'മികച്ചതെല്ലാം ഞങ്ങൾക്ക് നൽകിയ അമ്മയ്ക്ക്...'; എമിറേറ്റ്‌സ് ഫസ്റ്റ് ക്ലാസ് ടിക്കറ്റ് സമ്മാനിച്ച് മകൻ

Published : Sep 18, 2026, 09:18 PM IST
Viral video

Synopsis

‘മുംബൈയിലേക്കുള്ള യാത്ര ബിസിനസ് ക്ലാസിലാണെന്നാണ് ഞാൻ അമ്മയോട് പറഞ്ഞിരുന്നത്. ഫസ്റ്റ് ക്ലാസിലേക്ക് അപ്‌ഗ്രേഡ് ചെയ്ത വിവരം ഞാൻ രഹസ്യമാക്കി വെച്ചു.’

അമ്മമാർ മക്കൾക്കായി നടത്തുന്ന ത്യാഗങ്ങൾക്ക് പകരമായി മക്കൾ തിരികെ ചില സമ്മാനങ്ങളെല്ലാം നൽകാറുണ്ട്. അത്തരത്തിൽ അമേരിക്കയിലുള്ള ഒരു പ്രവാസി യുവാവ് തൻ്റെ അമ്മയ്ക്ക് നൽകിയ ഒരു അപ്രതീക്ഷിത സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ മനം കവരുന്നത്. മുംബൈയിലേക്കുള്ള യാത്രയ്ക്കായി സാൻ ഫ്രാൻസിസ്കോ വിമാനത്താവളത്തിലെത്തിയ അമ്മയ്ക്ക് എമിറേറ്റ്‌സ് വിമാനത്തിൻ്റെ പ്രീമിയം ഫസ്റ്റ് ക്ലാസ് ടിക്കറ്റ് അപ്‌ഗ്രേഡ് ചെയ്ത് നൽകിയാണ് അതുൽ എന്ന യുവാവ് സർപ്രൈസ് ഒരുക്കിയത്.

സാരി ധരിച്ച് എമിറേറ്റ്‌സിൻ്റെ ചെക്ക്-ഇൻ കൗണ്ടറിന് മുന്നിൽ ബോർഡിംഗ് പാസും പാസ്‌പോർട്ടും പിടിച്ച് നിൽക്കുന്ന അമ്മയുടെ വീഡിയോ അതുൽ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് (@atulbranade) പങ്കുവെച്ചത്. തുടക്കത്തിൽ സാധാരണ ബിസിനസ് ക്ലാസിലാണ് താൻ യാത്ര ചെയ്യുന്നതെന്നാണ് അമ്മ കരുതിയിരുന്നത്. എന്നാൽ, ബോർഡിംഗ് പാസിലേക്ക് വീണ്ടും ഒന്നുകൂടി ശ്രദ്ധിച്ചു നോക്കാൻ അതുൽ മറാത്തി ഭാഷയിൽ അമ്മയോട് ആവശ്യപ്പെടുകയായിരുന്നു. ടിക്കറ്റിൽ 'FIRST' എന്ന് അച്ചടിച്ചിരിക്കുന്നത് ചൂണ്ടിക്കാണിച്ചതോടെയാണ് തനിക്ക് ലഭിച്ച ബിസിനസ് ക്ലാസ് ടിക്കറ്റ് ഫസ്റ്റ് ക്ലാസിലേക്ക് മാറ്റിയിട്ടുണ്ടെന്ന സത്യം ആ അമ്മ തിരിച്ചറിയുന്നത്.

ആദ്യത്തെ ആശയക്കുഴപ്പത്തിന് ശേഷം, ആ സന്തോഷവാർത്ത വിശ്വസിക്കാനാവാതെ നെറ്റിയിൽ കൈവെച്ച് അത്ഭുതപ്പെടുന്ന അമ്മയുടെ ഭാവങ്ങൾ അതിവേഗം ചിരിയിലേക്കും സന്തോഷത്തിലേക്കും വഴിമാറി. സർപ്രൈസിനു പിന്നിലെ വൈകാരികമായ കാരണം പറഞ്ഞുകൊണ്ട് അതുൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധ നേടി.

'മുംബൈയിലേക്കുള്ള യാത്ര ബിസിനസ് ക്ലാസിലാണെന്നാണ് ഞാൻ അമ്മയോട് പറഞ്ഞിരുന്നത്. ഫസ്റ്റ് ക്ലാസിലേക്ക് അപ്‌ഗ്രേഡ് ചെയ്ത വിവരം ഞാൻ രഹസ്യമാക്കി വെച്ചു. ജീവിതകാലം മുഴുവൻ ഞങ്ങൾക്ക് ഏറ്റവും മികച്ച സീറ്റും ഭക്ഷണത്തിലെ വലിയ പങ്കും എളുപ്പമുള്ള വഴികളും നൽകാനാണ് അമ്മ ശ്രമിച്ചത്. അതിന് പകരമായി എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണിത്' എന്നാണ് അതുൽ കുറിച്ചത്. അമ്മയും മകനും തമ്മിലുള്ള ഈ ആത്മബന്ധത്തിൻ്റെ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകമാണ് ഇൻ്റർനെറ്റിൽ വൈറലായത്.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യക്കാരുടെ പെരുമാറ്റം ലജ്ജിപ്പിച്ചു; കനേഡിയൻ വിമാനത്താവളത്തിലെ അനുഭവം പറഞ്ഞ് യുവതി
22,000 ശമ്പളമുള്ള സ്വകാര്യ മേഖലയിലെ ജോലി ഉപേക്ഷിച്ച് സർക്കാർ ജോലിയ്ക്ക്; ഇന്ന് മാസം 1.56 ലക്ഷം! വിജയരഹസ്യം പങ്കുവെച്ച് യുവതി, വീഡിയോ