ഐസ്‌ക്രീം നൽകുന്നു. ആദ്യം അമ്പരന്നെങ്കിലും, അപ്രതീക്ഷിതമായി കിട്ടിയ ഈ കൊച്ചു സമ്മാനത്തിൽ അവരെല്ലാവരും പുഞ്ചിരിയോടെ നന്ദി പറയുന്നതും വീഡിയോയിൽ കാണാം .
വീഡിയോ ഷെയർ ചെയ്തതോടെ നിരവധിപ്പേരാണ് അത് കണ്ടിരിക്കുന്നതും കമന്റുകളുമായി എത്തിയിരിക്കുന്നതും. 'മനുഷ്യത്വം ഇന്നും മരിച്ചിട്ടില്ലെന്നാണ് ഈ ദൃശ്യങ്ങൾ തെളിയിക്കുന്നത്' എന്നാണ് ഒരാൾ കമന്റ് നൽകിയത്. 'ചെറിയ പ്രവൃത്തികൾ പോലും വലിയ മാറ്റങ്ങളുണ്ടാക്കും എന്നതിനൊരു ഉദാഹരണമാണ് ഇത്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ' ഈ കഠിനമായ ചൂടിലും കഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് ഇതൊരു വലിയ ആശ്വാസമാണ് ' എന്നായിരുന്നു മറ്റൊരാൾക്ക് പറയാനുണ്ടായിരുന്നത്. 'കാരുണ്യത്തിന് പണം ചിലവില്ല , പക്ഷേ അത് നൽകുന്ന സന്തോഷം വിലമതിക്കാനാവാത്തതാണ്' എന്നാണ് മറ്റൊരാൾ പറഞ്ഞത്. അതേസമയം, കേരളത്തിലും കൊടും ചൂട് തുടരുക തന്നെയാണ്.