ഇന്ത്യയ്ക്കായി നാല് അന്താരാഷ്ട്രാ സ്വർണ മെഡൽ, പക്ഷേ ഇന്ന് ജീവിക്കാൻ പച്ചക്കറി വിൽപ്പനയും ക്യാബ് ഡ്രൈവിങ്ങും, അമർദീപിന്‍റെ ജീവിതം വൈറൽ

Published : Sep 04, 2026, 02:16 PM IST
Amardeep Kumar

Synopsis

രാജ്യത്തിനായി നാല് അന്താരാഷ്ട്ര സ്വർണമെഡലുകൾ നേടിയ ജാർഖണ്ഡ് ത്രോബോൾ താരം അമർദീപ് കുമാർ, കുടുംബം പുലർത്താൻ പച്ചക്കറി വിൽക്കുകയും ക്യാബ് ഓടിക്കുകയും ചെയ്യുന്നു. സാമ്പത്തിക സുരക്ഷിതത്വമില്ലാതെ ദുരിതത്തിലായ താരത്തിന്‍റെ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ, ജാർഖണ്ഡ് സർക്കാർ വിഷയത്തിൽ ഇടപെട്ട് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

രാജ്യത്തിനായി അന്താരാഷ്ട്ര വേദിയിൽ നാല് സ്വർണമെഡലുകൾ നേടിയ ജാർഖണ്ഡ് ത്രോബോൾ താരം അമർദീപ് കുമാറിന്‍റെ ഇപ്പോഴത്തെ ജീവിതാവസ്ഥ സമൂഹ മാധ്യമങ്ങളിൽ വലിയ ചോദ്യങ്ങളാണ് ഉയർത്തിയത്. ഏറ്റവും താഴെ തട്ടിൽ നിന്നും സ്വന്തം കഠിനാധ്വാനമൊന്ന് കൊണ്ട് മാത്രം രാജ്യത്തിനായി അന്താരാഷ്ട്രാതലത്തിൽ സ്വർണമേഡലുകൾ നേടിയ ഒരു പ്രതിഭയെ രാജ്യം ആദരിക്കണമെന്ന് നിരവധി പേരാണ് ആവശ്യപ്പെട്ടത്. 29 -കാരനായ അമർദീപ്, തന്‍റെ കുടുംബം പുലർത്തുന്നതിനായി റാഞ്ചിയിലെ അർഗോറ ചൗക്കിൽ പച്ചക്കറി വിൽക്കുകയും അധിക വരുമാനത്തിനായി ക്യാബ് ഓടിക്കുകയും ചെയ്യുന്നു. വഴിയരികിലെ തണലിൽ തന്‍റെ പച്ചക്കറി വില്പന സ്ഥലത്ത് അമർദീപ് പ്രദർശിപ്പിച്ച നാല് അന്താരാഷ്ട്രാ സ്വർണമെഡലുകൾ രാജ്യം ആ മനുഷ്യനോട് ചെയ്യുന്ന നീതി കേടിന്‍റെ പ്രദർശനമാണെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടി.

സൗജന്യ പരിശീലനത്തിലൂടെ ലോക ചാമ്പ്യനിലേക്ക്

13 -ാം വയസ്സിലാണ് അമർദീപ് ത്രോബോളിലേക്ക് എത്തുന്നത്. ജയ്‌പാൽ സിങ് മുണ്ട സ്റ്റേഡിയത്തിൽ സൗജന്യ പരിശീലനം ലഭിച്ചതോടെ കഴിവ് തെളിയിച്ച അദ്ദേഹം പിന്നീട് ഇന്ത്യൻ ടീമിലെത്തി. 2015 -ൽ മലേഷ്യയിൽ നടന്ന ഏഷ്യൻ ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ തന്‍റെ ആദ്യ അന്താരാഷ്ട്ര സ്വർണം അദ്ദേഹം സ്വന്തമാക്കി. 2017 -ലെ ഇൻഡോ - നേപ്പാൾ ത്രോബോൾ ചാമ്പ്യൻഷിപ്പിലും 2019 -ലെ സൗത്ത് ഏഷ്യൻ ത്രോബോൾ ചാമ്പ്യൻഷിപ്പിലും അദ്ദേഹം സ്വർണം നേടി. 2026 -ൽ റാഞ്ചിയിൽ നടന്ന സൗത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും അമർദീപിനായിരുന്നു സ്വർണം.

മെഡലുകൾ കിട്ടി, പക്ഷേ കുടുംബം പട്ടിണിയിൽ!

എന്നാൽ, മെഡലുകൾ നേടിയിട്ടും സാമ്പത്തിക സുരക്ഷിതത്വം ലഭിച്ചില്ലെന്നാണ് അമർദീപിന്‍റെ പരാതി. 2016 മുതൽ സ്പോർട്സ് കോട്ടയിൽ സർക്കാർ സഹായത്തിനും ജോലി ലഭിക്കാനുമായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 2020 -ൽ സർക്കാർ ജോലി തേടാനുള്ള ശ്രമം തുടങ്ങിയെങ്കിലും കോവിഡ് പ്രതിസന്ധി തിരിച്ചടിയായി. പിന്നീട് 2022 മുതൽ വീണ്ടും ശ്രമം തുടർന്നു. അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ പോലും പലപ്പോഴും കടം വാങ്ങേണ്ടി വന്നിട്ടുണ്ടെന്ന് അമർദീപ് പറയുന്നു. മലേഷ്യയിലേക്കുള്ള ഒരു യാത്രയ്ക്കായി 65,000 രൂപ വരെ കടമെടുത്തതായും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഒടുവിൽ, സർക്കാർ ഇടപെടൽ

അമർദീപിന്‍റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടതോടെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ വിഷയത്തിൽ ഇടപെട്ടു. കേസ് അടിയന്തരമായി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ കായിക വകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകി. നിലവിലെ കായികനയപ്രകാരം ത്രോബോൾ പോലുള്ള അംഗീകാരം പരിമിതമായ കായിക ഇനങ്ങളിൽ നിന്നുള്ള താരങ്ങൾക്ക് സർക്കാർ ജോലിയോ പണപ്പാരിതോഷികമോ നൽകുന്നതിൽ നിയന്ത്രണങ്ങളുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ, അമർദീപിന് തൊഴിൽ ഉൾപ്പെടെയുള്ള പിന്തുണ നൽകുന്നതിനുള്ള സാധ്യതകൾ സർക്കാറിന്‍റെ സജീവ പരിഗണനയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

മനുഷ്യരെ ഓടിച്ചിട്ട് ആക്രമിച്ച് 'നിഗൂഢ ജീവി': ന്യൂഹാംഷെയറിൽ പേ വിഷബാധ ഭീതി, ജാഗ്രതാ നിർദേശം
'ഇപ്പോഴല്ലെങ്കിൽ പിന്നെ കൂടുതൽ ബുദ്ധിമുട്ടാകും'; ആറക്ക ശമ്പളമുള്ള ബിഗ് ടെക് ജോലി ഉപേക്ഷിച്ച് 30-കാരൻ