പ്രശസ്തി ജനനന്മയ്ക്ക് ഉപയോഗിച്ചു, പിന്നാലെ ഏറ്റവും വലിയ അവർഡിന് നാമനിർദ്ദേശവും; വീഡിയോ

Published : Jan 30, 2026, 04:41 PM IST
Mumbai Airport

Synopsis

ഷെഫ് വികാസ് ഖന്നയുടെ പരാതിയെ തുടർന്ന് മുംബൈ വിമാനത്താവളത്തിലെ പൊടിപിടിച്ച കാർപ്പറ്റുകൾ അധികൃതർ മാറ്റി. പിന്നാലെ 'പാചകലോകത്തെ ഓസ്കാർ' എന്നറിയപ്പെടുന്ന ജയിംസ് ബിയർഡ് അവാർഡിന് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടു.

 

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ ദീർഘനാളത്തെ പരാതിക്ക് പരിഹാരമായി. വിമാനത്താവള ടെർമിനലുകളിൽ വിരിച്ചിരുന്ന പഴയതും പൊടിപിടിച്ചതുമായ കാർപ്പറ്റുകൾ അധികൃതർ നീക്കം ചെയ്തു. ഷെഫ് വികാസ് ഖന്ന സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ ശക്തമായ ഇടപെടലാണ് ഈ പെട്ടെന്നുള്ള മാറ്റത്തിന് വഴിയൊരുക്കിയത്.

രോഗിയായ മുത്തശ്ശിയെ ഓർമ്മ വന്നു

ഈ മാസം ആദ്യം മുംബൈയിൽ എത്തിയപ്പോൾ തനിക്കുണ്ടായ മോശം അനുഭവം വികാസ് ഖന്ന ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. വിമാനത്താവളത്തിലെ കാർപ്പറ്റുകളിൽ അടിഞ്ഞുകൂടിയ പൊടി കാരണം അദ്ദേഹത്തിന് കഠിനമായ ആസ്ത്മ അനുഭവപ്പെട്ടു. ആ സമയത്ത് ശ്വാസംമുട്ടൽ കാരണം ബുദ്ധിമുട്ടുന്ന പ്രായമായ ഒരു സ്ത്രീ തന്‍റെ ലഗേജ് നീക്കാൻ പ്രയാസപ്പെടുന്നത് കണ്ടത് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു. "ആ സ്ത്രീയെ കണ്ടപ്പോൾ എന്‍റെ മുത്തശ്ശിയെയാണ് ഓർമ്മ വന്നത്. ആസ്ത്മയും ബ്രോങ്കൈറ്റിസും ഉള്ളവർക്ക് ഈ പൊടിപിടിച്ച കാർപ്പറ്റുകൾ മാരകമായേക്കാം. ഇവ വൃത്തിയാക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ്," എന്ന് അദ്ദേഹം അന്ന് കുറിച്ചിരുന്നു.

 

 

ആദരമായി വിഭവം

വികാസ് ഖന്നയുടെ പരാതി ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മുംബൈ വിമാനത്താവള അധികൃതർ പ്രതികരിച്ചു. കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് തിരിച്ചെത്തിയ ഷെഫിനെ കാത്തിരുന്നത് സന്തോഷകരമായ കാഴ്ചയായിരുന്നു. വിമാനത്താവളത്തിലെ കാർപ്പറ്റുകൾ നീക്കം ചെയ്ത് പകരം മനോഹരമായ കാർപ്പറ്റ് വിരിച്ചിരിക്കുന്നു. ഇതിനെക്കുറിച്ച് അദ്ദേഹം വീഡിയോയിൽ പറഞ്ഞത് ഇങ്ങനെ: "നന്ദി, നന്ദി. കാർപ്പറ്റുകൾ പൂർണ്ണമായും നീക്കം ചെയ്തിരിക്കുന്നു. നമ്മുടെ ജനങ്ങളെക്കുറിച്ച് ആദ്യം ചിന്തിച്ചതിന് നന്ദി." ഈ മാറ്റത്തിന് നന്ദി സൂചകമായി ന്യൂയോർക്കിലെ തന്‍റെ റെസ്റ്റോറന്‍റായ 'ബംഗ്ലോ'യിൽ പുതിയ ഫ്ളോറിം​ഗ് ഡിസൈനിനോടുള്ള ആദരസൂചകമായി ഒരു പ്രത്യേക വിഭവം തയ്യാറാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

പിന്നാലെ അംഗീകാരം

യാത്രക്കാരിൽ നിന്ന് വലിയ പിന്തുണയാണ് ഈ നീക്കത്തിന് ലഭിക്കുന്നത്. "പ്രശസ്തി നല്ല കാര്യത്തിനായി ഉപയോഗിച്ചു" എന്ന് ആരാധകർ കുറിച്ചപ്പോൾ, തങ്ങൾ നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾ പലരും പങ്കുവെച്ചു. "ഡസ്റ്റ് അലർജി കാരണം വിമാനത്താവളത്തിലോക്ക് വരാൻ പോലും പേടിയായിരുന്നു, ഇനി ആശ്വാസത്തോടെ വരാം" എന്നാണ് ഒരു യാത്രക്കാരൻ കുറിച്ചത്. ദില്ലി ഉൾപ്പെടെയുള്ള മറ്റ് പ്രധാന വിമാനത്താവളങ്ങളിലും സമാനമായ നടപടി വേണമെന്ന ആവശ്യവും ഇതിനിടെ ശക്തമായി. വിമാനത്താവളത്തിലെ ഈ വിജയത്തിനൊപ്പം മറ്റൊരു വലിയ നേട്ടം കൂടി വികാസ് ഖന്നയെ തേടിയെത്തിയിട്ടുണ്ട്. 'പാചകലോകത്തെ ഓസ്കാർ' എന്നറിയപ്പെടുന്ന ജയിംസ് ബിയർഡ് അവാർഡിന് (James Beard Award) അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടു. ന്യൂയോർക്കിലെ 'ബംഗ്ലോ' എന്ന അദ്ദേഹത്തിന്‍റെ റെസ്റ്റോറന്‍റിന്‍റെ മികച്ച പ്രവർത്തനത്തിന് 'ബെസ്റ്റ് ഷെഫ്: ന്യൂയോർക്ക് സ്റ്റേറ്റ്' വിഭാഗത്തിലാണ് ഈ അംഗീകാരം.

 

PREV
Read more Articles on
click me!

Recommended Stories

പലരും ചോദിച്ചു എന്തിനെന്ന്; 15 ലക്ഷം മുടക്കി നായയെ ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയയിലെത്തിച്ച് ദമ്പതികൾ
പുഞ്ചിരിച്ച് നിറകണ്ണോടെ കൈകൂപ്പി അമ്മ, അഭിമാനത്തോടെ അച്ഛൻ; ഗ്രാമത്തിലെ മണ്ണില്‍ നിന്നും ആകാശത്തിന്‍റെ ഉയരങ്ങളിലേക്കെന്ന് മകൻ