
വെറുപ്പും വിദ്വേഷവും പരിഹാസവും നിറഞ്ഞ അനേകം വീഡിയോകൾ കൊണ്ട് സമ്പന്നമാണ് സോഷ്യൽ മീഡിയ. എന്നാൽ, അതേസമയം തന്നെ നമ്മുടെ മനസിനെ സ്പർശിക്കുന്ന നന്മ നിറഞ്ഞ അനേകം വീഡിയോകളും കാണാം. മനുഷ്യത്വത്തിൽ വിശ്വാസം നശിച്ചിട്ടില്ല എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള അത്തരം വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ ആളുകളുടെ മനം കവരുന്നത്.
മണിപ്പൂരിൽ വെള്ളപ്പൊക്കത്തിനിടെ മുങ്ങിത്താണുപോയ ഒരു നായയെ രക്ഷിക്കാൻ ഒരു യുവാവ് നടത്തുന്ന പരിശ്രമങ്ങളാണ് വീഡിയോയിൽ കാണുന്നത്. വീഡിയോ എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത് ഡയാന എന്ന യൂസറാണ്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മുങ്ങി ഒഴുകിപ്പോവുകയായിരുന്ന നായയെ ഇയാൾ ഒന്നും നോക്കാതെ എടുത്തുചാടി രക്ഷിക്കുകയായിരുന്നു എന്നാണ് വീഡിയോയുടെ കാപ്ഷനിൽ നിന്നും മനസിലാവുന്നത്.
വീഡിയോയിൽ ഇയാൾ വെള്ളമൊന്നും വകവയ്ക്കാതെ അതിലേക്ക് എടുത്തുചാടി നീന്തി നായയുടെ അരികിലേക്ക് പോകുന്നത് കാണാം. വെള്ളത്തിൽ പെട്ടുപോയ നായ വളരെ ഭയന്നാണിരിക്കുന്നത്. ഇയാൾ നായയുടെ അടുത്തെത്തുകയും അതിനെ സുരക്ഷിതമായി വെള്ളത്തിൽ നിന്നും രക്ഷിച്ചു കൊണ്ടുവരികയുമാണ് ചെയ്യുന്നത്.
സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന ഈ വീഡിയോ അനേകങ്ങളാണ് കണ്ടിരിക്കുന്നത്. യുവാവിനെ അഭിനന്ദിച്ചുകൊണ്ടും നന്ദി പറഞ്ഞുകൊണ്ടും നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയതും. അതിൽ, മനുഷ്യരും നായകളും തമ്മിലുള്ള കാലങ്ങളായി തുടരുന്ന സൗഹൃദത്തെ കുറിച്ചും അടുപ്പത്തെ കുറിച്ച് സൂചിപ്പിച്ചുകൊണ്ട് കമന്റുകൾ നൽകിയ അനേകങ്ങളുണ്ട്.
അതേസമയം, മണിപ്പൂരിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിനിടയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തൊട്ടാകെയുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും 3,802 പേരെ ബാധിച്ചതായും 883 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായിട്ടുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.