‘9 മുതൽ 6 വരെ മാത്രമല്ല, 6 മുതൽ 10 വരെയും ജോലി’; സ്ത്രീകളുടെ ‘സെക്കൻഡ് ഷിഫ്റ്റ്’ചർച്ചയാക്കി പ്രിയങ്ക സോണിയുടെ വീഡിയോ

Published : Aug 30, 2026, 09:57 AM IST
Women's Second shift

Synopsis

ഓഫീസ് ജോലിക്ക് ശേഷം സ്ത്രീകൾക്ക് വീട്ടിൽ മറ്റൊരു 'സെക്കൻഡ് ഷിഫ്റ്റ്' കൂടിയുണ്ടെന്ന് വ്യക്തമാക്കുന്ന പ്രിയങ്ക സോണിയുടെ വൈറൽ വീഡിയോയാണ് ലേഖനത്തിൻ്റെ അടിസ്ഥാനം. കുടുംബ ഉത്തരവാദിത്തങ്ങൾക്കിടയിൽ സ്വന്തം കരിയറിനും വളർച്ചയ്ക്കും സമയം കണ്ടെത്താൻ പാടുപെടുന്ന സ്ത്രീകളുടെ അവസ്ഥയും, ചെറിയ ഇടവേളകൾ അതിനായി പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും ഇതിൽ പറയുന്നു.

ഫീസ് ജോലി എത്ര മണിക്കൂർ വേണമെന്ന ചർച്ചകൾ ഇപ്പോഴും സജീവമാണ്. എട്ട് മണിക്കൂർ ജോലി എന്നത് ഒമ്പതും പത്തും മണിക്കൂറാക്കി കൂട്ടണമെന്ന ആവശ്യത്തിന് ശക്തി പകർന്നത് ഇൻഫോസിസ് സ്ഥാപകനായ എൻ ആർ നാരായണ മൂർത്തിയായിരുന്നു. പിന്നാലെ അതിനെതിരെ ശക്തമായ വികാരമാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്. ഇതിനിടെയാണ് ഓഫീസിലെ 9 - 5 ജോലി കഴിഞ്ഞത് കൊണ്ട് മാത്രം സ്ത്രീകളുടെ ഒരു ദിവസത്തെ ജോലി സമയം കഴിയുന്നില്ലെന്നും അവൾക്ക് മറ്റൊരു സെക്കൻറ് ഷിഫ്റ്റുണ്ടെന്നും വ്യക്തമാക്കിക്കൊണ്ട് പ്രിയങ്ക സോണി എന്ന ഇന്‍സ്റ്റാഗ്രാം വീഡിയോ വൈറലായത്. ഓഫീസിലെ ജോലി സമയം അവസാനിച്ചാലും പല സ്ത്രീകൾക്കും വിശ്രമമില്ല. യാത്ര, പാചകം, കുട്ടികളുടെ പരിചരണം, കുടുംബ ഉത്തരവാദിത്തങ്ങൾ തുടങ്ങി വൈകുന്നേരം മുതൽ രാത്രിവരെ നീളുന്ന ജോലികൾ പലപ്പോഴും മറ്റൊരു ‘ഷിഫ്റ്റ്’ തന്നെയാകുന്നുവെന്ന് പ്രിയങ്ക വീഡിയോയിൽ വ്യക്തമാക്കുന്നു.

രണ്ടാം ഷിഫ്റ്റിലെ സ്ത്രീ

“9 മുതൽ 6 വരെയുള്ള ജോലിക്ക് ശേഷം 6 മുതൽ 10 വരെയുള്ള ഷിഫ്റ്റ് ആരും കണക്കാക്കിയിട്ടില്ല. ഓഫീസ്, യാത്ര, വീട്ടിലെ ഭക്ഷണം, കുട്ടികളുടെ ഉത്തരവാദിത്തം, കുടുംബം... ഇതിനിടയിൽ സ്വന്തം കരിയറിനും ഭാവിക്കുമായി സമയം കണ്ടെത്തണം. എപ്പോഴാണ് എനിക്ക് വേണ്ടി സമയം കണ്ടെത്തുക?” എന്ന ചോദ്യമാണ് സോണി വീഡിയോയിൽ ഉന്നയിക്കുന്നത്. കിട്ടേണ്ടിയിരുന്ന ‘സ്വന്തം സമയം’ തുടർച്ചയായി മാറ്റിവയ്ക്കപ്പെടുകയാണെന്നും അവർ പരാതിപ്പെടുന്നു. മാതൃത്വത്തിന് ശേഷം തന്‍റെ കരിയർ താൽക്കാലികമായി നിർത്തിവെച്ച് ജോലി ചെയ്യുന്ന സ്ത്രീയിൽ നിന്ന് വീട്ടമ്മയായി മാറിയ അനുഭവവും സോണി പങ്കുവെച്ചു. എന്നാൽ കുടുംബ ഉത്തരവാദിത്തങ്ങൾ ജീവിതത്തിന്‍റെ ഭാഗമാണെങ്കിലും വ്യക്തിപരമായ വളർച്ച പൂർണമായി നിർത്തിവയ്ക്കേണ്ടതില്ലെന്ന തിരിച്ചറിവാണ് പിന്നീട് ഉണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു.

'ഒഴിവ് നേരം സ്വന്തം കാര്യത്തിന്

ഇപ്പോൾ ദിവസത്തിൽ ലഭിക്കുന്ന ചെറിയ ഇടവേളകൾ ഡിജിറ്റൽ കഴിവുകൾ പഠിക്കാനായി ഉപയോഗിക്കുകയാണെന്നും സോണി വ്യക്തമാക്കുന്നു. ദിവസത്തിൽ ചിലപ്പോൾ 20 മിനിറ്റും ചിലപ്പോൾ 30 മിനിറ്റുമാണ് പഠനത്തിനായി മാറ്റിവയ്ക്കുന്നത്. ഭാവിക്കായി സമയം കണ്ടെത്താൻ ജീവിതം മുഴുവൻ മാറ്റിമറിക്കേണ്ടതില്ലെന്നും ചെറിയ സമയങ്ങൾ പോലും പ്രയോജനപ്പെടുത്താമെന്നും അവർ പറയുന്നു.

പിന്തുണച്ച് കാഴ്ചക്കാർ

വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ നിരവധി പേർ പിന്തുണ അറിയിച്ചു. “ജോലി ചെയ്യുന്ന സ്ത്രീകളുടെ ജീവിതവുമായി വളരെ സാമ്യം”, “വീട്ടിലെ രണ്ടാം ഷിഫ്റ്റ് യാഥാർഥ്യമാണ്” തുടങ്ങിയ പ്രതികരണങ്ങളാണ് പലരും കുറിച്ചത്. സ്ത്രീകൾ നിശബ്ദമായി വഹിക്കുന്ന ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കും വീഡിയോ വഴിയൊരുക്കി.

PREV
Read more Articles on
click me!

Recommended Stories

‘ഞാൻ ഒറ്റയ്ക്കാണ് യാത്ര തുടങ്ങിയത്...’; ഇൻഡിഗോ പൈലറ്റിന്‍റെ കാവ്യാത്മക അറിയിപ്പ് വൈറൽ, കൈയടിച്ച് സോഷ്യൽ മീഡിയ
മകളെ ക്ലാസിൽ നിർത്തി, ചോദിക്കാനെത്തിയ അച്ഛൻ അധ്യാപകനെ പൊതിരെ തല്ലി; സിസിടിവി ദൃശ്യങ്ങൾ വൈറൽ, വിവാദം