ജീവൻ രക്ഷിച്ചത് മാവിൻ കൊമ്പ്; നേപ്പാളിലെ മുന്നൽ പ്രളയത്തിൽ നിന്നും രക്ഷപ്പെട്ട കുമാൽ, വീഡിയോ

Published : Aug 27, 2026, 11:45 AM IST
Nepal flood 2026

Synopsis

നേപ്പാൾ-തിബത്ത് അതിർത്തിയിലുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിൽ നിന്ന് നിർമ്മാണ തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെടുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പ്രളയത്തിൽ ഒഴുകിപ്പോയ ഒരു തൊഴിലാളി മാവിൻ കൊമ്പിൽ പിടിച്ച് കിടന്ന് രക്ഷപ്പെട്ടപ്പോൾ, മറ്റുള്ളവരെ സൈന്യം ഹെലികോപ്റ്ററിൽ എത്തി എയർലിഫ്റ്റ് ചെയ്യുകയായിരുന്നു.

നേപ്പാൾ - തിബത്ത് അതിർത്തിയിൽ ആഞ്ഞടിച്ച വിനാശകരമായ മിന്നൽ പ്രളയത്തിൽ നിന്ന് നിർമ്മാണ തൊഴിലാളികൾ അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. രസിവാ ജില്ലയിലെ നിർമ്മാണ മേഖലയിലേക്ക് കുത്തിയൊഴുകിയെത്തിയ വെള്ളപ്പൊക്കത്തിൽ നിന്ന് ഓടി രക്ഷപ്പെടുന്ന തൊഴിലാളികളുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. രക്ഷപ്പെടുന്നതിനിടയിൽ ഒരു തൊഴിലാളി പകർത്തിയതാണ് ഈ ദൃശ്യങ്ങൾ. പിന്നീട് സൈന്യത്തിന്‍റെ ഹെലികോപ്റ്റർ എത്തി ഇവരെ സുരക്ഷിതമായി എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.

അതിഭീകര ദൃശ്യങ്ങൾ

സുരക്ഷാ ഹെൽമറ്റുകളും ഓറഞ്ച് റിഫ്ലക്റ്റീവ് ജാക്കറ്റുകളും ധരിച്ച തൊഴിലാളികൾ ഉയർന്ന പ്രദേശത്തേക്ക് പ്രാണരക്ഷാർത്ഥം ഓടുന്ന ഭീതിജനകമായ രംഗങ്ങളാണ് ദൃശ്യങ്ങളിലുള്ളത്. തൊട്ടുപിന്നാലെ കൂറ്റൻ പാറക്കല്ലുകളും ചെളിയും നിറഞ്ഞ പ്രളയജലം അണപൊട്ടി ഒഴുകിയെത്തുകയായിരുന്നു. ഭീകരമായ അന്തരീക്ഷമായിരുന്നുവെന്നും മണിക്കൂറുകൾക്ക് ശേഷം രക്ഷാപ്രവർത്തകരുടെ ഹെലികോപ്റ്റർ എത്തിയതിനാലാണ് തങ്ങൾ ജീവനോടെ തിരിച്ചെത്തിയതെന്നും ദൃശ്യം പകർത്തിയ തൊഴിലാളി സോഷ്യൽ മീഡിയയിൽ കുറിച്ചു.

രക്ഷയായത് മാവിന്‍ കൊമ്പ്

നിർമ്മാണ തൊഴിലാളിയായ ബിബെക് കുമാൽ എന്ന യുവാവ് രക്ഷപ്പെട്ടത് ഒരു മാവിന്‍റെ കൊമ്പിൽ പിടിച്ച് നിന്നതിനാലാണ്. ​കെട്ടിട നിർമ്മാണ സ്ഥലത്ത് ടോയ്‌ലറ്റ് കുഴി നിർമ്മിക്കുന്നതിനിടയിലാണ് ഭീതിജനകമായ ശബ്ദത്തോടെ ചെളിയും കൂറ്റൻ പാറക്കല്ലുകളും വെള്ളവും ഇരച്ചെത്തിയത്. കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഓടി രക്ഷപ്പെടാൻ വിളിച്ചു പറഞ്ഞെങ്കിലും, കുഴിയിൽ നിന്ന് കയറുമ്പോഴേക്കും പ്രളയജലം കുമാലിനെ അടിച്ചു മാറ്റുകയായിരുന്നു. ​വലിയ ഒഴുക്കിൽപെട്ട് താഴ്ഭാഗത്തേക്ക് ഒഴുകിപ്പോയ കുമാൽ അപ്രതീക്ഷിതമായി ഒരു മാവിൻ കൊമ്പിൽ ഉടക്കിനിന്നു. പിന്നാലെ അതിൽ തന്നെപിടിച്ച് കുമാൽ കിടന്നു. മാരക്കൊമ്പിൽ കിടക്കവെ തന്‍റെ മുന്നിലൂടെ ജോലി സ്ഥലത്ത് താമിസിച്ചിരുന്ന വീട് പൂർണ്ണമായും ഒലിച്ചുപോകുന്നത് കുമാൽ കണ്ടു. മണിക്കൂറുകൾക്ക് ശേഷം പോലീസും രക്ഷാപ്രവർത്തകരും എത്തിയാണ് കുമാലിനെ കരയ്‌ക്കെത്തിച്ച് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്.

വലിയ ദുരന്തം

ഹിമാലയൻ അതിർത്തി പ്രദേശങ്ങളിൽ വൻനാശം വിതച്ച ദുരന്തത്തിൽ ഇതുവരെ 160 -ലധികം പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. അതിർത്തിക്ക് ഇരുവശത്തുമായി 500 -ലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. കാണാതായവരിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ ഉൾപ്പെടെ 300 -ലധികം വിദേശികളുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. തിബത്തിലെ ഗൈറോങ് അതിർത്തിയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ബോട്ട് കോശി, ത്രിശൂലി നദികളിൽ ജലനിരപ്പ് കുത്തനെ ഉയർന്നു. വലിയ കെട്ടിടങ്ങളും പാലങ്ങളും ഒലിച്ചുപോവുകയും ഗതാഗത ബന്ധങ്ങൾ പൂർണ്ണമായും വിച്ഛേദിക്കപ്പെടുകയും ചെയ്തു. സൈന്യത്തിന്‍റെ നേതൃത്വത്തിൽ ഹെലികോപ്റ്ററുകളും എമർജൻസി ബോട്ടിംഗ് ടീമുകളും ഉപയോഗിച്ച് ബാധിത പ്രദേശങ്ങളിൽ തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജ്ജിതമായി തുടരുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ആമയുടെ പുറത്ത് കയറി സ്ത്രീ, കുട്ടികളെയും കയറ്റി; വീഡിയോ വൈറൽ, പിന്നാലെ വിമർശനം
‘ജീവിതത്തിൽ ഒരുപാട് ഓടി’; ദുബായിലെ ആഡംബര ജീവിതം ഉപേക്ഷിച്ച് ഉത്തരാഖണ്ഡിൽ ചായ കട തുടങ്ങിയ യുവാവ്, വീഡിയോ