'ഞാൻ എവിടേക്കാണ് വന്നതെന്ന് ഊഹിക്കാമോ, ഇന്ത്യ ഗേറ്റിലേക്ക്. നോക്കിയ ഇടത്തെല്ലാം എവിടെയും മാലിന്യങ്ങൾ ചിതറിക്കിടക്കുന്നു. ഈ വശത്തു മാത്രമല്ല, മറുവശത്തും ഇതുതന്നെയാണ് അവസ്ഥ. ഡെൽഹിയിലെ ഏറ്റവും അഭിമാനകരമായ സ്ഥലങ്ങളിൽ ഒന്നാണിത്, ഇതിന്റെ അവസ്ഥ ഒന്ന് നോക്കൂ...'
ഇന്ത്യയിലെ പല നഗരങ്ങളും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മാലിന്യം. അവിടെയും ഇവിടെയുമെല്ലാം പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും വലിച്ചെറിയുന്നത് പലർക്കും ഒരു ശീലമാണ്. അതുപോലെ, ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്. രാജ്യതലസ്ഥാനമായ ഡെൽഹിയിൽ പ്രശസ്തമായ ഇന്ത്യ ഗേറ്റിന് ചുറ്റും മാലിന്യങ്ങൾ ചിതറിക്കിടക്കുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വീഡിയോ വൈറലായി മാറിയതോടെ ആളുകളുടെ സിവിക് സെൻസിനെ കുറിച്ചാണ് പലരും വിമർശനം ഉന്നയിച്ചത്.
ഡെൽഹി സ്വദേശിയായ ആഷിഷ് ഗ്രോവറാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യ ഗേറ്റ് സന്ദർശിച്ച സമയത്താണ് അദ്ദേഹം ചുറ്റുമുള്ള പ്രദേശങ്ങളിലെ മാലിന്യങ്ങൾ ക്യാമറയിൽ പകർത്തിയത്. ഇത്രയും പ്രധാനപ്പെട്ട ഒരു പൊതുസ്ഥലം വൃത്തിഹീനമായി കിടക്കുന്നതിൽ അദ്ദേഹം കടുത്ത നിരാശ പ്രകടിപ്പിച്ചു.
'ഞാൻ എവിടേക്കാണ് വന്നതെന്ന് ഊഹിക്കാമോ, ഇന്ത്യ ഗേറ്റിലേക്ക്. നോക്കിയ ഇടത്തെല്ലാം എവിടെയും മാലിന്യങ്ങൾ ചിതറിക്കിടക്കുന്നു. ഈ വശത്തു മാത്രമല്ല, മറുവശത്തും ഇതുതന്നെയാണ് അവസ്ഥ. ഡെൽഹിയിലെ ഏറ്റവും അഭിമാനകരമായ സ്ഥലങ്ങളിൽ ഒന്നാണിത്, ഇതിന്റെ അവസ്ഥ ഒന്ന് നോക്കൂ...' എന്നാണ് അദ്ദേഹം പറയുന്നത്.
നിരവധി വിനോദസഞ്ചാരികളും നാട്ടുകാരും ദിവസവും വന്നുപോകുന്ന സ്ഥലമാണ് ഇന്ത്യ ഗേറ്റ്. എന്നാൽ, അവിടുത്തെ ഇപ്പോഴത്തെ വൃത്തിഹീനമായ അവസ്ഥ കണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ നിരാശ പങ്കുവെച്ചത്. 'ഇത് കാണുമ്പോൾ വലിയ സങ്കടം തോന്നുന്നു', 'ഇത്രയും പ്രശസ്തമായ ഒരു സ്ഥലം ഇതിലും നന്നായി സംരക്ഷിക്കപ്പെടേണ്ടതാണ്', 'ഇവ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്' തുടങ്ങിയ കമന്റുകളാണ് പലരും പങ്കുവച്ചിരിക്കുന്നത്. പൊതുസ്ഥലങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മാലിന്യം തള്ളുന്നതിനെ കുറിച്ച് പലരും ആശങ്ക അറിയിക്കുന്നുമുണ്ട്.
