
ഡെൽഹി മെട്രോയുടെ ചില്ലിൽ ഫോൺ ഒട്ടിച്ച് ട്രെയിനിന് പുറത്തുനിന്ന് ഡാൻസ് കളിക്കുന്ന ഒരു ഇൻഫ്ലുവൻസറുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. നിഖിൽ കൊച്ചാർ എന്ന ഡെൽഹി സ്വദേശിയാണ് ഈ വ്യത്യസ്തമായ ട്രെൻഡിന്റെ ഭാഗമായി വീഡിയോ ചിത്രീകരിച്ച് ഷെയർ ചെയ്തിരിക്കുന്നത്. 'ദിൽവാലെ' എന്ന ചിത്രത്തിലെ പാട്ടിനൊപ്പമാണ് നിഖിൽ പ്ലാറ്റ്‌ഫോമിൽ വെച്ച് നൃത്തം ചെയ്തത്.
ട്രെയിൻ നീങ്ങിത്തുടങ്ങുമ്പോൾ ഫോൺ എടുക്കാനായി പ്ലാറ്റ്‌ഫോമിലൂടെ ഓടുന്ന രീതിയിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഷെയർ ചെയ്ത് വെറും രണ്ട് ദിവസത്തിനുള്ളിൽ 135 മില്ല്യണിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. 4.5 മില്ല്യണിലധികം ലൈക്കുകളും ഈ വീഡിയോയ്ക്ക് ലഭിച്ചു. 'ഫോൺ പിന്നീട് എങ്ങനെ തിരിച്ചു കിട്ടി?', 'ഫോൺ എവിടേക്ക് പോയി?' എന്നിങ്ങനെ നിരവധി സംശയങ്ങളാണ് ആളുകൾ വീഡിയോയുടെ കമന്റ് ബോക്സിൽ ചോദിച്ചത്.
എന്നാൽ, ട്രെയിനിനുള്ളിലിരുന്ന സുഹൃത്തിന്റെ ഫോണിലാണ് ഈ ദൃശ്യങ്ങൾ പകർത്തിയതെന്നും, മെട്രോ ഗ്ലാസിലെ റിഫ്ലക്ഷനിലൂടെയും വീഡിയോയുടെ ക്വാളിറ്റിയിലൂടെയും ഇത് വ്യക്തമാണെന്നും നെറ്റിസണ്‍സ് കണ്ടെത്തി. രണ്ട് വ്യത്യസ്ത ക്ലിപ്പുകൾ എഡിറ്റ് ചെയ്ത് ചേർത്താണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. യഥാർത്ഥത്തിൽ ട്രെയിൻ പുറപ്പെടുന്നതിന് മുൻപ് തന്നെ ഫോൺ സുരക്ഷിതമായി തിരിച്ചെടുത്തിരുന്നു എന്നും പലരും വീഡിയോയുടെ കമന്‍റില്‍ കുറിച്ചിട്ടുണ്ട്. എന്തായാലും, ആളുകളില്‍ ഈ വീഡിയോ കൗതുകം നിറച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.