
അമിതവണ്ണം ഇക്കാലത്ത് പലരെയും അലട്ടുന്ന പ്രശ്നമാണ്. യോഗയായും ഡയറ്റായും വ്യായാമങ്ങളായുമൊക്കെ അമിതവണ്ണത്തെ ചെറുക്കാനുള്ള പരിഹാരമാർഗങ്ങളെക്കുറിച്ച് അറിവ് തരുന്ന വീഡിയോകളും മറ്റും സാമൂഹികമാധ്യമങ്ങളിൽ സുലഭവുമാണ്. എന്നാൽ, കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കണ്ടാൽ ആരും ഒന്ന് അമ്പരക്കും.
കാരണം അധികമാരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെയാണ് ഈ വീഡിയോയിലെ ട്രെയിനറും അദ്ദേഹത്തിന്റെ ശിഷ്യഗണവും സഞ്ചരിക്കുന്നത്. സംഗതി എന്താണെന്നല്ലേ? തൂങ്ങിപ്പോയ വയറ് കുറയ്ക്കാൻ ചപ്പാത്തിക്കോലാണ് ഇവർ ഉപയോഗിക്കുന്നത്. തീർന്നില്ല മുഖവും തലയും ഉൾപ്പടെ മസാജ് ചെയ്യുന്ന വിവിധതരം മസാജറുകളും ഇവരുടെ പ്രധാന ആയുധങ്ങളാണ്.
@chiragbarjatyaa എന്ന ട്വിറ്റർ ഉപയോക്താവാണ് ഈ വീഡിയോ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. വീഡിയോയിൽ ഒരുകൂട്ടം പുരുഷൻമാരും സ്ത്രീകളുമടങ്ങുന്ന സംഘം തങ്ങളുടെ വയറുകുറയ്ക്കാൻ ചപ്പാത്തിക്കോലുകൊണ്ട് വയറിൽ ഉരുട്ടുന്നതാണ് ആദ്യത്തെ ദൃശ്യങ്ങൾ. എല്ലാവരും പാട്ടിനൊപ്പം സന്തോഷമായി നൃത്തം ചെയ്തു കൊണ്ടാണ് ഇത് ചെയ്യുന്നത്. അടുത്ത എക്സൈസ് ആകട്ടെ പാട്ടുകേട്ട് താളം പിടിച്ചു കൊണ്ട് മുഖവും തലയും സ്വയം മസാജ് ചെയ്യുന്നതാണ്. ഇതുകൂടാതെ എല്ലാവരും ഒന്നിച്ച് സന്തോഷത്തോടെ നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം.
ഏതായാലും വലിയ സ്വീകാര്യതയാണ് വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ കിട്ടുന്നത്. ആറ് ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ ഇത് കണ്ടു. ഇനി ഈ ചപ്പാത്തിക്കോലുകൾ അടുക്കളയിലേക്ക് മടങ്ങി പോകാൻ സാധ്യതയില്ലന്നാണ് വീഡിയോ കണ്ട ഒരാൾ രസകരമായി കുറിച്ചത്. താൽപ്പര്യമുള്ളവർക്ക് ഇതും ഒന്നു പരീക്ഷിക്കാവുന്നതാണെന്നും പലരും വീഡിയോയ്ക്ക് താഴെ അഭിപ്രായപ്പെട്ടിട്ടുണ്ട്.