
മനസ് കുളിർപ്പിക്കുന്ന അനേകം വീഡിയോകൾ ഓരോ ദിവസവുമെന്നോണം നാം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ഈ ലോകം അത്ര മോശമല്ല എന്ന് നമ്മെക്കൊണ്ട് തോന്നിപ്പിക്കുന്ന തരത്തിലുള്ളതാണ് അതിൽ പല വീഡിയോകളും. അതുപോലെ, മനോഹരമായ ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്. ജയ്പൂരിലെ തെരുവിൽ വളർത്തുമൃഗങ്ങൾക്കായി പ്രത്യേക കുൽഫി തയാറാക്കി വിറ്റ് ശ്രദ്ധ നേടുകയാണ് ഈ കച്ചവടക്കാരൻ. പഞ്ചസാര ചേർക്കാതെ നായ്ക്കൾക്കായി പ്രത്യേക കുൽഫി തന്നെ ഉണ്ടാക്കുന്ന ഈ കച്ചവടക്കാരന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഇൻസ്റ്റാഗ്രാം യൂസറായ വിക്രം മിത്തലാണ് ഈ മനോഹരമായ കാഴ്ച സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.
തന്റെ വീടിനു പുറത്തുവച്ച് കുൽഫി കച്ചവടക്കാരനോട് വിക്രം മിത്തൽ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. നായ്ക്കൾക്കായി കുൽഫി കൊണ്ടു വരാറുണ്ടോ എന്നും അതിലെ പ്രത്യേകത എന്താണെന്നും വിക്രം ചോദിക്കുമ്പോൾ, 'ഇതിൽ പഞ്ചസാര ചേർക്കാറില്ല' എന്ന മറുപടിയാണ് കച്ചവടക്കാരൻ നൽകുന്നത്. പഞ്ചസാരയില്ലെങ്കിലും ക്രീമും മറ്റ് സ്വാഭാവിക കൂട്ടുകളുമെല്ലാം ഇതിലുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
തുടർന്ന് തന്റെ 'താര' എന്ന വളർത്തുനായ്ക്കായി വിക്രം ഒരു കുൽഫി വാങ്ങുകയും, വളരെ ആസ്വദിച്ചാണ് താര അത് കഴിച്ചതെന്നും പറയുകയും ചെയ്യുന്നുണ്ട്. ജയ്പൂരിൽ തങ്ങൾ കണ്ട ഏറ്റവും ചിന്താപൂർവ്വമായ കാര്യങ്ങളിലൊന്നാണ് ഇതെന്നാണ് വീഡിയോയുടെ ക്യാപ്ഷനിൽ വിക്രം കുറിച്ചിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. കച്ചവടക്കാരന്റെ ദയയെയും സ്നേഹത്തെയും പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 'ഇത്തരം നല്ല മനുഷ്യരാണ് ഒരു നാടിനെ സ്നേഹം നിറഞ്ഞതാക്കുന്നത്' എന്നാണ് ഒരു ഇൻസ്റ്റാഗ്രാം യൂസർ കുറിച്ചത്.