
15 ദിവസം മുംബൈയിൽ ചെലവഴിച്ച ശേഷം ദുബായിലേക്ക് മടങ്ങിയെത്തിയ യുവതിയുടെ ഇന്ത്യൻ നഗര ജീവിതത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഫറാ എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ മുംബൈയിലെയും ദുബായിലെയും ജീവിതാനുഭവങ്ങൾ താരതമ്യം ചെയ്തത്. മുംബൈയിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ പ്രതീക്ഷിച്ചത്ര വലിയ ‘കൾച്ചർ ഷോക്ക്’ ഉണ്ടായില്ലെന്നും ചില കാര്യങ്ങൾ കൂടുതൽ വ്യക്തമായി തോന്നിയെന്നും അവർ പറയുന്നു.
മുംബൈയിലും ദുബായിലും ഉയരം കൂടിയ കെട്ടിടങ്ങളും മെട്രോയും നഗരജീവിതവും ഉള്ളതിനാൽ പലർക്കും ഇരുനഗരങ്ങളും സമാനമായി തോന്നാമെന്ന് ഫറാ പറയുന്നു. എന്നാൽ, ഗതാഗത രംഗത്തെ വ്യത്യാസമാണ് 15 ദിവസത്തെ സന്ദർശനത്തിനിടെ തനിക്ക് ഏറ്റവും കൂടുതലായി അനുഭവപ്പെട്ടതെന്ന് അവർ പറയുന്നു. ദുബായിലെ റോഡുകളിൽ വാഹനങ്ങൾ സുഗമമായി നീങ്ങുകയും ആളുകൾ കാത്തുനിൽക്കുകയും ചെയ്യുമ്പോൾ, മുംബൈയിൽ ഒരേ സിഗ്നലിൽ നിരവധി വാഹനങ്ങൾ കെട്ടിക്കിടക്കുന്നതും ഡ്രൈവർമാർ തുടർച്ചയായി ഹോൺ മുഴക്കി മറ്റുള്ളവരെ കൂടി ശല്യം ചെയ്യുന്നതായി അനുഭവപ്പെട്ടതെന്ന് ഫറാ പറഞ്ഞു. ദുബായിൽ കൂടുതൽ നിശ്ശബ്ദത അനുഭവപ്പെടുമ്പോൾ മുംബൈയിലെ ഗതാഗതത്തിന് ഹോൺ ഒരു ‘ബാക്ക്ഗ്രൗണ്ട് മ്യൂസിക്’ പോലെയാണെന്നും അവർ താരതമ്യം ചെയ്തു.
എന്നാൽ, ഗതാഗതത്തേക്കാൾ വലിയ മാറ്റമായി തോന്നിയത് മുംബൈയിലെ ജീവിതച്ചെലവാണെന്ന് ഫറാ എടുത്ത് പറയുന്നു. മുംബൈ നഗരം മുമ്പത്തേക്കാൾ ചെലവേറിയതായി തോന്നിയെന്നും ഇപ്പോൾ മുംബൈയെ കുറഞ്ഞ ചെലവിലുള്ള നഗരമെന്ന് വിശേഷിപ്പിക്കാൻ കഴിയില്ലെന്നും അവർ പറയുന്നു. എന്നാൽ മുംബൈയിലെ വീട്ട് വാടകയെക്കുറിച്ച് തനിക്ക് വ്യക്തമായൊരു അഭിപ്രായം പറയാനാകില്ലെന്നും താൻ മുംബൈയിൽ വാടക നൽകുന്നില്ലെന്നും അവർ വ്യക്തമാക്കി.
അതേസമയം, നഗരത്തിൽ പുറത്തുപോയി ഭക്ഷണം കഴിക്കുകയോ മറ്റേതെങ്കിലും കാര്യങ്ങൾക്കായി പണം ചെലവഴിക്കുകയോ ചെയ്യുമ്പോൾ കുറഞ്ഞത് 5,000 രൂപ മുതൽ 6,000 രൂപ വരെ ചെലവാകുന്നുവെന്നും ഫറാ കൂട്ടിച്ചേർത്തു. അതേസമയം മുംബൈയിലെ ശമ്പളവർധന ജീവിതച്ചെലവിന്‍റെ വർധനവിനൊപ്പം എത്തിയിട്ടില്ലെന്നും ഫറാ അഭിപ്രായപ്പെട്ടു. ഈക്കാര്യങ്ങളെ കൊണ്ട് തന്നെ ദുബായിൽ മികച്ച ശമ്പള പാക്കേജ് ലഭിക്കുന്നവർ അവിടെത്തന്നെ തുടരുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും ഫറാ പറയുന്നു. മുംബൈ നഗരത്തെ തനിക്ക് മിസ് ചെയ്യുന്നുണ്ടെങ്കിലും, കുറഞ്ഞ ഹോൺ ശബ്ദവും സുഗമമായ റോഡുകളും സാമ്പത്തികമായി ആശ്വാസകരമായ ജീവിതവും ദുബായിലേക്ക് മടങ്ങിയതിൽ തനിക്കുള്ള പരാതികൾ ഇല്ലാതാക്കുന്നവെന്നും അവർ കൂട്ടിച്ചേർത്തു.