'സ്വർഗം തോൽക്കും... ഇവിടം'; ഒന്ന് മഴ പെയ്തപ്പോൾ മലനിരകളുടെ അത്ഭുത കാഴ്ചയൊരുക്കി മുംബൈ – പുണെ മിസ്സിംഗ് ലിങ്ക്; വീഡിയോ

Published : Aug 10, 2026, 09:04 PM IST
Mumbai Pune Missing Link

Synopsis

മൺസൂൺ കാലത്ത് മുംബൈ–പുണെ എക്സ്പ്രസ് വേയിലെ ലോണാവാല – ഖണ്ഡാല മേഖല അതിമനോഹരമായ കാഴ്ചകളാൽ നിറയും. പാൽ പോലെ ഒഴുകുന്ന വെള്ളച്ചാട്ടങ്ങളും പഞ്ഞിമേഘങ്ങൾ പുതച്ച മലനിരകളും ഈ പാതയെ സ്വർഗതുല്യമാക്കുന്നു. എന്നാൽ, ഈ സൗന്ദര്യത്തോടൊപ്പം മണ്ണിടിച്ചിൽ പോലുള്ള അപകട സാധ്യതകളുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ൺസൂൺ കാലത്ത് അതിമനോഹര കാഴ്ചകളാണ് സഹ്യപർവ്വതം നമ്മുക്ക് സമ്മാനിക്കുക. മലനിരകളിൽ നിന്നും പാൽ പോലെ ഒഴുകി വരുന്ന വെള്ളച്ചാട്ടങ്ങൾ, വെള്ള പഞ്ഞിമേഘങ്ങൾ പുതച്ച മല നിരകൾ.... ആ അത്ഭുത കാഴ്ച കാണാൻ പക്ഷേ, കാടിന്‍റെ ഉള്ളകങ്ങളിലേക്ക് പോകണം. എന്നാൽ, അതേ കാഴ്ച സമ്മാനിക്കുന്നൊരിടം അങ്ങ് മുംബൈ നഗരത്തിന് സമീപത്തുണ്ട്. അതാണ് മുംബൈ–പുണെ എക്സ്പ്രസ് വേ. അതേ, ലോണാവാല – ഖണ്ഡാല മേഖലയിൽ നിന്നുള്ള ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

'ഇവിടം സ്വർഗമാണ്'

പച്ചപ്പണിഞ്ഞ സഹ്യാദ്രി മലനിരകൾക്ക് മുകളിൽ മൂടൽമഞ്ഞും താഴ്ന്നിറങ്ങിയ മേഘങ്ങളും മലമുകളിലെ പാറക്കെട്ടുകളിൽനിന്ന് കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടങ്ങളും വീഡിയോയിൽ കാണുന്നത്. മഴക്കാലത്ത് റോഡിന്‍റെ ഈ ഭാഗം ‘സ്വർഗം’ പോലെയായെന്നാണ് നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. തുടർച്ചയായ മഴയെ തുടർന്ന് മലഞ്ചെരിവുകളിൽനിന്ന് നിരവധി താത്കാലിക വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. മഴയുടെ കാർ മേഘങ്ങൾ മലനിരകളെ മൂടുന്നതും മൂടൽമഞ്ഞ് റോഡിനും ചുറ്റുമുള്ള പ്രദേശങ്ങൾക്കും വ്യത്യസ്ത ഭാവം നൽകുന്നതും ദൃശ്യത്തിന് അപൂർവ്വ ഭംഗി നൽകുന്നു. സാധാരണ തിരക്കേറിയ ഹൈവേയായി മാത്രം കാണുന്ന പാത മഴക്കാലത്ത് മനോഹരമായ പ്രകൃതിദൃശ്യ വിരുന്ന് സമ്മാനിക്കുന്ന ഇടമായി മാറുന്നു.

മനോഹരം പക്ഷേ, സൂക്ഷിക്കുക

മാവൽ മേഖലയിലൂടെ കടന്നുപോകുന്ന മിസ്സിംഗ് ലിങ്ക്, സഹ്യാദ്രിയുടെ പച്ചപ്പും താഴ്വരകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ പ്രദേശത്താണ്. പഴയ ഖണ്ഡാല – ലോണാവാല ഘട്ട് പാതയ്ക്ക് പകരമായി നിർമിച്ച പുതിയ പാതയിൽ നീളമേറിയ തുരങ്കങ്ങൾ, ഉയർന്ന പാലങ്ങൾ, കേബിൾ-സ്റ്റേയ്ഡ് പാലം തുടങ്ങിയ ആധുനിക നിർമാണങ്ങളുണ്ട്. ഖോപ്പോളി എക്സിറ്റിനെയും ലോണാവാലയ്ക്കടുത്തുള്ള കുസ്ഗാവിനെയും ബന്ധിപ്പിക്കുന്ന 13.3 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയാണ് മുംബൈ – പുണെ മിസ്സിംഗ് ലിങ്ക്. ഏകദേശം 6,695 കോടി രൂപ ചെലവിൽ നിർമിച്ച പാതയിൽ ആകെ 10.55 കിലോമീറ്ററോളം നീളമുള്ള രണ്ട് പ്രധാന തുരങ്കങ്ങളും 650 മീറ്റർ നീളമുള്ള കേബിൾ-സ്റ്റേയ്ഡ് പാലവും ഉൾപ്പെടുന്നു. അതേസമയം, കനത്ത മഴക്കാലത്ത് ഈ മലമ്പാതയിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ജൂലൈയിൽ ടണൽ രണ്ടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം 18 മണിക്കൂറിലേറെ തടസ്സപ്പെട്ടിരുന്നു.

PREV
Read more Articles on
click me!

Recommended Stories

കഴിക്കാനായി വാങ്ങിയ സമൂസയ്ക്കുള്ളിൽ ചത്ത പാറ്റ; വീഡിയോ വൈറൽ, സംഭവം ഇന്‍ഡോറിൽ
മുടിയിൽ പിടിച്ച് വലിച്ച് മുഖത്തടിച്ച് വീട്ടുടമ, ആഡംബര ഫ്ലാറ്റിലെ ഒരു ജോലിക്കാരിയുടെ ജീവിതം; ദൃശ്യങ്ങൾ വൈറൽ