ബൈക്കിൽ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന 17 -കാരന്റെ ശരീരത്തിലേക്ക് ഡ്രൈവർ കൈ നീട്ടുന്നതാണ് വീഡിയോയിലുള്ളത്. ഇത് കണ്ട ഉടൻ തന്നെ കുട്ടി ഡ്രൈവറുടെ കൈ തട്ടിമാറ്റുകയും, തുടർന്ന് ഡ്രൈവർ കുട്ടിയെ സ്പർശിക്കാൻ ശ്രമിക്കുന്നതുമാണ് 17 -കാരന്‍ ഷെയര്‍ ചെയ്ത വീഡിയോയിൽ ഉണ്ടായിരുന്നത്.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ റാപ്പിഡോ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്ത 17 കാരനായ കൗമാരക്കാരന് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. പ്രയാഗ്‌രാജിലെ സിവിൽ ലൈൻസ് പ്രദേശത്തുവെച്ചാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് വൻ രോഷമാണ് ഉയർന്നു വന്നത്. ഇതിന് പിന്നാലെയാണ് ഡ്രൈവറെ പ്ലാറ്റ്‌ഫോമിൽ നിന്ന് ആജീവനാന്തം വിലക്കിയതായി റാപ്പിഡോ വ്യക്തമാക്കിയത്.

ബൈക്കിൽ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന 17 -കാരന്റെ ശരീരത്തിലേക്ക് ഡ്രൈവർ കൈ നീട്ടുന്നതാണ് വീഡിയോയിലുള്ളത്. ഇത് കണ്ട ഉടൻ തന്നെ കുട്ടി ഡ്രൈവറുടെ കൈ തട്ടിമാറ്റുകയും, തുടർന്ന് ഡ്രൈവർ കുട്ടിയെ സ്പർശിക്കാൻ ശ്രമിക്കുന്നതുമാണ് 17 -കരന്‍ ഷെയര്‍ ചെയ്ത വീഡിയോയിൽ ഉണ്ടായിരുന്നത്. 'പ്രായപൂർത്തിയാകാത്ത ആളാണ് ഞാൻ' എന്ന ക്യാപ്ഷനോടെയാണ് കുട്ടി ഈ വീഡിയോ റാപ്പിഡോയെ ടാഗ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ കമ്പനി 17 -കാരനെ ബന്ധപ്പെടുകയും നടപടി സ്വീകരിക്കുകയും ചെയ്തു. 'ഇക്കാര്യത്തിൽ ഞങ്ങൾക്ക് അതിയായ ആശങ്കയുണ്ട്. ഈ വിഷയം ഞങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്, ഇത്തരം പെരുമാറ്റങ്ങൾ തീരെ അം​ഗീകരിക്കാനാവില്ല. ഉടൻ തന്നെ നടപടി സ്വീകരിക്കുന്നതിനായി റൈഡ് ഐഡിയും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഡിഎം വഴി പങ്കിടണമെന്ന് അഭ്യർത്ഥിക്കുന്നു.'

'നിങ്ങൾക്കുണ്ടായ അനുഭവത്തിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു... ചർച്ച ചെയ്തതുപോലെ, ഞങ്ങൾ ഈ വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്നും ആരോപണവിധേയനായ ഡ്രൈവറെ പ്ലാറ്റ്‌ഫോമിൽ നിന്ന് സ്ഥിരമായി വിലക്കിയിട്ടുണ്ടെന്നും ദയവായി മനസ്സിലാക്കുക. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും ആത്മവിശ്വാസത്തിനും കോട്ടം തട്ടുന്ന ഒരു പെരുമാറ്റവും ഞങ്ങൾക്ക് സ്വീകാര്യമല്ല' എന്നും റാപ്പിഡോ പിന്നീട് കുറിച്ചു.

വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ രൂക്ഷമായ ഭാഷയിൽ ആളുകൾ ഡ്രൈവറെ വിമർശിച്ചു. അതേസമയം, 17 -കാരനെ വിമർശിച്ചും ആധികാരികതയെ ചോദ്യം ചെയ്തും പലരും കമന്റ് നൽകി. അതിനുള്ള മറുപടിയും അവൻ നൽ‌കിയിട്ടുണ്ട്. 'വിദ്വേഷം നല്ലതല്ല. എനിക്കത് വിഷമമുണ്ടാക്കുന്നു. അത്തരക്കാർ ഇത് ജെൻഡറിനെ കുറിച്ചുള്ളതല്ലെന്ന് മനസിലാക്കണം. ഇത് മനുഷ്യരുടെയും കുട്ടികളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണ്' എന്നും അവൻ കുറിച്ചു.