മഞ്ഞ കുർത്തയണിഞ്ഞ് ഉർദു ഷായരി ചൊല്ലി വൈറലായ യുവതി. വീഡിയോ കണ്ടത് 2.8 കോടി ആളുകൾ. എന്നാല്‍, പിന്നാലെ ട്വിസ്റ്റുണ്ട്.
മഞ്ഞ കുർത്തയണിഞ്ഞ് വേദിയിൽ മൈക്കിന് മുന്നിൽ നിന്ന് ഉർദു ഷായരി (കവിത) ചൊല്ലുന്ന ഒരു യുവതിയുടെ വീഡിയോ. ഇത് ഇൻസ്റ്റഗ്രാമിൽ വെറും 24 മണിക്കൂറിനുള്ളിൽ കണ്ടത് 2.8 കോടി (28 മില്ല്യൺ) പേരാണ്. 'പഴയ പാരമ്പര്യമുള്ള സമ്പന്നർ എപ്പോഴും വിനയമുള്ളവരായിരിക്കും, എന്നാൽ, നിന്റെ പെരുമാറ്റം കാണിക്കുന്നത് ഇത് നിനക്ക് ഈയിടെ കിട്ടിയ സമ്പത്താണെന്നാണ്' എന്ന അർത്ഥം വരുന്ന വരികളാണ് യുവതി പറയുന്നത്. പഞ്ചാബി എന്ന് സ്വയം പരിചയപ്പെടുത്തുന്ന തൻവി ജോഷി എന്ന പേരിലുള്ള യൂസറാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
എന്നാൽ, ഈ വീഡിയോയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യം വൈകിയാണ് ലോകമറിഞ്ഞത്. തൻവി ജോഷി എന്നൊരാൾ യഥാർത്ഥത്തിലില്ല! പകരം ആളുകൾ കണ്ടുകൊണ്ടിരുന്ന വീഡിയോ എഐ നിർമ്മിതമാണ്. വീഡിയോ കണ്ട ലക്ഷക്കണക്കിന് ആളുകൾ ഇതൊരു യഥാർത്ഥ വ്യക്തിയാണെന്ന് തന്നെയാണ് വിശ്വസിച്ചിരുന്നത്. മാത്രമല്ല, അതിലുപയോഗിച്ചിരിക്കുന്ന ശബ്ദം തന്നെ മോഷണമാണ്. വീഡിയോയിൽ കേൾക്കുന്ന ശബ്ദം തൻവിയുടേതല്ലെന്നർത്ഥം.
താനെ മുൻസിപ്പൽ കോർപ്പറേഷൻ കോർപ്പറേറ്ററായ മർസിയ ഷാനു പഠാൻ ഒരു ചടങ്ങിൽ പ്രസംഗിച്ചതിന്റെ ഓഡിയോ ആണ് ഇതിനായി ഉപയോഗിച്ചത്. മർസിയ പഠാൻ തന്നെ വീഡിയോയ്ക്ക് താഴെ 'ഇത് എന്റെ ശബ്ദമാണല്ലോ' എന്ന് കമന്റ് ചെയ്തതോടെയാണ് പലരും ഇതിലെ ചതി തിരിച്ചറിഞ്ഞത്. യഥാർത്ഥ ശബ്ദത്തിന്റെ ഉടമയായ മർസിയയുടെ വീഡിയോയ്ക്ക് ലഭിച്ചതാവട്ടെ വെറും 9 ലക്ഷം വ്യൂസ് മാത്രം.
ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇത്രയും വിശ്വസനീയമായ രീതിയിൽ വീഡിയോ തയ്യാറാക്കുകയും അനേകങ്ങൾ അത് വിശ്വസിക്കുകയും ചെയ്യുന്ന അവസ്ഥ അപകടകരം തന്നെ എന്നാണ് പലരും അഭിപ്രായപ്പെട്ടത്.
