
വൈദ്യുതാഘാതമേറ്റ പാമ്പിന് സിപിആർ നൽകി പാമ്പുപിടിത്തക്കാരനായ യുവാവ്. സ്വന്തം വായിൽ നിന്നും പാമ്പിന്റെ വായയിലേക്ക് സിപിആർ നൽകുന്ന വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു. ഗുജറാത്തിലെ വൽസാദിലാണ് സംഭവം നടന്നത്. വൈദ്യുതാഘാതമേറ്റ പാമ്പിനെ വായയിൽ നിന്ന് വായയിലേക്ക് സിപിആർ നൽകി വിജയകരമായി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് യുവാവ് ചെയ്തത്. ഇരയെ തേടിയെത്തിയ പാമ്പ് ത്രീ-ഫേസ് വൈദ്യുതി ലൈനിൽ കയറിയപ്പോഴാണ് അതിന് വൈദ്യുതാഘാതമേറ്റത്. തുടർന്ന് ഏകദേശം 15 അടി താഴ്ചയിലേക്ക് വീണ് അബോധാവസ്ഥയിലായി. ആ സമയത്താണ് മുകേഷ് വായദിനെ നാട്ടുകാർ സഹായം തേടി വിളിക്കുന്നതും അയാൾ സ്ഥലത്തെത്തുന്നതും.
പ്രാദേശിക പാമ്പ് ഗവേഷണ സ്ഥാപനത്തിൽ നിന്ന് പരിചയവും പരിശീലനവും നേടിയ ആളാണ് മുകേഷ് വായദ്. പാമ്പ് അനക്കവും പ്രതികരണമില്ലാതെ കിടക്കുന്നതായി യുവാവ് കണ്ടെത്തി. പിന്നാലെ, അതിന് സിപിആർ നൽകുകയായിരുന്നു. അരമണിക്കൂറോളം നീണ്ട നിരന്തരമായ പരിശ്രമത്തിനുശേഷം, പാമ്പ് ജീവനുള്ളതിന്റെ ലക്ഷണങ്ങൾ കാണിക്കാനും ചലിക്കാനും തുടങ്ങി. പാമ്പ് പൂർണ്ണമായി സുഖം പ്രാപിച്ചു എന്ന് മനസിലാക്കിയ ശേഷം പിന്നീട് അടുത്തുള്ള വനപ്രദേശത്തേക്ക് അതിനെ തുറന്നുവിടുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. വളരെ പെട്ടെന്നാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. വീഡിയോയിൽ മുകേഷ് പാമ്പിനെ ജീവിത്തത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുന്നതായി കാണാം. പാമ്പിനെ സഹായിച്ചതിന് ഒരുപാടുപേർ യുവാവിനെ അഭിനന്ദിച്ചു. എന്നാൽ, വിദഗ്ദ്ധരുൾപ്പടെ അനേകം ആളുകൾ ഈ പ്രവൃത്തിയിലെ അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നൽകാനും മറന്നില്ല. ഇത് അനുകരിക്കരുത് എന്നും വലിയ അപകടത്തിലേക്ക് പോകാനുള്ള സാധ്യതയുണ്ട് എന്നുമാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്.