മഹാരാഷ്ട്രയിലെ ബീഡിൽ വിദ്യാർഥിനിയെ ക്ലാസിൽ നിർത്തിയതിന് പിതാവ് അധ്യാപകനെ മർദ്ദിച്ചതായി പരാതി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ മെഡിക്കൽ പ്രൊഫഷണലുകളുടെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർന്നു.

ക്ലാസിൽ വിദ്യാർഥിനിയെ നിർത്തിയത് ചോദ്യം ചെയ്യാനെത്തിയ അച്ഛൻ, അധ്യാപകനെ മർദ്ദിച്ചെന്ന് പരാതി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ പർളി, വൈദ്യനാഥ് ഫിസിയോതെറാപ്പി ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഓഗസ്റ്റ് 28 -ന് നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

സിസിടിവി ദൃശ്യങ്ങൾ വൈറൽ

ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായ ഡോ. സഹീർ അഹമ്മദ് മുഹമ്മദ് ഇസ്മായിൽ, തന്‍റെ മകളെ ക്ലാസിൽ മനഃപൂർവം നിർത്തിയെന്ന് ആരോപിച്ച് ഒരു രക്ഷിതാവ് അദ്ദേഹത്തെ ചോദ്യം ചെയ്യാൻ ക്ലോളേജിൽ എത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. വാക്കുതർക്കം പെട്ടെന്ന് തന്നെ സംഘർഷത്തിലേക്ക് നീങ്ങിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഡോക്ടറും ഒരു വ്യക്തിയും തമ്മിൽ രൂക്ഷമായ വാക്കുതർക്കം നടക്കുന്നത് കാണാം. തുടർന്ന് മറ്റൊരാൾ സ്ഥലത്തെത്തി ഡോക്ടറെ കൈയേറ്റം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. ഇയാൾ ഡോക്ടറെ അടിക്കുകയും ഇടിക്കുകയും ചെയ്യുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം. ഇതോടെ സമീപത്തുണ്ടായിരുന്നവർ ഇടപെട്ട് സംഘർഷം നിയന്ത്രിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഘർഷം തടയാൻ വിദ്യാർഥിനിയും ശ്രമിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു.

View post on Instagram

മെഡിക്കൽ പ്രഫഷണലുകൾക്കെതിരെ വർദ്ധിക്കുന്ന അക്രമണങ്ങൾ 

സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയർന്നു. എന്നാൽ ബീഡിലെ സംഭവത്തിൽ ഇതുവരെ ആരും പരാതി നൽകുകയോ അറസ്റ്റ് നടക്കുകയോ ഉണ്ടായിട്ടില്ലെന്നും ഇത് സംബന്ധിച്ച ഔദ്ധ്യോഗീക റിപ്പോർട്ടുകളൊന്നും വന്നിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. അടുത്തിടെയായി മഹാരാഷ്ട്രയിൽ ഡോക്ടർമാർക്കും മെഡിക്കൽ ജീവനക്കാർക്കും നേരെ കൈയേറ്റങ്ങൾ വർദ്ധിക്കുകയാണെന്ന പരാതിക്കിടെയാണ് പുതിയ സംഭവം. നേരത്തെ കല്യാണിൽ ഒരു രോഗിയുടെ മകൻ ഓർത്തോപീഡിക് ഡോക്ടറെ ആശുപത്രിയിൽ വച്ച് മർദിച്ചതായി പരാതി ഉയർന്നിരുന്നു. പുതിയ സംഭവത്തോടെ ആശുപത്രികളിലും മെഡിക്കൽ സ്ഥാപനങ്ങളിലും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു.