
അനധികൃതമായി പ്രവർത്തിക്കുന്ന ഡയറികൾക്കെതിരെ ലഖ്‌നൗ മുനിസിപ്പൽ കോർപ്പറേഷൻ നടത്തിയ പരിശോധനയ്ക്കിടെ വിചിത്രമായൊരു ഒളിച്ചുകളി. നഗരസഭാ ഉദ്യോഗസ്ഥരിരുടെ പിഴയിൽ നിന്നും രക്ഷപ്പെടാനായി ഡയറി ഉടമകൾ പശുക്കളെയും പോത്തുകളെയും സ്വന്തം വീടിനുള്ളിലെ ബെഡ്‌റൂമിലും ഡ്രോയിംഗ് റൂമിലും പൂട്ടിയിട്ടെന്ന് റിപ്പോര്‍ട്ട്. ബിജ്‌നോർ റോഡിലുള്ള റോയൽ സിറ്റി കോളനിയിലാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ജനവാസ മേഖലയിൽ അനധികൃത ഡയറി നടത്തുന്നുവെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് നഗരസഭയുടെ എട്ടാം സോൺ എൻഫോഴ്സ്മെന്‍റ് വിഭാഗം റെയ്ഡിനെത്തിയത്. പരിശോധനാ സംഘം വരുന്നത് കണ്ട ഉടമകൾ മൃഗങ്ങളെ വീടിനുള്ളിലേക്ക് കയറ്റി പുറത്തുനിന്ന് പൂട്ടുകയായിരുന്നു. വീടിനുള്ളിൽ നിന്ന് പശുക്കളുടെ ശബ്ദം കേട്ട ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ ബെഡ്‌റൂമിലും ഡ്രോയിംഗ് റൂമിലും നിരനിരയായി നിൽക്കുന്ന പോത്തുകളെയും പശുക്കളെയും കണ്ടെത്തി. കിടപ്പുമുറികളിലാകെ ചാണകം നിറഞ്ഞ അവസ്ഥയിലായിരുന്നു. മൂന്ന് മണിക്കൂർ നീണ്ട പരിശോധനയിൽ 11 പോത്തുകൾ, 4 പോത്തിൻ കുട്ടികൾ, 3 പശുക്കൾ, ഒരു പശുക്കുട്ടി എന്നിങ്ങനെ ആകെ 19 മൃഗങ്ങളെ ഉദ്യോഗസ്ഥർ കണ്ടെത്തി.
റെയ്ഡിനിടെ ഉദ്യോഗസ്ഥർക്ക് നാട്ടുകാരിൽ നിന്നും കടുത്ത പ്രതിഷേധം നേരിടേണ്ടി വന്നു. ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ വളഞ്ഞ ഉടമകളും ബന്ധുക്കളും മൃഗങ്ങളെ കൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ചു. എന്നാൽ, പോലീസ് സംഘത്തിന്‍റെ സഹായത്തോടെ നഗരസഭാ ഉദ്യോഗസ്ഥർ നടപടിയുമായി മുന്നോട്ട് പോയി. പിടിച്ചെടുത്ത മൃഗങ്ങളെ ഐഷ്ബാഗിലെ കാഞ്ചി ഹൗസിലേക്ക് മാറ്റി. ഉടമകൾ പിഴ നൽകിയാൽ മാത്രമേ മൃഗങ്ങളെ വിട്ടുനൽകൂവെന്ന് അധികൃതർ അറിയിച്ചു.
പ്രദേശവാസികളുടെ നിരന്തരമായ പരാതികളെത്തുടർന്നാണ് ഈ നടപടി. മൃഗങ്ങളുടെ അവശിഷ്ടങ്ങൾ തുറന്ന പറമ്പുകളിലും അഴുക്കുചാലുകളിലും തള്ളുന്നത് ശുചിത്വ പ്രശ്നങ്ങൾ ഉയർത്തിയിരുന്നു. ലഖ്‌നൗ അനിമൽ വെൽഫെയർ ഓഫീസർ ഡോ. അഭിനവ് വർമ്മ നഗരത്തിലെ കന്നുകാലി വളർത്തൽ നിയമങ്ങളെക്കുറിച്ച് വ്യക്തമാക്കിയത് അനുസരിച്ച് പോത്തുകളെ 'മലിനീകരണമുണ്ടാക്കുന്ന മൃഗങ്ങളുടെ' വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ നഗരപരിധിയിൽ പോത്തുകളെ വളർത്തുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. അതേസമയം നഗരവാസികൾക്ക് സ്വന്തം ആവശ്യത്തിനായി പശുക്കളെ വളർത്താം. പരമാവധി രണ്ട് എണ്ണം മാത്രം. ഇതിനായി നഗരസഭയിൽ നിന്ന് ലൈസൻസ് എടുക്കണം. നഗരസഭാ പരിധിക്കുള്ളിൽ വാണിജ്യ അടിസ്ഥാനത്തിൽ ഡയറികൾ നടത്തുന്നതും നിയമവിരുദ്ധമാണ്.