
ഒരു മോമോ കച്ചവടക്കാരന്റെ വരുമാനം എത്രയാണ്. എസി റൂമിലിരുന്ന് ജോലി ചെയ്ത് പലരും സമ്പാദിക്കുന്നതിൽ കൂടുതൽ ഒരുപക്ഷേ തെരുവോരത്ത് മോമോസ് വിൽക്കുന്ന ഒരാൾ സമ്പാദിക്കുന്നുണ്ടാവാം. അത്തരം ഒരു വീഡിയോയാണ് കണ്ടന്റ് ക്രിയേറ്ററായ കാസി പരേര ഷെയർ ചെയ്തിരിക്കുന്നത്. ഒരു മോമോ വില്പനക്കാരനൊപ്പം ഒരു ദിവസം ചെലവഴിച്ച ശേഷമാണ് പ്രതിമാസം മോമോ വില്പനക്കാരൻ എത്ര സമ്പാദിക്കുന്നുണ്ടെന്ന് പരേര വെളിപ്പെടുത്തിയിരിക്കുന്നത്. മാസം 31 ലക്ഷം വരെ സമ്പാദിക്കാൻ മോമോ വില്പനക്കാരന് ചിലപ്പോൾ സാധിക്കും എന്നാണ് പരേര പറയുന്നത്. കെ കെ മോമോസ് എന്നറിയപ്പെടുന്ന ഈ സ്റ്റാൾ ബെംഗളൂരുവിലാണ്. തെരുവോരത്തു പ്രവർത്തിക്കുന്ന ഔട്ട്‌ലെറ്റാണെങ്കിലും, അതിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കുന്നുണ്ടെന്നാണ് വീഡിയോയിൽ പരേര അവകാശപ്പെടുന്നത്.
'ഞാൻ ആളുകൾക്ക് മോമോസ് നൽകാൻ തുടങ്ങി, അവർക്ക് ആ മോമോസ് വളരെ ഇഷ്ടപ്പെട്ടു. ഈ കട എത്രത്തോളം പ്രശസ്തമാണെന്നത് കാണുമ്പോൾ തന്നെ അതിശയം തോന്നുന്നു. വെറും ഒരു മണിക്കൂറിനുള്ളിൽ ഞങ്ങൾ 118 പ്ലേറ്റ് മോമോസ് വിറ്റു. പിന്നെ ഒരു ഇടവേള. എന്റെ ഇടവേള കഴിഞ്ഞപ്പോൾ, തിരക്ക് പിന്നെയും കൂടാൻ തുടങ്ങി. അപ്പോൾ കൂടുതൽ മോമോസ് ഉണ്ടാക്കേണ്ടി വന്നു. ഒരു പ്ലേറ്റിന് 110 രൂപയാണ്, ഇന്ന് ഞങ്ങൾ ഏകദേശം 950 പ്ലേറ്റുകൾ വിറ്റു' എന്നും വീഡിയോയിൽ പറയുന്നു.
കടയിൽ ഒരു ദിവസം ഏകദേശം 950 പ്ലേറ്റ് മോമോസ് വിൽക്കുന്നുണ്ടെന്നാണ് വീഡിയോയിൽ അവകാശപ്പെടുന്നത്. ഒരു പ്ലേറ്റിന് ഏകദേശം 110 രൂപയാണ് വില. അങ്ങനെ നോക്കുമ്പോൾ നല്ല കച്ചവടം നടക്കുന്ന ഒരു ദിവസം ഏകദേശം 1 ലക്ഷം രൂപ വരെ ലഭിക്കും. എന്നാൽ, കമന്റിൽ ആളുകൾ ഇത് അവിശ്വസനീയമാണ് എന്ന് സൂചിപ്പിച്ചു. ഒരു പ്ലേറ്റ് മോമോസിന് 110 രൂപയോ, ദിവസം 950 പ്ലേറ്റ് വിൽക്കണമെങ്കിൽ എത്ര മണിക്കൂർ കട പ്രവർത്തിക്കണം, ഇത് അവിശ്വസനീയം തന്നെ എന്നാണ് പലരും പ്രതികരിച്ചത്.