
ഇന്ത്യയിൽ വരുന്നതിന് മുമ്പ് അറിയേണ്ടിയിരുന്ന 5 കാര്യങ്ങളെ കുറിച്ചുള്ള തുറന്നെഴുത്തുമായി പോളിഷ് സഞ്ചാരിയായ ഡൊമിനിക പാതലാസ് - കാൽറ. ഇന്ത്യയിൽ നടത്തിയ യാത്രകളെക്കുറിച്ചുള്ള ശ്രദ്ധേയമായ അഞ്ച് പാഠങ്ങളാണ് ഇവർ തന്‍റെ വീഡിയോയിലൂടെ പങ്കുവെച്ചത്. ഭക്ഷണം, സംസ്കാരം, സമ്പദ്‌വ്യവസ്ഥ, സാമൂഹിക ബന്ധങ്ങൾ എന്നിവയെ സ്പർശിച്ചുകൊണ്ടുള്ള തന്‍റെ അനുഭവങ്ങളും വീക്ഷണങ്ങളും അവർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
കാൽറയുടെ ആദ്യ നിരീക്ഷണം ഇന്ത്യൻ ഭക്ഷണം സഹിക്കാനാവാത്തത്ര എരിവുള്ളതാണ് എന്ന പൊതുവായ തെറ്റിദ്ധാരണയെക്കുറിച്ചാണ്. ഓരോ വിഭവവും വായിൽ തീ പിടിപ്പിക്കുമെന്ന് കരുതുന്നതിന് പകരം ശരിയായ സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്നതാണ് പ്രധാനമെന്ന് കാൽറ പറയുന്നു.
വിലപേശൽ ഒരു കല മാത്രമല്ല, ആവശ്യം കൂടിയാണ് എന്നായിരുന്നു കാൽറ പിന്നീട് കുറിച്ചത്. വിലപേശാനുള്ള കഴിവ് ആവശ്യമാണ്. പല സ്ഥലങ്ങളിലും വിലപേശൽ ഒരു ഉപകാരപ്രദമായ കാര്യമെന്നതിലുപരി, ദൈനംദിന ജീവിതത്തിന്‍റെ ഒരനിവാര്യ ഭാഗം തന്നെയാണെന്ന് അവർ നിരീക്ഷിച്ചു.
ദാരിദ്രവും സമ്പന്നതയും
ഇന്ത്യ ദരിദ്രമായ രാജ്യമാണെന്ന പൊതുധാരണയെ അവർ ചോദ്യം ചെയ്തു. ദാരിദ്ര്യത്തോടൊപ്പം അതിസമ്പന്നതയുടെ സഹവർത്തിത്വവും അവർ ചൂണ്ടിക്കാട്ടി. മുന്തിയ കാറുകൾ ഓടിക്കുകയും സുഖമായി ജീവിക്കുകയും ചെയ്യുന്ന ധാരാളം പേരുണ്ട് ഇവിടെ. ചിലപ്പോൾ യൂറോപ്പിലുള്ളവരെക്കാൾ സൗകര്യത്തോടെയാണ് പലരും ഇന്ത്യയിൽ കഴിയുന്നതെന്നും അവർ നിരീക്ഷിച്ചു.
വിദേശികളുടെ യാത്ര ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങരുത് എന്നായിരുന്നു അവരുടെ ഏറ്റവും പ്രധാനപ്പെട്ട ഉപദേശങ്ങളിൽ ഒന്ന്. മറിച്ച് ഇന്ത്യയുടെ യഥാർത്ഥ ആത്മാവ് മനസ്സിലാക്കാൻ പ്രശസ്തമായ സ്ഥലങ്ങൾക്കപ്പുറം അത്രയൊന്നും അറിയപ്പെടാത്ത കോണുകൾകൂടി പര്യവേക്ഷണം ചെയ്യാൻ അവർ സന്ദർശകരെ പ്രേരിപ്പിച്ചു.
അവസാനമായി വിദേശികളെ ഇന്ത്യക്കാർ എത്രത്തോളം ബഹുമാനത്തോടെ അതിഥികളായി കാണുന്നുവെന്ന് കാൽറ വ്യക്തമാക്കുന്നു. വിവിധ ഇടങ്ങളിൽ നിന്ന് ലഭിച്ച ഊഷ്മളമായ സ്നേഹവും ആതിഥ്യമര്യാദയും അവർ ഓർത്തെടുത്തു. എന്തായാലും കാൽറയുടെ നിരീക്ഷണങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യയെക്കുറിച്ച് നന്നായി പഠിക്കുകയും ഗവേഷണം ചെയ്യുകയും ചെയ്തതുകൊണ്ട് മാത്രമാണ് ഇത്രത്തോളം മനസ്സിലാക്കാൻ സാധിച്ചതെന്നായിരുന്നു ചില കുറിപ്പുകൾ.