
വൈറലാകാനുള്ള അഭിനിവേശത്തിൽ റീൽ ഷൂട്ട് ചെയ്യുമ്പോൾ ചുറ്റുമുള്ളതൊന്നും കണ്ടെന്ന് വരില്ല. അത്തരമൊരു സംഭവത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായി. റീൽ ചിത്രീകരിക്കുന്നതിനിടെ അമ്മയുടെ ശ്രദ്ധയിൽപ്പെടാതെ കുഞ്ഞ് മുട്ടുകാലിൽ ഇഴഞ്ഞ് പാലത്തിന്‍റെ കൈവരിക്ക് അടുത്തേക്ക് നീങ്ങുന്ന ദൃശ്യങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളിൽ വൈറലായത്. പാലത്തിന്‍റെ അരികിലെത്തിയ കുഞ്ഞിനെ സമീപത്തുണ്ടായിരുന്ന ഒരാൾ കൃത്യസമയത്ത് എടുത്ത് മാറ്റിയതിനാൽ വലിയൊരു അപകടം ഒഴിവായി. എന്നാൽ, ഇതൊന്നും അറിയാതെ അമ്മ റീൽ ഷൂട്ടിൽ മുഴുകിയിരിക്കുന്നതും വീഡിയോയിൽ കാണാം.
എക്‌സിലും ഇൻസ്റ്റഗ്രാമിലുമാണ് വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോയിൽ ഒരു സ്ത്രീ സ്വയം റീൽ ചിത്രീകരിക്കുന്നതിൽ മുഴുകിയിരിക്കുന്നതായി കാണാം. ഇതിനിടെ അവരുടെ പിന്നിലായി കുഞ്ഞ് മുട്ടുകാലിൽ ഇഴഞ്ഞ് പാലത്തിന്‍റെ കൈവരിക്ക് സമീപത്തേക്ക് നീങ്ങുന്നു. എന്നാൽ, കുഞ്ഞിന്‍റെ അപകടകരമായ നീക്കം അറിയാതെ അമ്മ മൊബൈലിലേക്ക് മാത്രം നോക്കി റീൽസിനായി പാട്ടുപാടി അഭിനയിക്കുന്ന തിരക്കിലായിരുന്നു.
Social media can be good in one way, but it can also be dangerous. If you control social media, that’s fine, but the moment social media starts controlling you, it can ruin your life.
Just look at this, how can a mother put her child in the middle of the road just to shoot a… pic.twitter.com/G7WM13QAYj— RiTesH (@ritesh_o2) August 8, 2026
ഈ സമയം കുഞ്ഞ് പുതിക്കെ പാലത്തിന്‍റെ കൈവരിയിൽ പിടിച്ച് എഴുന്നേൽക്കാനുള്ള ശ്രമം നടത്തുന്നതും വീഡിയോയിൽ കാണാം. ഈ സമയം അമ്മയുടെ അല്പം പിന്നിലായി ഒരു ബൈക്കിൽ ചാരിയിരിക്കുകയായിരുന്ന യുവാവ് കുട്ടിയെ കാണുകയും പെട്ടെന്ന് തന്നെ ഇയാൾ കുട്ടിയെ എടുക്കുകയും ചെയ്യുന്നു. അതേസമയം അമ്മ ഇതൊന്നും അറിയാതെ റീൽസ് അഭിനയത്തിൽ മുഴുകിയിരിക്കുകയായിരുന്നു. യുവാവിന്‍റെ സമയോചിതമായ ഇടപെടലാണ് വലിയൊരു അപകടം ഒഴിവാക്കിയത്.
വീഡിയോ വൈറലായതോടെ സ്ത്രീക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിലുള്ള വിമർശനം ഉയരുന്നു. കുട്ടിയെ ശ്രദ്ധിക്കുന്നതിനേക്കാൾ റീൽ ചിത്രീകരിക്കുന്നതിനാണ് പ്രാധാന്യം നൽകിയതെന്നാണ് പലരുടെയും വിമർശനം. സോഷ്യൽ മീഡിയയിലെ ലൈക്കുകൾക്കും കമന്‍റുകൾക്കുമായി കുട്ടിയുടെ സുരക്ഷ അപകടത്തിലാക്കരുതെന്നും ചിലർ പ്രതികരിച്ചു. ഒരു ലൈക്കിന്‍റെ വില പോലും അവർ സ്വന്തം കുഞ്ഞിന് നൽകുന്നില്ലെന്നായിരുന്നു ചിലരുടെ വിമർശനം. അതേസമയം, വീഡിയോ എവിടെ വച്ച്, എപ്പോൾ ചിത്രീകരിച്ചതാണെന്നും വ്യക്തമല്ല.